പാടിയും പറഞ്ഞും സ്നേഹിച്ചും മൂന്നു പതിറ്റാണ്ട്; ദമാമിലെ കുറ്റ്യാടി ഹൗസ് ഓർമയിലേക്ക്
Mail This Article
ദമാം ∙ പാടിയും പറഞ്ഞും ഓർമ്മകൾ പങ്കിട്ടും സ്നേഹിച്ചും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കാർ മൂന്നു പതിറ്റാണ്ടിലേറെ ഒത്തുകൂടിയിരുന്ന ദമാമിലെ കുറ്റ്യാടി ഹൗസ് വിസ്മൃതിയിലേക്ക്. കാലപ്പഴക്കത്തെ തുടർന്ന് ഉടമ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചതോടെയാണ് പ്രവാസ ലോകത്തെ ഏറ്റവും പഴക്കമുള്ള ഒത്തുചേരലുകളുടെ കെട്ടിടങ്ങളിലൊന്ന് ഓർമയാകുന്നത്. കെട്ടിടവും സ്ഥലവും ഉടമ മറ്റൊരാൾക്ക് കഴിഞ്ഞ ദിവസം കൈമാറി. കെട്ടിടത്തിലെ അവസാനത്തെ കുറ്റ്യാടിക്കാരനായ എം.എം.മുബാറക്കും ഇക്കഴിഞ്ഞ 15ന് കെട്ടിടത്തിലെ താമസം മതിയാക്കിയതോടെ ഇത് ഓർമകളിരമ്പുന്ന ഒരിടം മാത്രമായി.
1980 മുതൽ കുറ്റ്യാടിക്കാർക്ക് മുന്നിൽ തുറന്നിട്ട വാതിലാണ് കുറ്റ്യാടി ഹൗസിലേത്. കുറ്റ്യാടിയിലേയും പരിസര പ്രദേശങ്ങളിലേയും പ്രവാസികളിൽ പ്രമുഖരായ എം.എം.അബ്ദുസ്സമദ് (അടുക്കത്ത്), മാഞ്ചാൻ ഹമീദ് (കുറ്റ്യാടി), കൊടുമ മൊയ്‌തു (തളീക്കര), വി.പി.സി. അബ്ദുല്ല ഹാജി (കായക്കൊടി), പരേതനായ വണ്ണാർ കണ്ടി അബൂബക്കർ (കുറ്റ്യാടി), പുഴക്കൽ മൊയ്‌തു ഹാജി (കടിയങ്ങാട്) എന്നിവർ ആരംഭിച്ച റിലീഫ് കമ്മിറ്റിയുടെ ആസ്ഥാനമെന്ന നിലയിലാണ് കുറ്റ്യാടി ഹൗസ് പ്രവർത്തനം തുടങ്ങിയത്. ഇത് പിന്നീട് ദമാമിലെത്തുന്ന കുറ്റ്യാടിയിലെയും പരിസരങ്ങളിലെയും പ്രവാസികളുടെ ആശ്വാസകേന്ദ്രമായി മാറുകയും ചെയ്തു.
ഓരോ ആഴ്ചയും പ്രവാസികൾ ഇവിടെ ഒത്തുകൂടി കലാസാംസ്കാരിക പരിപാടികളും നടത്തി കെട്ടിടത്തെ കുറ്റ്യാടിക്കാരുടെ സംഗമസ്ഥാനമാക്കി. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവരുടെ ഇടത്താവളം കൂടിയായിരുന്നു കുറ്റ്യാടി ഹൗസ്. കുറ്റ്യാടിക്കാരായ ആയിരകണക്കിന് പ്രവാസികൾക്ക് ഗൃഹാതുരത്വം തുളുമ്പുന ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചാണ് കുറ്റ്യാടി ഹൗസ് വിസ്മൃതിയിലേക്ക് നീങ്ങുന്നത്.
കുറ്റ്യാടി ഹൗസ് ദമാമിലെ പ്രവാസികൾക്ക് ഒരിക്കലും മറക്കാനാകാത്ത ആശ്വാസകേന്ദ്രമായിരുന്നുവെന്ന് കുറ്റ്യാടി അടുക്കത്ത് സ്വദേശി എം.എം.അബ്ദുല്ല അലി മനോരമ ഓൺലൈനിനോട് പറഞ്ഞു. പ്രവാസജീവിതം അവസാനിപ്പിച്ചു ഇപ്പോൾ നാട്ടിലും ദമാമിലെ ജോലി അവസാനിപ്പിക്കേണ്ടിവന്നു മറ്റു ഗൾഫ്-വിദേശ രാജ്യങ്ങളിലുമൊക്കെയായി കഴിയുന്ന കുറ്റ്യാടിക്കാരായ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ഗൃഹാതുരത്വം തുളുമ്പുന്ന ഒരുപാട് ഓർമകൾ സമ്മാനിച്ച 'കുറ്റ്യാടി ഹൗസിലെ' ജീവിതകാലം ഓർക്കുന്നവർ തന്നെ ആയിരിക്കും.