കാലിഫോർണിയയിൽ നാല് വിദ്യാർഥിനികൾ കാറിടിച്ച് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
Mail This Article
മാലിബു(കാലിഫോർണിയ)∙ കാലിഫോർണിയയിൽ പെപ്പർഡൈൻ സർവകലാശാലയിലെ നാല് വിദ്യാർഥിനികൾ കാറിടിച്ച് മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ചൊവ്വാഴ്ച മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയിൽ രാത്രി 8.30യോടെയായിരുന്നു അപകടം . വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും പിന്നീട് വിദ്യാർഥികളെ ഇടിക്കുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടത്തെത്തുടർന്ന് 22 കാരനായ കാർ ഡ്രൈവർ ഫ്രേസർ ബോമിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ഷെരീഫിന്റെ ഉദ്യോഗസ്ഥർ പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ സീവർ കോളേജ് ഓഫ് ലിബറൽ ആർട്സിലെ സീനിയർ വിദ്യാർഥികളായ നിയാം റോൾസ്റ്റൺ, പെയ്റ്റൺ സ്റ്റുവാർട്ട്, ആശാ വെയർ, ഡെസ്ലിൻ വില്യംസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആശ വെയർ, റോൾസ്റ്റൺ, സ്റ്റുവാർട്ട് എന്നിവർ റൂംമേറ്റ്‌സ് ആയിരുന്നു.