മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Mail This Article
ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ( മാഗ്) ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26ന് കേരള ഹൗസിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന ആഘോഷത്തിന് അസോസിയേഷൻ പ്രസിഡന്‍റ് മാത്യൂസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ ഷൈനി വിൽസൺ മുഖ്യാതിഥിയായിരുന്നു. മാഗ് സെക്രട്ടറി സുബിൻ കുമാരൻ സ്വാഗതം അറിയിച്ചു.
ഇന്ത്യയ്ക്ക് പൂർണ്ണ അർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 1950 ജനുവരി 26ന്, പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴാണ് എന്ന് മുണ്ടക്കൽ ആവേശകരമായ മുഖപ്രസംഗത്തിൽ അനുസ്മരിച്ചു. ഫോർട് ബെന്ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേലിനോപ്പം മുഖ്യാതിഥിയായ പത്മശ്രീ ഷൈനി വിൽസണും ചേർന്ന് അമേരിക്കൻ പതാക ഉയർത്തിയപ്പോൾ മാഗ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കലാണ് ഇന്ത്യൻ പതാക ഉയർത്തിയത്.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ്, , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുൾപ്പെടെ മലയാളി സമൂഹത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ , ബിൽഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ എന്നിവർ മലയാളി സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ചു. മുഖ്യാതിഥി ഷൈനി വിൽസണ് മാഗിൻ്റെ ഓണററി അംഗത്വം നൽകി ആദരിച്ചതാണ് പരിപാടിയുടെ ഹൈലൈറ്റ്. മാഗ് ട്രഷറർ ജോസ് കെ ജോൺ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങ് സമാപിച്ചു തുടർന്ന് ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായി വന്ന എല്ലാവർക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു. കേരള ഹൗസിൽ നടന്ന ചടങ്ങ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുക മാത്രമായിരുന്നില്ല, ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനുള്ളിലെ ശക്തമായ സാംസ്കാരിക ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒന്നായിരുന്നു.