'മ്മടെ തൃശൂർ പൂരം' ഡിസംബർ 2ന്
Mail This Article
ദുബായ് ∙ മ്മടെ തൃശൂർ കൂട്ടായ്മയും ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ചേർന്നൊരുക്കുന്ന അഞ്ചാമത്തെ തൃശൂർ പൂരം ഡിസംബർ 2ന്. അഞ്ച് ആന, അഞ്ച് മേളം, അഞ്ച് കാവടി, അഞ്ചാമത്തെ പൂരം എന്ന പ്രമേയത്തിലാണ് പൂരം.
ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കം കുതിരയും ഇത്തവണത്തെ പ്രത്യേകതയാണെന്ന് മ്മടെ തൃശൂർ കൂട്ടായ്മ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ അറിയിച്ചു. രാവിലെ 9 ന് കൊടിയേറ്റവും തുടർന്ന് കേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ്, തുടർന്ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 150 ലേറെ വാദ്യ കലാകാരൻമാർ പാഞ്ചാരി മേളം. തിമില, മദ്ദളം, ഇലത്താളം, ഇടക്ക എന്നീ നാല് താളവാദ്യങ്ങളും കാറ്റാടി വാദ്യമായ കൊമ്പ് എന്നിവയും ചേർന്നൊരുക്കുന്ന പഞ്ചവാദ്യവുമുണ്ടായിരിക്കും.
പിന്നണി ഗായകൻ വിധു പ്രതാപ്, നടി അപർണ ബലമുരളി, ഗായകൻ ശ്രീരാഗ് ഭരതൻ എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, ജെഎം 5 ഡിജെയും യുഎഇ ബാൻഡ് ആയ അഗ്നി എന്നിവയുമുണ്ടായിരിക്കും. പ്രവേശനം ടിക്കറ്റ് ഉണ്ടായിരിക്കും. മ്മടെ തൃശൂർ സെക്രട്ടറി രശ്മി രാജേഷ്, ട്രഷറർ സജിദ് ശ്രീധരൻ, പൂരം ജനറൽ കൺവീനർമാരായ അസ്സി ചന്ദ്രൻ, വൈസ് പ്രസിഡന്റ് ജെ.കെ ഗുരുവായൂർ, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ ആലുങ്കൽ, അനിൽ അരങ്ങത്ത്, ജോയിന്റ് ട്രെഷറർ വിമല്‍ കേശവൻ, ജോയിന്റ് ട്രഷറർ ഷാജു, മാധ്യമ വിഭാഗം തവലൻ സന്ദീപ്, സഹീർ അബ്ദുറഹ്മാൻ, നജീബ് പട്ടാമ്പി, അഭിലാഷ്, സുനിൽ കഞ്ചൻ, അബ്ദുൽ ഹക്കിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.