അബ്ദുൽ റഹീമിന്റെ മോചനം: വിധി അടുത്ത മാസം; മോചന ഹർജി ഡിസംബർ 8ന് പരിഗണിക്കും
Mail This Article
റിയാദ് / ഫറോക്ക് ∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് 2 ആഴ്ചത്തേക്കു മാറ്റി. റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചിന്റേതാണു തീരുമാനം.
കേസ് ഡിസംബർ എട്ടിനു രാവിലെ 9.30ന് പരിഗണിക്കുമെന്നാണു സൂചന. റഹീമിന്റെ മോചന ഉത്തരവ് ഇന്നലെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും റഹീം സഹായ സമിതിയും ലോക മലയാളികളും. ഒക്ടോബർ 21ന് കേസ് പരിഗണിച്ചിരുന്നെങ്കിലും വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചു തന്നെ കേസിൽ വിധി പറയണമെന്നു നിർദേശിച്ച് ഇന്നലത്തേക്കു മാറ്റുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട ദയാധനമായ ഒന്നരക്കോടി റിയാൽ (34 കോടി രൂപ) ഇന്ത്യൻ സമൂഹം സ്വരൂപിച്ച് റിയാദിലെ ഇന്ത്യൻ എംബസി മുഖേന കോടതിക്കു കൈമാറിയതനുസരിച്ച് കുടുംബം മാപ്പു നൽകുകയും വധശിക്ഷയിൽ ഇളവു നൽകി ഉത്തരവിടുകയും ചെയ്തിരുന്നു. മോചന ഉത്തരവ് കൂടി ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ. അതിനിടെ റഹീമിനെ റിയാദ് ജയിലിൽ സന്ദർശിച്ച ഉമ്മ ഫാത്തിമ വീസ കാലാവധി തീർന്നതിനെ തുടർന്ന് ഇന്നലെ രാവിലെ നാട്ടിൽ തിരിച്ചെത്തി.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ റഹീമിനെ ജയിലിന്റെ അകത്തെ കോടതി ഓഫിസിൽ ഓൺലൈനിൽ ഹാജരാക്കിയിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂർ എന്നിവർ കോടതിയിൽ എത്തിയിരുന്നു. സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 18 വർഷം മുൻപു റഹീം ജയിലിലായത്.