62 വനിതകളുടെ കൃതികൾ പ്രകാശിപ്പിച്ച് ‘പെണ്ണില്ലം’
Mail This Article
ഷാർജ ∙ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 62 വനിതകൾ എഴുതിയ 62 കൃതികൾ രാജ്യാന്തര പുസ്തകോത്സവത്തിൽ ഒരുമിച്ച് പ്രകാശനം ചെയ്തു. കണ്ണൂർ ഇരിട്ടി കേന്ദ്രീകരിച്ചുള്ള ‘പെണ്ണില്ലം’ എന്ന കൂട്ടായ്മയിൽ നിന്നുള്ള 27 എഴുത്തുകാരാണ് പ്രകാശനത്തിൽ പങ്കെടുക്കാൻ എത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ മുതൽ വിരമിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർ വരെ എഴുത്തുകാരിലുണ്ട്. കഥ, കവിത, ലേഖന സമാഹാരം മുതൽ ജ്യോതിഷവും ആരോഗ്യവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇവരുടെ രചനകളിലുള്ളത്. എഴുത്താണ് ഇവരെ ‘പെണ്ണില്ലം’ എന്ന വാട്സാപ് കൂട്ടായ്മയിൽ എത്തിച്ചത്.
ആദ്യ പുസ്തകം കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കി. എഴുത്തില്ലമെന്ന പേരിൽ നിലവിൽ പബ്ലിഷിങ് കമ്പനി നടത്തുന്നുണ്ട് ‘പെണ്ണില്ലം’. ആർക്കും പുസ്തകങ്ങളുമായി സമീപിക്കാം, സ്ത്രീകൾക്കായിരിക്കും മുൻഗണനയെന്ന് മാത്രം. ‘പെണ്ണിടം’ എന്ന പേരിൽ റേഡിയോ നിലയവും കൂട്ടായ്മയ്ക്കുണ്ടെന്ന് പ്രസിഡന്റ് അനിതാ ദേവി, സെക്രട്ടറി രാജി അരവിന്ദ് എന്നിവർ പറഞ്ഞു.