ADVERTISEMENT

വാഷിങ്‌ടൻ ഡി.സി ∙ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന്‍റെ വ്യക്തമായ പ്രകടനമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് മുൻ അംബാസഡർ വേണു രാജാമണി പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിങ്‌ടൻ ഡി.സി ചാപ്റ്റർ സംഘടിപ്പിച്ച വിജയാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപെരുപ്പം, സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളാണ് പൊതുജനങ്ങളെ ഏറെ ആശങ്കപ്പെടുത്തുന്ന പ്രശ്‌നങ്ങളെന്ന് ഇത് എടുത്തുകാണിക്കുന്നു. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ ബിജെപിയുടെ പരാജയവും റായ്ബറേലിയിലും വയനാട്ടിലും രാഹുൽ ഗാന്ധിയുടെ വൻഭൂരിപക്ഷത്തിനു വിപരീതമായി വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവും എറെ ശ്രദ്ധേയമാണ്.

ജനങ്ങളുടെ ക്ഷേമത്തിലും സുസ്ഥിരവും തുല്യവുമായ വികസനത്തി ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് രാജാമണി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത്നേടിയെടുക്കേണ്ടത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് അമേരിക്കയിലെ പ്രവാസികൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വാഷിങ്‌ടൻ ഡിസി ചാപ്റ്റർ പ്രസിഡന്‍റ് ജോൺസൺ മ്യാലിൽ അധ്യക്ഷത വഹിച്ചു. ബിജെപിക്കുവേണ്ടി വലിയ സാമ്പത്തിക സ്രോതസ്സുകൾ, തുറന്ന പിന്തുണ നൽകിയ മാധ്യമങ്ങൾ, ദുരുപയോഗിക്കപ്പെട്ട അന്വേഷണ ഏജൻസികൾ, സർക്കാർ സംവിധാനങ്ങൾ, കൂറുപുലർത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ ജനങ്ങൾ അവർക്ക്  കേവല ഭൂരിപക്ഷം നിഷേധിച്ചത് കോൺഗ്രസിന്‍റെയും ഇന്ത്യ മുന്നണിയുടെയു വിജയമാണെന്ന് ജോൺസൺ പറഞ്ഞു.

ഇന്ത്യൻ നാഷനൽ കോൺഗ്രസ് 100% സീറ്റ് വർധിപ്പിച്ചു എന്നതും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നേട്ടമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ സെക്രട്ടറി ജനറൽ ഹർബച്ചൻ സിങ്, പ്രമുഖ ജീവകാരുണ്യ  പ്രവർത്തകനും കമ്യൂണിറ്റി നേതാവുമായ ഡോ. ഫ്രാങ്ക് ഇസ്‌ലാം, രോഹിത്ത്രിപാഠി, പ്രതാപ് സിംഗ്, മുഹമ്മദ് താഹിർ, വികാസ്ചൗധരി, ജോർജ് മണലേൽ, നിജോ എബ്രഹാം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐഒസി ചാപ്റ്റർ സെക്രട്ടറി വിപിൻ രാജ് സ്വാഗതവും ട്രഷറർ വിജയ് നരുള നന്ദിയും പറഞ്ഞു.

English Summary:

Victory Celebration Organized by Indian Overseas Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com