അഭിപ്രായ സർവേകളിലെ ട്രംപിന്റെ മുന്നേറ്റവും ഭരണഘടനാപ്രശ്നവും
Mail This Article
ന്യൂഹാംഷെയർ ∙ റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ നടത്തുന്ന സർവേകളിലെല്ലാം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നിലാണ്. മൻമൗത്ത് യൂണിവേഴ്സിറ്റി/വാഷിങ്‌ടൻ പോസ്റ്റ് പോൾ ട്രംപിന് 46% പിന്തുണ കണ്ടെത്തി. ന്യൂഹാംഷെയർ സർവേ സെന്ററും സിഎൻഎനും നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ പിന്തുണ 42% ആയിരുന്നു. മറ്റ് സ്ഥാനാർത്ഥികൾ ബഹുകാതം പിന്നിലാണ്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ മൂന്ന് ഡിബേറ്റുകളിലും വലിയ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ട ഇന്ത്യൻ വംശജയും മുൻ യുഎൻ അംബാസിഡറുമായ നിക്കി ഹേലി നാൾക്ക് നാൾ തന്റെ നില മെച്ചപ്പെടുത്തുകയാണ്. സ്ഥാനാർത്ഥികളിൽ ജനപിന്തുണയിൽ രണ്ടാം സ്ഥാനത്ത് നിന്ന ഫ്ളോറിഡ ഗവർണറെ പിന്നിലാക്കി ട്രംപിന് പിന്നിൽ സ്ഥാനം ഉറപ്പിക്കുവാൻ ഹേലിക്ക് കഴിഞ്ഞു. ഹേലിക്ക് മുൻപു പറഞ്ഞ രണ്ട് സർവേകളിൽ യഥാക്രമം 18%വും 20%വും പിന്തുണയുണ്ട്. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസിന്റെ പിന്തുണ വളരെ താഴ്ന്ന് യഥാക്രമം 9% വും 8%വും ആയി. എന്താണ് സംഭവിക്കുന്നതെന്ന് ഗവർണർക്കോ പ്രചരണ സംഘത്തിനോ മനസ്സിലാവാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
മുൻ ന്യൂജഴ്സി ഗവർണർ ക്രിസ്ക്രിസ്റ്റിയുടെ പിന്തുണ യഥാക്രമം 14%വും 11%വും ആണ്. എന്നാൽ ഡിസംബർ 6ന് നടക്കുന്ന നാലാമത്തെ ഡിബേറ്റിൽ സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യം നിരീക്ഷകർ സംശയിക്കുന്നു. പക്ഷെ താൻ മത്സരത്തിൽ സജീവമാണെന്ന് വ്യക്തമാക്കാൻ എല്ലാ സ്രോതസുകളും പരമാവധി ഉപയോഗിച്ച് ന്യൂഹാംഷെയറിൽ 2024 ജനുവരി 23ന് നടക്കുന്ന പ്രൈമറിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ശ്രമിക്കുന്നു.
മറ്റൊരു ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി മൂന്നാം ഡിബേറ്റിൽ വരുത്തിയ പിഴവുകൾ സ്ഥാനാർത്ഥിയുടെ പിന്തുണയെ ഒട്ടും ബാധിച്ചില്ല. രണ്ട് രണ്ട് സർവേകളിലും 8% വീതം പിന്തുണ നേടി രാമസ്വാമി ഡിസാന്റിന് ഒപ്പം നില്ക്കുന്നു. ന്യൂനപക്ഷത്തിൽ ന്യൂനപക്ഷ വംശജനും കന്നിക്കാരനുമായ ഒരു രാഷ്ട്രീയക്കാരന്റെ അവഗണിക്കാനാവാത്ത നേട്ടമാണ് ഇത്.
ട്രംപിന്റെ അനുയായികൾ ഉറച്ച കോട്ടയാണെന്ന് വീണ്ടും തെളിയിക്കുന്നു. എന്ത് വന്നാലും 77 വയസുകാരനായ തങ്ങളുടെ നേതാവാണ് ഇപ്പോൾ 81 വയസു തികച്ച പ്രസിഡന്റ് ബൈഡനെക്കാൾ അഭികാമ്യൻ എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
എന്നാൽ ട്രംപ് റിപ്പബ്ലിക്കൻ പ്രൈമറികളിൽ ഒന്നാം സ്ഥാനത്തെത്തി നോമിനേഷൻ നേടി ബൈഡനെ എതിരിടാൻ തയാറായാലും ഒരു നിയമ പ്രശ്നം ഉണ്ടാകാം. ചില സംസ്ഥാനങ്ങൾ തങ്ങളുടെ ബാലറ്റുകളിൽ ട്രംപിന്റെ പേര് ഉണ്ടാകാൻ പാടില്ല എന്ന് ഇപ്പോഴേ പറഞ്ഞു കഴിഞ്ഞു. ഇതിന് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും വഴങ്ങുമോ ? ഇതിനെതിരെ ഇവർ കോടതികളെ സമീപിക്കുകയില്ലേ ? ഇതിന് വഴങ്ങിയാൽ എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകളിൽ ബൈഡന്റെ (അതേ ബോക്സിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും) പേര് ഉള്ളപ്പോൾ ചില സംസ്ഥാനങ്ങളിലെ ബാലറ്റുകളിൽ ട്രംപിന്റെയും റണ്ണിങ് മേറ്റിന്റെയും പേരുകൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഇങ്ങനെ സംഭവിച്ചാൽ ബൈഡന്റെ വിജയം ഉറപ്പായിരിക്കും.