കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി
Mail This Article
കുവൈത്ത് സിറ്റി ∙ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അല്‍ അബ്ദുല്ലയുടെ രക്ഷാകര്‍തൃത്വത്തില്‍ 47-ാമത് കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് മിഷറഫ് എക്‌സിബിഷന്‍ ഫെയര്‍ ഗ്രൗണ്ടില്‍ തുടക്കമായി.
ഹാള്‍ നമ്പര്‍ 5,6,7 എന്നീവടങ്ങളിലായി നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം വാര്‍ത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാന്‍ അല്‍ മുതൈരി നിര്‍വ്വഹിച്ചു. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളിലൊന്നാണ് ഇതെന്ന് ഉദ്ഘാടനത്തോടെ അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
31 രാജ്യങ്ങളില്‍ നിന്നുള്ള 544 പ്രസിദ്ധീകരണശാലകള്‍ തങ്ങളുടെ പുസ്തകങ്ങൾ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. മൂന്ന് ഹാളുകളിലായി 348 സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹാള്‍ നമ്പര്‍ 5-ല്‍ 153, നമ്പര്‍ 6-ല്‍ 149, നമ്പര്‍ 7-ല്‍ 46-എണ്ണവുമാണ്. രാവിലെ 9 മുതല്‍ ഒരു മണിവരെയും വൈകുനേരം നാല് മുതല്‍ പത്ത് മണി വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. നവംബര്‍ 30 വരെയാണ് മേള നടക്കുക.