മികച്ച കണ്ടന്റ് ക്രിയേറ്റർക്ക് 10 ലക്ഷം ഡോളർ സമ്മാനം; അപേക്ഷിക്കാം 30 വരെ
Mail This Article
ദുബായ് ∙ സമൂഹമാധ്യമങ്ങളിൽ മികച്ച ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് ദുബായ് ന്യൂ മീഡിയ അക്കാദമി 10 ലക്ഷം ഡോളറിന്റെ കണ്ടന്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ചു. ജനുവരി 11-13 തീയതികളിൽ ദുബായിൽ നടക്കുന്ന വൺ ബില്യൻ ഫോളോവേഴ്സ് ഉച്ചകോടിയിൽ ജേതാവിനെ പ്രഖ്യാപിച്ച് അവാർഡ് സമ്മാനിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ആണ്. സാമൂഹിക മാറ്റം, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയ്ക്കായി സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അവാർഡ് നൽകുന്നത്.
‘നല്ലതിനായുള്ള ഉള്ളടക്കം’ എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ http://www.1billionsummit.com വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഉള്ളടക്കത്തിന്റെ ആശയം, വിശദാംശം, ചരിത്രം എന്നിവയെല്ലാം അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. വിജ്ഞാനപ്രദമായ, മൂല്യങ്ങളുള്ള ഉള്ളടക്കം നൽകുന്ന കണ്ടന്റ് ക്രിയേറ്റർമാരെ നാമനിർദേശം ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. അർഥവത്തായ മാറ്റത്തിനുള്ള സാധ്യത ശക്തിപ്പെടുത്താനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ദുബായ് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
മാനദണ്ഡങ്ങൾ
∙ സാമൂഹിക, സാംസ്കാരിക, ശാസ്ത്രീയ, മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളണം.
∙ മനസ്സുകളെ പ്രചോദിപ്പിക്കുന്ന, രാഷ്ട്രങ്ങളെ അടുപ്പിക്കുന്ന, ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം വേണം
∙ സുസ്ഥിരതയെ പിന്തുണയ്ക്കണം, സഹാനുഭൂതി നിലനിർത്തണം.
∙ നവീനവും സത്യസന്ധവുമായ ഉള്ളടക്കമായിരിക്കണം.
∙ സമൂഹമാധ്യമങ്ങളുടെ മാനദണ്ഡങ്ങളും നയങ്ങളും പാലിക്കുന്നതാകണം.
∙ ജനങ്ങളുമായി ആശയവിനിമയവും ഇടപഴകലും വളർത്താൻ ഉതകുന്നതായിരിക്കണം.
പരിശോധനാ ഘട്ടങ്ങൾ
ഡിസംബർ ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ പ്രത്യേക പാനൽ പരിശോധിച്ച് 10 പേരെ അന്തിമപട്ടികയിലേക്കു തിരഞ്ഞെടുക്കും. തുടർന്ന് വെബ്സൈറ്റിൽ ലഭ്യമാക്കുന്ന ഇവയ്ക്ക് ഡിസംബർ 16 മുതൽ 31 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി വോട്ട് നൽകാം. ജനുവരി 11, 12 തീയതികളിൽ വീണ്ടും ജഡ്ജിമാർ വിലയിരുത്തിയ ശേഷം ജേതാവിനെ തിരഞ്ഞെടുത്ത് ഉച്ചകോടിയിൽ പ്രഖ്യാപിക്കും.