ADVERTISEMENT

ഫിലഡൽഫിയ∙ ഓർമ ഇന്റർനാഷണൽ, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ചു നടത്തിയ ‘രാജ്യാന്തര പ്രസംഗമത്സരത്തിൽ’ എൽസാ നിയാ ജോൺ ഒന്നാം സമ്മാനവും സാന്യോ ഡെനി രണ്ടാം സമ്മാനവും അൽഫിദ പി.എസ്, അഞ്ജലീനാ സെറിൻ എന്നിവർ മൂന്നാം സമ്മാനവും നേടി. നാലുജേതാക്കളും ക്യാഷ് പ്രൈസുകളും സ്വന്തമാക്കി. കേരളാ ജലവിഭവ മന്ത്രിയും ഓർമ ഇന്റർനാഷണൽ രക്ഷാധികാരിയുമായ റോഷി അഗസ്റ്റിൻ ജേതാക്കൾക്ക് പ്രശംസാ ഫലകങ്ങളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. ഒന്നാം സ്ഥാനം നേടിയ എൽസാ നിയാ ജോണിന് ബത്തേരിയിൽ വച്ചു കേരളാ സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ കെ. ജെ. ദേവസ്യയാണു ഫലകവും ക്യാഷ് പ്രൈസും സമ്മാനിച്ചത്.

 

ഡോ. ആൻസി ജോസഫ്, ഡോ. പി. ഡി. സുഭാഷ്, ജോസ് തോമസ് എന്നിവരുൾപ്പെട്ട ജഡ്ജിങ്ങ് പാനൽ, ഓർമാ രാജ്യാന്തര പ്രസംഗമത്സര ജേതാക്കളുടെ പ്രസംഗ ചാതുര്യം, മികച്ചതും ഭാവി വാഗ്ദാനങ്ങൾ എന്ന നിലയിൽ വലിയ പ്രതീക്ഷകൾ സമൂഹത്തിനു നൽകുന്നതുമാണെന്ന് വിലയിരുത്തി. ‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, വീഡിയോ റിക്കോഡ് ചെയ്ത് ലഭിച്ച പ്രസംഗങ്ങളിൽ നിന്നു കടുത്ത മൂല്യ നിർണയ ഘടകങ്ങളുടെ കടമ്പകൾ കടന്ന 12 പേരിൽ നിന്നാണ് ജേതാക്കളെ ജഡ്ജിങ്ങ് പാനൽ തിരഞ്ഞെടുത്തത്. അനുഷ്കാ സാറാ ഏബ്രാഹം, ആര്യാ വിജയൻ,  മരിയാ കെ ജെ, മെൽവിൻ എം മാത്യൂസ്, നവമി എസ് നായർ, റോണാ തെരേസ് ബെന്നി, രൂപിക ജെ എസ്, തെരേസ് സജി എന്നിവർ പ്രശംസാ പത്രങ്ങൾ നേടി.

 

ഒന്നാം സമ്മാനാർഹയായ എൽസാ നിയാ ജോൺ, കോഴിക്കോട്, കുളത്തുവയൽ സെൻ്റ് ജോർജ് എച്ച് എസ് എസ്സിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ്. ചക്കിട്ടപ്പാറ ചെരിയമ്പുറത്ത് ബിജു ജോസഫിന്റെ മകളാണ്. നിരവധി പ്രസംഗ മത്സരങ്ങളിൽ സമ്മാന ജേതാവാണ്. രണ്ടാം സമ്മാനം നേടിയ, സാന്യൊ ഡെനി, പൂഞ്ഞാറിൽ ഒൻപതാം ക്ളാസ്സ് വിദ്യാർഥിയാണ്. ബിസിനസ്സുകാരനായ ഡെനി ജോസ്, അധ്യാപികയായ സിനിമോൾ സെബാസ്റ്റ്യൻ എന്നിവരാണു മാതാപിതാക്കൾ.ചിത്രരചനയിലും കാർട്ടൂൺ വരയിലും മികവുണ്ട്.

 

മൂന്നാം സമ്മാനാർഹയായ അൽഫിദാ പി.എസ്, തലയോലപ്പറമ്പ് , എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ്. യുഎസ്എസ് സ്കോളർഷിപ്, സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിലും, മലയാളം പദ്യം ചൊല്ലലിലും, ഹിന്ദി കവിതാരചനയിലും,മാപ്പിളപ്പാട്ടിലും, മുദ്രാ പബ്ലിക്കേഷന്റെ പ്രസംഗ മത്സരത്തിലും സമ്മാന ജേതാവാണ്. ഷിമോൺ പി.എം (ചിത്രഗ്രാഹകൻ), പരീതമ്മ എസ് എം (സ്കൂൾ അധ്യാപിക) എന്നിവർ മാതാപിതാക്കൾ. 

മൂന്നാം സമ്മാനം നേടിയ, അഞ്ജലീനാ സെറിൻ, തൃശ്ശുർ ജില്ലയിലെ, തലക്കോട്ടുകര അസ്സീസ്സി ഇഎംഎച്ച്എസ്എസ് ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്, കുഞ്ഞുണ്ണി മാഷ് സ്മൃതി പുരസ്കാരം ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഷോബി വാഴപ്പിള്ളിയും ജീജാ ഷോബിയും മാതാപിതാക്കൾ.

 

 

മൂല്യനിർണ്ണായകരായിരുന്ന, ഡോ. ആൻസി ജോസഫ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് മുൻ പ്രിൻസിപൽ ഇൻ ചാർജും ഇംഗ്ളീഷ്  ഡിപ്പാട്മെന്റ് മുൻ മേധാവിയുമാണ്, മലയാള മനോരമയുടെയും എയർ ഇന്ത്യയുടെയും ടീച്ചർ എക്സലന്റ് അവാർഡ് ജേതാവും, വിവിധ വിദ്യാഭ്യാസ നേതൃ പരിശീലന സ്ഥാപനങ്ങളുടെ മേധാവിയുമാണ്.  ഇന്ത്യൻ പ്ളാനിങ്ങ് ആന്റ് മോണീട്ടറിങ്ങ് ഡിവിഷണിൽ അസ്സിസ്റ്റന്റ്  പ്രഫസറായ ഡോ. പി ഡി സുഭാഷ്, ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയ്നിങ്ങ് (ഡയ്റ്റിൽ) വിദ്യാഭ്യാസ വിചക്ഷണായി പ്രശസ്തനാണ്. ജോസ് തോമസ്, പെൻസിൽ വേനിയയിൽ (അമേരിക്ക), സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ശാസ്ത്രാധ്യാപകനാണ്; വിദ്യാഭ്യാസ ശാസ്ത്രത്തിലും പബ്ളിഷിങ്ങ് രംഗത്തും നേതൃ പരിശീലന മേഖലയിലും പ്രവർത്തിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com