ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയിൽ യുവാക്കൾക്ക് സൗജന്യ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ
Mail This Article
ജാക്‌സൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്) ∙ ജാക്‌സൺ ഹൈറ്റ്‌സിലെ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ ഫാമിലി/ യൂത്ത് കോൺഫറൻസിന്‍റെ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), രഘു നൈനാൻ (അസി. ഫൈനാൻസ് കോർഡിനേറ്റർ), ഷെറിൻ കുര്യൻ, ക്രിസ്റ്റൽ ഷാജൻ, ജോനാഥൻ മത്തായി, ആരൺ ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ ടീമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ കോൺഫറൻസ് പ്രതിനിധികളെ പരിചയപ്പെടുത്തി. ഇടവക സെക്രട്ടറി സോണി മാത്യു സ്വാഗതം ആശംസിച്ചു. ജോൺ താമരവേലിൽ ഫാമിലി കോൺഫറൻസിന്‍റെ തീയതികളെക്കുറിച്ചും പ്രസംഗികരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ നൽകി. ജോനാഥൻ മത്തായി സുവനീർ, റാഫിൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകി. റജിസ്‌ട്രേഷൻ വിവരങ്ങൾ ഷെറിൻ കുര്യൻ പങ്കുവെച്ചു. സ്‌പോൺസർഷിപ്പിനുള്ള അവസരങ്ങളെക്കുറിച്ച് രഘു നൈനാൻ സംസാരിച്ചു. എന്‍റർടൈൻമെന്‍റ് പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ക്രിസ്റ്റൽ ഷാജൻ വിശദീകരിച്ചു.
ജോൺ താമരവേലിൽ സ്പോൺസറായി സംഭാവന നൽകി. മറ്റ് നിരവധി അംഗങ്ങൾ പരസ്യങ്ങളും റാഫിളുകളും റജിസ്ട്രേഷനുമായി പിന്തുണ അറിയിച്ചു. മുപ്പതു വയസ്സിൽ താഴെയുള്ള ഇടവകയിലെ യുവജനങ്ങൾക്ക് മുഴുവൻ റജിസ്ട്രേഷൻ ഫീസും സൗജന്യമായി നൽകാമെന്ന് ഇടവക പൊതുയോഗം തീരുമാനം എടുത്തതായി ഭാരവാഹികൾ അറിയിച്ചു. കോൺഫറൻസിൽ പങ്കെടുക്കാൻ ഇടവകയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിലും ഇടവക ജനങ്ങളും നടത്തുന്ന ഈ പുതുശ്രമം മാതൃകാപരവും ശ്ലാഘനീയവുമാണ്.
ഗീവർഗീസ് ജോസഫ്, മോൻസി മാണി (മലങ്കര അസോസിയേഷൻ പ്രതിനിധികൾ), ജോൺ താമരവേലിൽ, ഗീവറുഗീസ് ജേക്കബ് (ഭദ്രാസന അസംബ്ലി അംഗങ്ങൾ), ഷീല തോമസ് (മർത്ത മറിയം വനിതാ സമാജം സെക്രട്ടറി), ബിജി വറുഗീസ് (സൺഡേ സ്കൂൾ പ്രിൻസിപ്പൽ), ആൽവിൻ സോട്ടർ (യൂത്ത് സെക്രട്ടറി) എന്നീ ഇടവക ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.മാത്യു ജോഷ്വ റജിസ്ട്രേഷൻ ഔദ്യോഗികമായി കിക്ക് ഓഫ് ചെയ്യുകയും എല്ലാവരുടെയും പിന്തുണയ്ക്ക് നിസ്സീമമായ കടപ്പാട് അറിയിക്കുകയും ചെയ്തു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595).
ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.