സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
Mail This Article
ന്യൂജഴ്‌സി ∙ സോമര്‍സെറ്റ് സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാൾ ആഘോഷത്തോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. ഫാ. കെവിൻ മുണ്ടക്കലിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇംഗ്ലിഷിലുള്ള ദിവ്യബലിയിൽ, ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമ്മികനായി. തുടന്ന് 11:30ന് മലയാളത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. തോമസ് വട്ടംകാറ്റേൽ (ബെനെഡിക്ടൻ പ്രീസ്റ്റ്) മുഖ്യ കാർമികത്വം വഹിച്ചു. ബ്രദർ മൈക്കിൾ ജോർജ് ശുശ്രൂഷകളിൽ സഹായിയായി.
ദിവ്യബലി മധ്യേ ഫാ. കെവിൻ മുണ്ടക്കൽ തിരുനാള്‍ സന്ദേശവും നൽകി. ഓശാന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചെറുപുഷ്പം മിഷൻ ലീഗ്, ദേവാലയത്തിലെ യുവജനങ്ങൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്രിസ്‌തുവിന്‍റെ പീഡാനുഭവങ്ങളെ സംബന്ധിച്ച ദൃശ്യാവിഷ്‌കാരം ഏറെ ഹൃദയസ്‌പർശിയായി മാറി. ദൃശ്യാവിഷ്‌കാരത്തിന്‍റെ വിജയത്തിന്‍റെ പിന്നിൽ മനോജ് യോഹന്നാൻ, സ്മിത മാംങ്ങൻ, പ്രിയ കുരിയൻ, സോഫിയ മാത്യു, ജിജോ തോമസ്, ജെയിംസ് പുതുമന എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനമായിരുന്നു. മരിയൻ മദേഴസിന്‍റെ നേതൃത്വത്തിൽ കൊഴിക്കട്ട വിതരണവും നടന്നു.
മാർച്ച 28 പെസഹാ വ്യാഴാഴ്ച്ച തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി (മലയാളം), കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. മാര്‍ച്ച് 29ന് ദുഖവെള്ളിയാഴ്ച്ച രാവിലെ 7മണി മുതൽ ദിവ്യകാരുണ്യ ആരാധന വാർഡ് അടിസ്ഥാനത്തിൽ നടത്തപ്പെടും. തുടർന്ന് ദുഖവെള്ളിയാഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. കുരിശിന്‍റെ വഴിക്ക് കുട്ടികളും, യുവാക്കളും നേതൃത്വം നൽകും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം (മലയാളം& ഇംഗ്ലിഷ്) എന്നിവയ്ക്കുശേഷം കയ്പ്നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും.
30ന് ദുഖശനിയാഴ്ച്ച 9 ന് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്‍റെ ചടങ്ങുകള്‍ വൈകിട്ട് 5 ന് ഇംഗ്ലിഷിലും, 7:30ന് മലയാളത്തിലും നടക്കും. രണ്ട് ദിവ്യബലികളോടും അനുബന്ധിച്ചും സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.
ഉയിർപ്പു തിരുനാളിന്‍റെ ശുശ്രൂഷകളിൽ ഫാ. മെൽവിൻ മംഗലത്തു പോൾ (മാർത്തോമ്മാ ശ്ലീഹ സിറോ മലബാർ കത്തീഡ്രൽ ചർച് ഷിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ത്ഥനാ ശുസ്രൂഷകളിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ ഇടവകാംഗങ്ങളേയും ബഹുമാനപ്പെട്ട വികാരി റവ. ഫാ. ആന്‍റണി പുല്ലുകാട്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, സുനിൽ ജോസ് (ട്രസ്റ്റി) 732-421-757, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081.