ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിന്ന് നിക്കി ഹേലി പിന്മാറിയിട്ട് മാസങ്ങളായി. പോരാട്ട നാളുകളില്‍ ഹേലിയും യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കടുത്ത ഏറ്റുമുട്ടലാണ് നടന്നിരുന്നത്.  മുന്‍ എതിരാളിക്കെതിരെ മാസങ്ങളോളം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍  ട്രംപിന് വോട്ട് ചെയ്യുമെന്ന് ഹേലി വ്യക്തമാക്കി. അതേസമയം, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ട് ആർക്ക് എന്ന ചോദ്യം തുടരുകയാണ്. 

മാര്‍ച്ചില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷനായുള്ള മത്സരം ഹേലി ഉപേക്ഷിച്ചെങ്കിലും, പേര് ബാലറ്റില്‍ തുടരുന്നുണ്ട്. പ്രചാരണം നടത്തിയില്ലെങ്കിലും സംസ്ഥാന പ്രൈമറി മത്സരങ്ങളില്‍ ഹേലി 10 ശതമാനത്തിലധികം വോട്ട് നേടുന്നുമുണ്ട്. ആ വോട്ടുകളില്‍ പലതും റിപ്പബ്ലിക്കന്‍മാരും ട്രംപിനോട് അതൃപ്തിയുള്ള സ്വതന്ത്രരും രേഖപ്പെടുത്തിയതാണ്. ഈ അവസരം മുതലെടുക്കാനായി ചില ഡെമോക്രാറ്റുകള്‍  അസംതൃപ്തരുടെ പിന്തുണയ്ക്കായി രംഗത്തുവന്നുകഴിഞ്ഞു. 

ട്രംപ് അധികാരത്തിലിരിക്കുമ്പോള്‍ രണ്ട് വര്‍ഷം യുഎന്നിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച ഹേലി, മുന്‍ പ്രസിഡന്റിനെ നോമിനേഷനായി ഒരിക്കലും ഭീഷണി ഉയര്‍ത്തിയിരുന്നില്ല. തന്റെ പ്രചാരണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു സംസ്ഥാനത്തും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും മാത്രമാണ് ഹേലി വിജയിച്ചത്. 

എന്നാല്‍ പ്രചാരണത്തിന്റെ അവസാന മാസങ്ങളില്‍ ട്രംപിനെതിരേയുള്ള അതിതീവ്രമായ ആക്രമണത്തോടു കൂടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രംപ് വിരുദ്ധ വിഭാഗത്തിന് ഹേലി പ്രിയപ്പെട്ടവളായി മാറി'ട്രംപ് രാജ്യത്തെ നയിക്കാന്‍ എല്ലാം തികഞ്ഞ ആളല്ല. ഞാന്‍ അത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബൈഡന്‍ ഒരു ദുരന്തമാണ്. അതിനാല്‍ ഞാന്‍ ട്രംപിന് വോട്ടുചെയ്യും,' വാഷിങ്‌ടൻ ആസ്ഥാനമായുള്ള ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, യാഥാസ്ഥിതിക ചിന്താധാര എന്ന ചോദ്യോത്തര വേളയില്‍ ഹേലി സദസ്സിനോട് പറഞ്ഞു. 

വിദേശനയത്തെക്കുറിച്ചുള്ള ഒരു പ്രസംഗത്തെ തുടര്‍ന്നാണ് അഭിപ്രായങ്ങള്‍ വന്നത്. സ്ഥാനാര്‍ഥിത്വത്തിനുള്ള ശ്രമം ഉപേക്ഷിച്ചതിന് ശേഷമുള്ള ഹേലിയുടെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. തന്റെ പ്രചാരണം അവസാനിപ്പിച്ചപ്പോള്‍, അവര്‍ ട്രംപിനെ അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും  ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പരോക്ഷമായി ട്രംപിനു പിന്തുണ നല്‍കുകയാണ് ഹേലി. 

മുന്‍കാലങ്ങളില്‍, തന്റെ പിന്തുണക്കാരുമായി ബന്ധപ്പെടാനും അവരുടെ വോട്ടുകള്‍ നേടാനും അവര്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'എനിക്ക് വോട്ട് ചെയ്തവരും എന്നെ പിന്തുണയ്ക്കുന്നവരുമായ  ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാന്‍ ട്രംപ് ശ്രമിക്കണം. അവരുടെ സ്വാഭാവിക പിന്തുണ തനിക്ക് ലഭിക്കുമെന്ന് കരുതി വെറുതേ ഇരിക്കരുത്.'- ഹേലി പറഞ്ഞു. എന്നാല്‍ ഹേലിയുടെ അനുയായികള്‍ റജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍മാരാണെങ്കിലും. ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് ട്രംപ് ക്യാംപ് വിശ്വസിക്കുന്നത് . അതുകൊണ്ടുതന്നെ അവര്‍ ഹേലിയുടെ ഈ ആഹ്വാനത്തിന് ചെവികൊടുക്കാന്‍ തയാറുമല്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.

English Summary:

US presidential Election - Nikki Haley, Joe Biden, Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com