നാഷ്‌വിൽ സ്‌കൂളിലെ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തു വിട്ടു പൊലീസ്
Mail This Article
നാഷ്‌വിൽ∙ നാഷ്‌വിലിലെ ഒരു സ്വകാര്യ സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട ആറു പേരുടെ വിവരങ്ങൾ നാഷ്‌വിൽ പൊലീസ് പുറത്തുവിട്ടു. സിന്തിയ പീക്ക് (61) കാതറിന്‍ കൂന്‍സ് (60), മൈക്ക് ഹില്‍ (61) എവ്ലിന്‍ ഡിക്ഹോസ്, ഹാലി സ്‌ക്രഗ്സ്, വില്യം കിന്നി ( മൂവരും 9) എന്നിവര്‍ ആണു കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ഓഡ്രി ഹെയ്‌ലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വധിച്ചു.
രാവിലെ നടന്ന സംഭവത്തെക്കുറിച്ച് 10:15 ഓടെയാണു പൊലീസിനു വിവരം ലഭിക്കുന്നത്. ഉടനടി സ്ഥലത്തെത്തിയ പൊലീസ് ഏകദേശം 15 മിനിറ്റിനു ശേഷം പ്രതിയെ കൊലപ്പെടുത്തി. വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
വെടിവച്ച ഓഡ്രി ഹെയ്‌ൽ ട്രാന്‍സ്ജെന്‍ഡറാണെന്നും സ്‌കൂളിലെ മുന്‍ വിദ്യാർഥിയാണെന്നും പൊലീസ് വക്താവ് ഡോണ്‍ ആരോണ്‍ അറിയിച്ചു. എന്നാല്‍ സ്‌കൂളുമായി നിലവില്‍ ഹെയ്‍ലിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ വെടിവയ്പ് നടക്കുന്ന സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്ന ആരെങ്കിലുമായി ബന്ധമുണ്ടായിരുന്നോ എന്നും വ്യക്തമല്ല. കൂട്ടക്കൊല നടത്തുന്നതിന് മുൻപു പ്രതി സ്‌കൂളിന്റെ വിശദമായ ഭൂപടം തയാറാക്കുകയും കെട്ടിടം നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിനായി ഹെയ്ല്‍ മുന്‍വാതിലിലൂടെ വെടിയുതിര്‍ത്തു. ഹെയ്‌ലിന്റെ പക്കല്‍ രണ്ട് ആക്രമണ രീതിയിലുള്ള ആയുധങ്ങളും ഒരു പിസ്റ്റളും ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അവയില്‍ രണ്ടെണ്ണമെങ്കിലും നാഷ്‌വില്ലെ പ്രദേശത്ത് നിന്നു നിയമപരമായി ലഭിച്ചതാണെന്നു പൊലീസ് പറഞ്ഞു. ഹെയ്‍ലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷകര്‍ തോക്കും രണ്ടാമത്തെ വെടിയുണ്ടയും മറ്റു വ്യക്തമാക്കാത്ത തെളിവുകളും കണ്ടെത്തി.
സംഭവം അറിഞ്ഞ് അഞ്ച് നാഷ്‌വിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്‌കൂളില്‍ പ്രവേശിച്ചതായി പൊലീസ് വക്താവ് ആരോണ്‍ പറഞ്ഞു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഒന്നാം നില ഒഴിപ്പിക്കുന്നതിനിടെ രണ്ടാം നിലയില്‍ വെടിയൊച്ച കേട്ടു. മറുപടിയായി രണ്ട് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ഏകദേശം 10:27 ന് ഹെയ്‍ലിനെ വധിക്കുകയും ചെയ്തു.
വെടിവയ്പിനെ തുടർന്നു പ്രസിഡന്റ് ബൈഡൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയായിരുന്നു സ്കൂൾ വെടിവയ്പ് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് കോൺഗ്രസിനോട് ബൈഡൻ ഉൾപ്പെടെയുള്ളവർ വീണ്ടും ആഹ്വാനം ചെയ്തു.
ദേശീയ തോക്ക് വയലൻസ് ആർക്കൈവിന്റെ കണക്കനുസരിച്ച്, ഈ വർഷം ഇതുവരെ യുഎസിൽ 130 കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ട്.
English Summary : Nashville police release details of deadly school shooting victims