കുവൈത്തിൽ വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ്
Mail This Article
കുവൈത്ത്സിറ്റി ∙ രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്ന് മുതലാണ് യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് വീസ പുതുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതു പ്രകാരം വിദേശികള്‍ക്ക് പ്രതി വര്‍ഷം താമസ രേഖ പുതുക്കുന്നതിന് ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 1000 ദിനാറോളം ചെലവ് വേണ്ടി വരുമെന്നത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും. വിദേശികളില്‍ പലരും രാജ്യം വിട്ടു പോകാന്‍ ഇതു ഇടവരുത്തുമെന്നതാണ് ഫീസില്‍ ഇളവ് അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ, 60 വയസ്സ് കഴിഞ്ഞ സര്‍ക്കാര്‍ സര്‍വീസിലെ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറാന്‍ അനുവാദം നല്‍കിയിരുന്നു.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) കണക്ക്പ്രകാരം 60 വയസ് കഴിഞ്ഞവരും ബിരുദമില്ലാത്തവരുമായ 97,622 വിദേശികളാണുള്ളത്. വിദേശികളായ സര്‍വകലാശാല ബിരുദധാരികളുടെ എണ്ണം 1,43,488,ബിരുദാനന്തര ബിരുദധാരികള്‍ (മാസ്റ്റേഴ്സ്, പിഎച്ച്ഡി) 6,561 ആണ്.