കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ കേരള പിറവി ആഘോഷിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ കേരള പിറവി വിപുലമായ രീതിയില്‍ ആഘോഷിച്ചു. ദയ്യായിലുള്ള എംബസി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിപാടി ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക ഉദ്ഘാടനം ചെയ്തു.
മലയാളി പ്രവാസി സമൂഹത്തില്‍ നിന്നുള്ള നിരവധി സംഘടനകള്‍ അതത് ജില്ലകളിലെ പരമ്പരാഗത, സാംസ്‌കാരിക, നാടോടി-നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. ചെണ്ട താളവാദ്യങ്ങളുടെ അകമ്പടിയോടെയാണ് പരിപാടി ആരംഭിച്ചത്.
തുടര്‍ന്ന് കളരിപ്പയറ്റ്, തെയ്യം, തിരുവാതിര, മാര്‍ഗംകളി, ഡഫ്മുട്ട്, കൊല്‍ക്കളി, വള്ളംകളി, ഒപ്പന, ഗസല്‍ എന്നിങ്ങനെയുള്ള പ്രകടനങ്ങളും അരങ്ങേറി.
മാര്‍ത്താണ്ഡ വര്‍മ്മ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാര്‍, ആനി മസ്‌കറീന്‍, അമ്മു സ്വാമിനാഥന്‍, ഹെര്‍മന്‍ ഗുണ്ടുര്‍ട്ട് തുടങ്ങിയ കേരളത്തെ അടിസ്ഥാനമാക്കി ചരിത്ര കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്‌കിറ്റുകളും മോണോലോഗുകളും ഒരുക്കിയിരുന്നു.
വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിജയകരമായ ആഘോഷം നടത്തിയതിന് സ്ഥാനപതി സമൂഹത്തെ അഭിനന്ദിച്ചു. ഈ മാസം ആദ്യ വാരത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക രൂപീകരണദിനങ്ങളും കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ചേര്‍ന്ന് എംബസി സംയുക്തമായി ആഘോഷിച്ചിരുന്നു.