കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് യുഎഇ പ്രവാസി സാഹിത്യോത്സവ് 24ന്
Mail This Article
അബുദാബി ∙ കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് യുഎഇ പ്രവാസി സാഹിത്യോത്സവ് (പരദേശിയുടെ നിറക്കൂട്ട്) 24ന് അബുദാബി നാഷനല്‍തിയറ്ററില്‍ നടക്കും. റജിസ്റ്റർ ചെയ്ത 7119 പേരിൽനിന്ന് യൂണിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിലായി വിജയിച്ച ആയിരം പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുക.
മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട്ട് മാഗസിൻ തുടങ്ങി 73 ഇനങ്ങളിൽ 12 വേദികളിലായി രാവിലെ 7ന് മത്സരം ആരംഭിക്കും. വൈകിട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ടോളറൻസ് അവാർഡ് ഷെയ്ഖ് അലി അൽ ഹാഷിമിക്ക് സമ്മാനിക്കും.
ലോക സമാധാനത്തിനും സഹിഷ്ണുതയ്ക്കും നൽകിയ സംഭാവന മാനിച്ചാണ് പുരസ്കാരം. എസ്എസ്എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സഖാഫി പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, സകരിയ ശാമിൽ ഇർഫാനി, മുസ്തഫ കൂടല്ലൂർ, സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ പങ്കെടുത്തു.