തീരദേശത്ത് നിന്ന് പിന്നണി ഗാനരംഗത്തേക്ക്; കൂടുതല്‍ അവസരങ്ങള്‍ കാത്ത് പ്രവാസി ഗായകന്
Mail This Article
ദുബായ് ∙ മലപ്പുറം താനൂരില്‍ എന്നും കണ്ടുണർന്ന കടലിന് അക്കരയിലേക്ക് പറക്കുമ്പോള്‍ വീട്ടിലെ പ്രാരാബ്ധവും ഗായകനാകണമെന്ന മോഹവും മാത്രമായിരുന്നു ഷാഹുലിന് കൈമുതല്‍. യുഎഇയിലെ അജ്മാനിലെ ഫർണിച്ചർ സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും പാട്ടിനെ കൈവിട്ടില്ല ഷാഹുല്‍ ഹമീദ്. ഇന്ന് യുഎഇയില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം ഷാഹുല്‍ ഹമീദിന്‍റെ ഗാനമുണ്ടാകും.
∙ പ്രാരാബ്ധം പ്രവാസിയാക്കി
ഏതൊരു സാധാരണ പ്രവാസിയേയും പോലെ കടങ്ങളില്ലാത്ത ജീവിതവും ഒപ്പം വീടെന്ന സ്വപ്നവുമായാണ് യുഎഇയിലെത്തിയത്. ജീവിതത്തിന്‍റെ താളം തെറ്റാതിരിക്കാന്‍ സംഗീതത്തിന്‍റെ താളം അല്‍പ്പമൊന്നുമാറ്റിപ്പിടിച്ചു ഷാഹുലെങ്കിലും സംഗീതത്തെ വിടാന്‍ മനസ്സ് അനുവദിച്ചില്ല. ഇപ്പോഴും കൂട്ടായ്മകളുടെ പരിപാടികളിലെല്ലാം പ്രധാന ഗായകനായി ഷാഹുല്‍ ഹമീദുണ്ട്.
∙ തീരദേശമേഖലയില്‍ നിന്നൊരുപാട്ടുകാരന്‍
മലപ്പുറം താനൂരിലെ കടലോരത്താണ് ജനിച്ച് വളർന്നത്. 2002 മുതല്‍ സംഗീതമേഖലയിലുണ്ട്. കുഞ്ഞുനാള്‍ മുതലേ പാടുമായിരുന്നുവെങ്കിലും അത്തരത്തിലൊരു ജീവിത സാഹചര്യമില്ലാത്തതിനാല്‍ പാതിവഴിയില്‍ നിന്ന് പാട്ട് ജീവിതം മുന്നോട്ടുനീങ്ങിയില്ല. മദ്രസകളിലെ പരിപാടികളായിരുന്നു ആദ്യ വേദികള്‍. ബാല്യത്തിൽ പറഞ്ഞു തരാനോ സംഗീത പഠനവഴിയിലേക്കെത്താനോ മാർഗമുണ്ടായിരുന്നില്ല.
പാടുമെന്നത് സ്വയം തിരിച്ചറിയാനും കഴിയാതെ പോയി. സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത് യൂസഫ് താനൂരെന്ന ഗായകനില്‍ നിന്നാണ്. സംഗീത അധ്യാപകനായിരുന്ന മോഹനന്‍ മാഷാണ് പാട്ടിന്‍റെ പഠന വഴിയിലേക്ക് പിന്നീടെത്തിക്കുന്നത്. അന്ന് പ്രായത്തിന്‍റെ പക്വതക്കുറവില്‍ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ല. 2004 ല്‍ തിരൂരില്‍ ഗായകനായ ഫിറോസ് ബാബുവിന്‍റെ ട്യൂണ്‍സ് എന്ന സ്ഥാപനത്തില്‍ ചേർന്നിരുന്നുവെങ്കിലും തുടരാനായില്ല. പിന്നീട് 2010 ലാണ് വീണ്ടും സംഗീത പഠനത്തിലേക്കെത്തുന്നത്. സംഗീതപഠനമെന്നത് വിട്ടുവീഴ്ചയില്ലാതെ ചെയ്യേണ്ടകാര്യമാണെന്ന് ആദ്യം പറഞ്ഞുതന്നത് മോഹനന്‍ മാഷാണ്. പിന്നീട് ക്ലാസുകള്‍ മുടക്കിയിട്ടില്ല.
സ്കൂള്‍ പഠനം കഴിഞ്ഞ് വിവിധ ജോലികള്‍ ചെയ്തു. കോഴിക്കോട് ജോലി ചെയ്യുന്ന സമയത്ത് സഹപ്രവർത്തകരില്‍ ഒരാള്‍ താന്‍ പാടുന്നത് കേട്ട് ഈ മേഖലയില്‍ ഒന്നു ശ്രമിച്ചുകൂടെയെന്ന് ചോദിച്ചത് വഴിത്തിരവായി. പിന്നീട് നാട്ടില്‍ നടക്കുന്ന ക്ലബ് പരിപാടികളില്‍ സജീവമായി. ക്ലബുകളില്‍ നിന്ന് പിന്തുണകിട്ടിയതോടെ കൂടുതല്‍ വേദികളില്‍ പാടാന്‍ അവസരം വന്നു. അങ്ങനെയൊരിക്കല്‍ ബന്ധുവിന്‍റെ വീട്ടിലെ പരിപാടിയ്ക്ക് ക്ലബിന്‍റെ അംഗമായി പാടിയപ്പോഴാണ് വീട്ടുകാർപോലും താന്‍ പാടുമെന്ന് തിരിച്ചറിയുന്നത്. പിന്നീട് പ്രാദേശിക വേദികളില്‍ സജീവ സാന്നിധ്യമായി.
∙ സിനിമാ പിന്നണിഗാനരംഗത്തേക്ക്
പരപ്പനങ്ങാടിയിലെ കെ ജെ കോയ എന്ന സംഗീത സംവിധായകനാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിക്കുന്നത്. അദ്ദേഹം സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ അവിടത്തെ സ്ഥിരം ഗായകനായി. നിരവധി സംഗീത ആല്‍ബങ്ങളുടെ ഭാഗമായി. ഒടിടി റിലീസ് ചെയ്ത അലി അക്ബർ എന്ന സിനിമയിലും പാടിയിട്ടുണ്ട്. ആ സിനിമയില്‍ ഒഎം കരുവാരക്കുണ്ടിന്‍റെ വരികള്‍ക്ക് കെ ജെ കോയയാണ് ഈണം പകർന്നത്.
പുതുമുഖങ്ങള്‍ അഭിനയിച്ച, സന്തോഷ് നമ്പിരാജ് സംവിധാനം ചെയ്ത തമിഴ് സിനിമയായ ഉഴൈപാലർ ദിനത്തില്‍ പാടി. സിങ്കെ സുന്ദറിന്‍റെ വരികള്‍ക്ക് മഷൂദ് ഹംസയാണ് സംഗീതം നല്‍കിയത്. 2024 സെപ്റ്റംബറിലാണ് സിനിമ തിയറ്ററിലെത്തിയത്. സിനിമയോ പാട്ടോ ജനങ്ങളിലേക്ക് വേണ്ടത്ര എത്തിയില്ല എന്നുളളതുകൊണ്ടുതന്നെ പാട്ടുകാരനും ശ്രദ്ധിക്കപ്പെട്ടില്ല. യുഎഇയിലെ പ്രാദേശിക ചാനലില്‍ ഈയിടെ പാടാന്‍ അവസരം വന്നിരുന്നു. കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഷാഹുല്‍ ഹമീദ്.