ഇന്ത്യൻ സിലബസ് സ്കൂളുകളിലെ സീറ്റ് ക്ഷാമം: അഡ്മിഷനില്ല, പഠനം മുടങ്ങുന്നു
Mail This Article
അബുദാബി ∙ ഇന്ത്യൻ സിലബസ് സ്കൂളുകളിലെ സീറ്റ് ക്ഷാമം കാരണം സ്കൂൾ പ്രവേശനം നേടാനാകാതെ ഒട്ടേറെ പ്രവാസി കുരുന്നുകൾ പ്രതിസന്ധിയിൽ. അബുദാബിയിൽ മാത്രം 25 കുട്ടികൾക്കാണ് സ്കൂളിൽ സീറ്റ് കിട്ടാതെ പഠനം മുടങ്ങുന്നത്. 2022ൽ കെജി 1 സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ആറുവയസ്സായിട്ടും ഐസ യൊആന യൂസഫിന് സ്കൂൾ പ്രവേശനം നേടാൻ കഴിഞ്ഞിട്ടില്ല.
മകളുടെ സ്കൂൾ വിദ്യാഭ്യാസം നഷ്ടമാകുന്നതിൽ ആശങ്കയിലാണ് ചാവക്കാട് സ്വദേശി യൂസഫും ഭാര്യ അഫ്‌ലയും. ഹോം സ്കൂളിങ് നടത്തുന്നുണ്ടെങ്കിലും സ്കൂളിൽനിന്ന് ലഭിക്കുന്ന അറിവിനൊപ്പം എത്തുന്നില്ലെന്ന് അഫ്‌ല പറയുന്നു. പ്രായത്തിന് അനുസരിച്ച് ഓരോ വർഷവും തൊട്ടടുത്ത ക്ലാസുകളിലേക്ക് പ്രവേശനത്തിന് ശ്രമിച്ചിട്ടും ലഭിച്ചില്ല. മറ്റു സ്കൂളിൽ പഠിച്ച കുട്ടികളോടൊപ്പം ഇതുവരെ സ്കൂളിൽ പോകാത്ത കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുന്നത് തഴയപ്പെടാൻ കാരണമാകുന്നു. അഡ്മിഷൻ കിട്ടാത്ത കാരണത്താൽ ഇവരുടെ കുടുംബ സുഹൃത്ത് അജ്മാനിലേക്ക് താമസം മാറി. ജോലി അബുദാബിയിൽ ആയതിനാൽ ആഴ്ചയിൽ 3 ദിവസം നേരിട്ടെത്തിയും 2 ദിവസം വർക്ക് ഫ്രം ഹോം ചെയ്തുമാണ് മുന്നോട്ടുപോകുന്നത്. ഈ സൗകര്യങ്ങളില്ലാത്തവർ ഹോം സ്കൂളിങ് തുടരുകയാണ്. ഈ പഠനംകൊണ്ട് സ്കൂൾ പ്രവേശ പരീക്ഷ പാസാകുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
അധിക ബാച്ച് , അല്ലെങ്കിൽ പുതിയ സ്കൂൾ വേണമെന്ന് രക്ഷിതാക്കൾ
അതിനാൽ നിലവിലെ സ്കൂളുകളിൽ അധിക ബാച്ച് തുടങ്ങുകയോ പുതിയ സ്കൂളുകൾ ആരംഭിക്കുകയോ ചെയ്ത് പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ അഭ്യർഥന.
സീറ്റ് പ്രതിസന്ധി ഇന്ത്യൻ എംബസിയും കോൺസുലേറ്റും യുഎഇ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്നാണ് ആവശ്യം. കുറഞ്ഞ ഫീസിൽ മക്കളെ പഠിപ്പിക്കാനുള്ള സൗകര്യം യുഎഇയിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് ദുബായിലെ പൊതുസമ്മേളനത്തിൽ വാഗ്ദാനം ചെയ്തിരുന്നതും രക്ഷിതാക്കൾ ഓർമിപ്പിച്ചു.