ADVERTISEMENT

ഹൂസ്റ്റൺ ∙ അമേരിക്ക പിന്മാറിയതിനെ തുടര്‍ന്ന് താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ നിന്നും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അമേരിക്കന്‍ തണലിലാണ് ഗനി കാബൂള്‍ ഉപേക്ഷിച്ചതെന്നു സൂചനയുണ്ട്. രാജിവയ്ക്കാനുള്ള ആഹ്വാനങ്ങളെ എതിര്‍ത്ത ഗനി അഫ്ഗാനിസ്ഥാന്‍ വിടുകയായിരുന്നുവെന്ന് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല ഫെയ്സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റും ഹസ്ബ്ഇ ഇസ്‌ലാമി പാര്‍ട്ടി നേതാവുമായ ഹമീദ് കര്‍സായി  സമാധാനപരമായ അധികാര കൈമാറ്റം നടത്തുന്നതിന് ഭരണകൂടത്തോടും താലിബാന്‍ ശക്തികളോടും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

താലിബാന്‍ അംഗങ്ങള്‍ തലസ്ഥാനത്തിന്റെ കവാടത്തില്‍ പ്രവേശിച്ചതോടെ, ക്രൂരമായ സൈനിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആയിരക്കണക്കിന് അഫ്ഗാനികള്‍ പുറത്തിറങ്ങി. ഇവരെ പ്രാദേശിക പൊലീസ് ചെക്ക്‌പോസ്റ്റുകളില്‍ തടഞ്ഞതുമില്ല. സുരക്ഷാ സേന ഉപേക്ഷിച്ച പ്രദേശങ്ങളില്‍ സുരക്ഷ നിലനിര്‍ത്തുന്നതിനായി തങ്ങളുടെ സേനയെ നിയോഗിക്കുകയാണെന്നു താലിബാന്‍ വക്താവ് ട്വിറ്ററിൽ വ്യക്തമാക്കി. സാധാരണക്കാരെ ഉപദ്രവിക്കരുതെന്നും വീടുകളില്‍ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. 

mulla-abdhul-ghani-ashraf-ghani

അമേരിക്കന്‍ സൈന്യം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയും സിവിലിയന്‍ സ്റ്റാഫുകളെയും ഒഴിപ്പിക്കുന്നത് വർധിപ്പിച്ചു. കാബൂളിലെ എംബസിയില്‍ തുടരാന്‍ പദ്ധതിയിട്ടിരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞരുടെ ഒരു പ്രധാന സംഘത്തെ രാജ്യാന്തര വിമാനത്താവളത്തിലെ ഒരു നയതന്ത്ര സ്ഥാപനത്തിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ സിവിലിയന്‍ ഭാഗത്ത്, ചെക്ക്ഇന്‍ ഗേറ്റിന് പുറത്ത് ജനങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും രാജ്യത്തിന് പുറത്ത് നിന്നും വിമാനങ്ങള്‍ എത്തുമോ എന്ന് ഉറപ്പില്ല.

ദിവസങ്ങള്‍ക്ക് ശേഷം ഒന്നിനുപുറകെ ഒന്നായി നഗരകേന്ദ്രം വിമതര്‍ക്കു കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകിട്ട്, വടക്കുഭാഗത്തുള്ള മസാര്‍ഇഷെരീഫ് വിമതര്‍ പിടിച്ചെടുത്തു. അധികം താമസിയാതെ, സുരക്ഷാ സേനയും മിലിഷിയകളും വിമതര്‍ക്ക് നിയന്ത്രണം കൈമാറി. ഞായറാഴ്ച രാവിലെ താലിബാന്‍ കിഴക്കന്‍ നഗരമായ ജലാലാബാദ് പിടിച്ചെടുത്തു. ജലാലാബാദിന്റെ തലസ്ഥാനവും പരിസര പ്രദേശങ്ങളും കൈക്കലാക്കിയപ്പോള്‍, അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യാപാര, ഗതാഗത മാര്‍ഗമായ ടോര്‍ഖാം അതിര്‍ത്തി കടന്നുള്ള നിയന്ത്രണം വിമതര്‍ നേടി.

മേയ് മാസത്തില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍ ആരംഭിച്ച താലിബാന്‍ ആക്രമണത്തിന് കഴിഞ്ഞ ഒരാഴ്ചയായി വേഗത കൂട്ടുകയായിരുന്നു. നഗരത്തിലെ അഫ്ഗാന്‍ പതാകകള്‍ താലിബാന്‍ അഴിച്ചുമാറ്റി അവരുടെ ബാനറുകള്‍ ഉയര്‍ത്തി. അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയുമായി രണ്ടു പതിറ്റാണ്ടു നീണ്ട യുദ്ധം ഉണ്ടായിട്ടും, താലിബാന്‍ അതിജീവിക്കുകയായിരുന്നു.

2001 ല്‍ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് മുമ്പ് താലിബാന്‍ ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യത്തെ മോചിപ്പിക്കാനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്ക 83 ബില്യൻ ഡോളറിലധികം ചെലവഴിച്ചു. കലാപകാരികളെ എതിര്‍ക്കാനായി, സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. എന്നാല്‍ യുഎസ് പിന്മാറ്റം താലിബാന്‍ മുതലാക്കി. കാബൂള്‍ പിടിക്കുമെന്നായിട്ടും സ്ഥാനമൊഴിയാനുള്ള സമ്മര്‍ദ്ദത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഗനി എതിര്‍ത്തിരുന്നു. ഞായറാഴ്ച, അഫ്ഗാനിസ്ഥാനിലെ പ്രധാന സ്വതന്ത്ര ചാനലുകളിലൊന്നായ ടോളോ ടിവി, അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഗനി രക്ഷപ്പെട്ടത് യുഎസ് പിന്തുണയോടെയാണെന്നു സൂചനയുണ്ട്. ‌ 

അമേരിക്കന്‍ പൗരന്മാരെ രാജ്യത്ത് നിന്നും പുറത്ത് എത്തിക്കാന്‍ സഹായിക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് 1,000 സൈനികരെ അയക്കുമെന്നു യുഎസ് പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാനിൽ നിന്നും സേനയെ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: President Ghani Flees Afghanistan, Taliban Takes Kabul

അഫ്ഗാനിലെ ഗസ്നിയിൽ ആയുധധാരിയായ താലിബാൻ സൈനികൻ
അഫ്ഗാനിലെ ഗസ്നിയിൽ ആയുധധാരിയായ താലിബാൻ സൈനികൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com