ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായമാണോ? എതിരാളിയായ ഡൊണള്‍ഡ് ട്രംപ് മുതല്‍ സ്വന്തം പാര്‍ട്ടിയിലെ വിമര്‍ശകര്‍ വരെ ബൈഡന്റെ പ്രായത്തെ ഇടയ്ക്കിടെ 'തോണ്ടുന്നത്' പതിവായിരിക്കുകയാണ്. ബൈഡന് പകരം ആരെന്ന് വരെ ഡെമോക്രാറ്റുകള്‍ സര്‍വേ നടത്തി ഉറപ്പിച്ച സാഹചര്യമാണ് നിലവിലുള്ളത്. തന്റെ പ്രായത്തെ പരിഹസിച്ച് അടിക്കടി രംഗത്തുവരുന്ന ട്രംപിനെതിരെ ഒടുവില്‍ ബൈഡന്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ട്രംപിന് ''ഏകദേശം എന്റെ അത്രയും തന്നെ പ്രായമുണ്ട്'' എന്നായിരുന്നു ബൈഡന്റെ പരിഹാസം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ സാഹചര്യത്തിന് കാരണഭൂതന്‍ ട്രംപ് ആണെന്നും ബൈഡന്‍ ആരോപിച്ചു. 

ബൈഡന്റെ പ്രായത്തെയും മാനസഈക കരുത്തിനെയും പരിഹസിച്ചു അടിക്കടി രംഗത്തു വരുന്ന ട്രംപിനെതിരേ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ പ്രസ്താവനയാണ് ബൈഡന്‍ നടത്തിയത്. 81 വയസുകാരനായ ബൈഡന്‍ തന്റെ പ്രായത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 'ക്ലാസിഫൈഡ്' രേഖ അല്ലെന്ന് പരിഹസിച്ച  ട്രംപിനെതിരേ പരസ്യമായി രംഗത്തുവരികയായിരുന്നു. 'നിങ്ങള്‍ മറ്റേ ആളെ നോക്കണം. അവന്‍ എന്നെപ്പോലെ തന്നെ പ്രായമുള്ളവനാണ്.'' എന്നായിരുന്നു ബൈഡന്റെ പ്രസ്താവന. 

സിപിഎസി പരിപാടിയില്‍  മുന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെ, ട്രംപ് 'മെഴ്സിഡസ്' എന്ന് തെറ്റായി വിശേഷിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടും ബൈഡന്‍ പരിഹാസമുതിര്‍ത്തു. തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്ന വ്യക്തിക്ക് പക്ഷേ സ്വന്തം ഭാര്യയുടെ പേര് ഓര്‍മയില്ലെന്നായിരുന്നു ബൈഡന്റെ പരിഹാസം. അതേസമയം ട്രംപ് തന്റെ മുന്‍ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും സിപിഎസി ഹോസ്റ്റുമായ മെഴ്സിഡസ് ഷ്‌ലാപ്പിനെയാണ് പരാമര്‍ശിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. 

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍, കുടിയേറ്റ വിഷയത്തില്‍ ട്രംപിനെയും ജിഒപിയെയും കൂടുതല്‍ വിമര്‍ശിച്ചു, 77 വയസുകാരനായ ട്രംപ് ഇമിഗ്രേഷന്‍ പരിഷ്‌കരണ കരാറിനെ തുരങ്കം വയ്ക്കുന്നുവെന്ന് ബൈഡന്‍ ആരോപിച്ചു. ''ഞങ്ങള്‍ ആ അതിര്‍ത്തി ബില്‍ പാസാക്കാന്‍ ആഗ്രഹിച്ചു. ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഈ ബില്ലിനെ വളരെയധികം പിന്തുണയ്ക്കുന്നു, പക്ഷേ ട്രംപ് സ്പീക്കറോട് നിര്‍ദേശിച്ചു, ഇത് പാസാക്കരുതെന്ന്. ഇതു സത്യമാണോ എന്ന് എനിക്ക് വ്യക്തമായി അറിയില്ല. എങ്കിലും കേള്‍ക്കുന്നത് അങ്ങനെയാണ്.- അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇതിനു കാരണം എന്താണ്? അത് ബൈഡന് ഗുണം ചെയ്യും എന്ന് അദ്ദേഹം ചിന്തിക്കുന്നു.''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ ഡെലവെയറിലെ വീട്ടില്‍ നിന്നും വാഷിങ്ടൻ ഡിസിയിലെ പെന്‍ ബൈഡന്‍ സെന്റര്‍ ഓഫിസില്‍ നിന്നും കണ്ടെത്തിയ സെന്‍സിറ്റീവ് പേപ്പറുകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്ന് സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് ഹര്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം ബൈഡന്റെ പ്രായത്തെയും ഓർമയെയും കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമായിരുന്നു.

സ്‌പെഷ്യല്‍ കൗണ്‍സലുമായുള്ള അഭിമുഖത്തിനിടെ ബൈഡന്‍, 'വൈസ് പ്രസിഡന്റായിരുന്ന കാലം ഓർമിച്ചിരുന്നില്ല. തന്റെ കാലാവധി അവസാനിച്ച ദിവസവും അദ്ദേഹം മറുന്നു പോയി. 'അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പോലും അദ്ദേഹത്തിന് ഓര്‍മയുണ്ടായിരുന്നില്ല. തന്റെ മകന്‍ ബ്യൂ മരിച്ച വര്‍ഷം പോലും പ്രസിഡന്റ് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഞെട്ടലോടെയാണ് യുഎസ് കേട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com