ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ജോര്‍ദാനില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വലിയ തോതില്‍ തിരിച്ചടിയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതിരോധ നയം തന്നെ പരാജയപ്പെട്ടതായി 2024 ല്‍ എതിരാളിയാകുമെന്ന് കരുതുന്ന റിപ്പബ്ലിക്കന്‍  സ്ഥാനാര്‍ഥി ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. അതിനിടെ ഇറാന്‍ നിര്‍മ്മിത ഡ്രോണിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് അമേരിക്കന്‍ സൈനികരുടെ മൃതദേഹം എത്തിച്ചപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ പ്രസിഡന്റ് നേരിട്ട് എത്തിയത് ക്ഷോഭം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരുതുന്നത്.

ജോര്‍ജിയയിലെ കരോള്‍ട്ടണില്‍ നിന്നുള്ള സര്‍ജന്റ് വില്യം ജെറോം റിവര്‍സ് (46), ജോര്‍ജിയയിലെ വേക്രോസില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് കെന്നഡി ലാഡണ്‍ സാന്‍ഡേഴ്‌സ് (24), ജോര്‍ജിയയിലെ സവന്നയില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ബ്രയോണ അലക്‌സോണ്ട്രിയ മൊഫെറ്റ് (23) എന്നിവരുടെ മൃതദേഹമാണ് പ്രസിഡന്റ് ഏറ്റുവാങ്ങിയത്.

ഡെലവെയറിലെ ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ബൈഡനും ചേര്‍ന്നു.  കുടുംബാംഗങ്ങളുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയ ശേഷം, പതാക പൊതിഞ്ഞ ട്രാന്‍സ്ഫര്‍ കേസുകള്‍ വിമാനത്തില്‍ നിന്ന് ഓരോന്നായി പുറത്തെടുക്കുമ്പോള്‍ പ്രസിഡന്റ് ഹൃദയത്തിന് മുകളില്‍ കൈവച്ചത് ശ്രദ്ധേയമായി.

ചൊവ്വാഴ്ച ഫോണില്‍ വിളിച്ച് അദ്ദേഹം കുടുംബങ്ങളെ അനുശോചനം അറിയിച്ചിരുന്നു. വീണുപോയവര്‍ക്കുവേണ്ടി പ്രാര്‍ഥന ചൊല്ലിയപ്പോള്‍, നീണ്ട കറുത്ത കോട്ട് ധരിച്ച വിഷാദ ഭാവവുമായി ബൈഡന്‍ അടുത്തുവന്ന് തല കുനിച്ചു. കുടുംബങ്ങളും പ്രസിഡന്റിന്റെ പരിവാരങ്ങളും നോക്കിനില്‍ക്കെ, അതീവ കൃത്യതയോടെ പ്രവര്‍ത്തിച്ച്, ഏഴ് സര്‍വീസ് അംഗങ്ങളുടെ ഒരു സംഘം വിമാനത്തിന്റെ തുറന്ന വാതിലിലൂടെ മൃതദേഹം ഇറക്കി മോര്‍ച്ചറി വാനിലേക്ക്  കൊണ്ടുപോയി.

പ്രഥമ വനിത ജില്‍ ബൈഡന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ എയര്‍ഫോഴ്‌സ് ജനറല്‍ ചാള്‍സ് ക്യു. ബ്രൗണ്‍ എന്നിവരും പ്രസിഡന്റിനൊപ്പം ചേര്‍ന്നു. സ്‌പെഷ്യലിസ്റ്റ് സാന്‍ഡേഴ്‌സിന്റെ (23) മാതാപിതാക്കള്‍ ' ബൈഡന്റെ  ഫോൺകോൾ വിഡിയോ പ്രാദേശിക മാധ്യമങ്ങളുമായി പങ്കിട്ടു. 'വേദന ലഘൂകരിക്കാന്‍ ആര്‍ക്കും ഒന്നും പറയാനോ ചെയ്യാനോ കഴിയില്ലെന്ന് എനിക്കറിയാം. ഞാനും ഇത് അനുഭവിച്ചിട്ടുള്ളതാണ്.' തന്റെ ആദ്യ ഭാര്യ, കൈക്കുഞ്ഞായിരുന്ന മകള്‍, മുതിര്‍ന്ന മകന്‍ ബ്യൂ എന്നിവരുടെ മരണങ്ങള്‍ ഓര്‍മിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ടവര്‍ 22 എന്നറിയപ്പെടുന്ന ജോര്‍ദാനിലെ അമേരിക്കന്‍ ഔട്ട്‌പോസ്റ്റിനുനേരെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേറ്റു. ഇത് മിഡില്‍ ഈസ്റ്റില്‍ ഒരു വലിയ യുദ്ധത്തെക്കുറിച്ചുള്ള ഭയം ഉയര്‍ത്തി. ജോര്‍ദാന്‍ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന്  തീരുമാനിച്ചതായി ചൊവ്വാഴ്ച ബൈഡന്‍ പറഞ്ഞിരുന്നു.

English Summary:

Biden Directly Consoles the Families of US Soldiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com