ADVERTISEMENT

കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ്, യുദ്ധം പോലുള്ള ഭീഷണികൾ വീണ്ടും പ്രതീക്ഷ തകർക്കുന്നത്. റഷ്യ-യുക്രെയ്ൻ  സംഘർഷം അവസാനിക്കുന്നതിന് മുൻപേ തന്നെ ഇസ്രയേൽ-പലസ്തീൻ പോരാട്ടവും കൊടുമ്പിരികൊള്ളുകയാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, അത് ആ രാജ്യത്തെ ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി കാണാനാകില്ല.

പല വിധത്തിൽ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടും ആശ്രയിച്ചും വിവിധ രാഷ്ട്രങ്ങൾ കഴിയുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷം പ്രവാസി സമൂഹവും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വേൾഡ് മലയാളി ഫെഡറേഷന്റെ  ഇസ്രയേൽ യൂണിറ്റ് അംഗമായ സജി വർഗീസ്, ടെൽ അവീവിൽ നിന്ന് ഇസ്രയേലിലെ മലയാളികളുടെ അവസ്ഥ വിവരിക്കുന്നു...

ഹമാസ് നടത്തിയ ആക്രമണത്തിലെ ദൃശ്യം (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്  എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവച്ച ചിത്രം
ഹമാസ് നടത്തിയ ആക്രമണത്തിലെ ദൃശ്യം (ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവച്ച ചിത്രം

യുദ്ധഭീഷണിയും ബോംബുകൾക്കുളള മുന്നറിയിപ്പും ഇസ്രയേലിന് പുതുമയല്ലെങ്കിലും ഇത്രയും വലിയൊരു പ്രതിസന്ധി ഇതാദ്യമാണ്. കഴിഞ്ഞ 12 വർഷമായി ഇവിടെ കഴിയുന്ന എന്നെപ്പോലുള്ളവർക്ക്  മാത്രമല്ല, ഇസ്രയേലി പൗരൻമാർക്കും ഇത് ഉൾക്കൊള്ളാൻ ആയിട്ടില്ല. പൊതുവേ ധൈര്യശാലികളായ ഇവിടത്തെ ജനങ്ങളുടെ മുഖത്തും ആശങ്ക താളം കെട്ടിക്കിടക്കുന്നതുകാണുമ്പോൾ, ഭയംകൊണ്ട് നമ്മുടെയും നെഞ്ചിടിപ്പ് കൂടും. ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ പുറത്തുവരുന്ന കണക്കുകൾ കൃത്യമല്ല. 

മരണപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും യഥാർത്ഥ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെ കൂടുതലാണ്. വരും ദിവസങ്ങളിൽ അത് ഇനിയും കൂടിയേക്കാം. ഇസ്രയേലിൽ പലയിടത്തും ഒളിഞ്ഞിരിപ്പുണ്ടെന്ന് പറയപ്പെടുന്ന അക്രമികളുടെ എണ്ണത്തിലും വ്യക്തതയില്ല. എത്രപേർ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് സംവിധാനങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിർത്തിയിലെ യുദ്ധത്തേക്കാൾ ഭീകരമാണ് ഇത്. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അക്രമകാരികളുടെ നീക്കമെന്താകുമെന്നത് പ്രവചിക്കാൻ കഴിയില്ല.അടുത്ത നിമിഷം എവിടെയും എന്തും സംഭവിക്കാം. എല്ലാവരും പുറത്തിറങ്ങാൻ മടിക്കുന്നതും ഈ അരക്ഷിതാവസ്ഥകൊണ്ടാണ്.

വേൾഡ് മലയാളി ഫെഡറേഷൻ ലോഗോ
വേൾഡ് മലയാളി ഫെഡറേഷൻ ലോഗോ

തലങ്ങും വിലങ്ങും വെടിയ്ക്കുന്നതും സ്ത്രീകളെയും കുട്ടികളെയും പോലും കൊല്ലുന്നതിന്റെയും ദൃശ്യങ്ങൾ ഭയമായി പടരുകയാണ്. കാർഷിക മേഖലയിൽ ഗവേഷണത്തിനെത്തിയ 15 നേപ്പാളി വിദ്യാർഥികളിൽ 10 പേരാണ് കൊല്ലപ്പെട്ടത്. മ്യൂസിക് പാർട്ടിയിൽ പങ്കെടുത്ത  250 പേരുടെ മൃതദേഹങ്ങളും കണ്ടുകിട്ടി.  ഞങ്ങൾ താമസിക്കുന്നത് ടെൽ അവീവിലാണ്. ഇവിടെ നിന്നും യുദ്ധമുഖത്തേക്ക് 80 കിലോമീറ്റർ ദുരമുണ്ട്. 

ഹമാസിന്റെ അക്രമങ്ങൾക്ക് ടെൽ അവീവ് അങ്ങനെ ഒരിക്കലും വേദിയായിട്ടില്ലെന്നതിനാൽ ഇവിടെ പൊതുവേ സുരക്ഷിതമെന്നായിരുന്നു കരുതിയത്. ആ ധാരണ തെറ്റിക്കുന്നതാണ്  ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. ലെബനിനിൽ നിന്നും  ഗാസയിൽ നിന്നും  ആക്രമണമുണ്ടാകുമെന്നാണ്  സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.എന്നാൽ, രാജ്യത്ത് കടന്നുകയറി അക്രമകാരികൾ എവിടെയൊക്കെയാണ് ഒളിച്ചിരുന്ന് അക്രമത്തിന് തയാറെടുക്കുന്നത് എന്നും ആർക്കുമറിയില്ല. അതിന്റെ ഭയമാണ് ടെൽഅവീവിലും സമീപപ്രദേശത്തും. 

സിറോത് ഏരിയയിൽ ഉള്ള റൈയിം, സാദ്, ബെറി, ഓപ്പൺ അഷ്‌കളോൻ പ്രദേശങ്ങളാണ് യുദ്ധം നടക്കുന്ന മേഖല. ഇവിടെ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. ഇവർക്ക് പുറത്തിറങ്ങാനാകുന്നില്ല. അവിടെ നിന്നും ആളുകളെ മറ്റു  പ്രദേശത്തേക്ക്  മാറ്റിയിട്ടുണ്ടെങ്കിലും  ഇപ്പോഴും ചിലർ അവിടെ തന്നെയുണ്ട്.പുറത്തിറങ്ങരുതെന്ന്  സൈന്യം തന്നെ മുന്നറിയിപ്പ്  നൽകിയിരിക്കുന്ന സ്ഥലത്ത് കഴിയുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും?

കരസേനയുടെ യുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങും എന്നും, തങ്ങളോട് ചെയ്തതിനു മാപ്പില്ല എന്നും സൈനിക മേധാവി അറിയിപ്പ് ഇറക്കിയിട്ടുണ്ട്. യുദ്ധം എത്രനാൾ നീളുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ ആർക്കും പ്രവചിക്കാനാകുന്നില്ല. കിംവദന്തികളും ഊഹാപോഹങ്ങളും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഏറ്റവും  കൂടുതൽ ആൾക്കാരെ ഭയത്തിൽ ആക്കുന്നത് നാട്ടിലെ മാധ്യമങ്ങൾ പടച്ചുവിടുന്ന നെറികെട്ട വാർത്തകളും, ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുമാണ്.

ഇവിടെ നടക്കുന്നത് എന്താണെന്ന് ഇവിടെയുള്ള ആൾക്കാരോട് ചോദിച്ചു മനസിലാക്കിയ ശേഷം പ്രതികരണം നടത്തണമെന്നാണ് അത്തരക്കാരോടുള്ള അഭ്യർത്ഥന. ‌ഇവിടെ യുദ്ധമുഖത്ത് ഉള്ള മലയാളികൾ ഭയചകിതരാണ്.എന്നാൽ,ബാക്കിയുള്ളവർ സുരക്ഷിതരാണ്. പലതരത്തിലുള്ള  സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പരക്കുന്നുണ്ട്. ഒന്നും അറിയാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് വിഷമകരമാണ്. ലക്ഷങ്ങൾ കടം വാങ്ങി ഇവിടെ പുതുതായി എത്തിയ ആൾക്കാരുടെ സ്വപ്‌നങ്ങൾ ഒരുനിമിഷം ഓർക്കണം. 

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ എംബസിയുടെ ഹെല്പ്ലൈൻ നമ്പറുകൾ:097235226748. 0972543278392.    cons1.telaviv@mea.gov.in. എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഓപ്പറേഷൻ  അജയ്  ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ ചാർട്ടേർഡ്  വിമാനത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗജന്യമായി നാട്ടിലേക്ക് എത്തിച്ചേരാം.

ഇസ്രായേലിലെ മലയാളികളുടെ പ്രശ്നങ്ങൾ ഡബ്ലിയു.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. രത്നകുമാർ ജനാർദ്ദനൻ (ഒമാൻ), ഗ്ലോബൽ ചെയർമാൻ ഡോ.പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) എന്നിവർ നോർക്കയെ അറിയിക്കുകയും അവരുടെ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com