ബൈഡന് വോട്ട് ചെയ്യുന്നത് ചരിത്രം സൃഷ്ടിക്കുമെന്ന് കമല ഹാരിസ്
Mail This Article
ഡാലസ് ∙ നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ബൈഡന് വോട്ട് ചെയ്യുന്നത് ചരിത്രം സൃഷ്ടിക്കുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ബുധനാഴ്ച രാവിലെ രാജ്യത്തെ ആദ്യത്തെ ബ്ലാക്ക് ഗ്രീക്ക് സംഘടനയായ ആൽഫ കപ്പ ആൽഫ സോറോറിറ്റിയുടെ ദേശീയ കൺവെൻഷനിലാണ് കമല ഹാരിസിന്റെ പ്രസ്താവന. "നമ്മുടെ സോറിറ്റിയിലെ അംഗങ്ങൾ അമേരിക്കയുടെ വാഗ്ദാനം സാക്ഷാത്കരിക്കാനുള്ള പോരാട്ടത്തിന്റെ മുൻനിരയിലാണ്. ഈ വർഷം നമുക്ക് ആ പ്രവർത്തനം തുടരാം' എന്നും ഹാരിസ് കൂട്ടിച്ചേർത്തു.
സോറിറ്റിയുടെ 71-ാമത് ബൗലെ നടക്കുന്ന ബെയ്‌ലി ഹച്ചിസൺ കൺവെൻഷൻ സെന്ററിൽ 20,000 ത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജോ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിമർശനങ്ങളും നിലനിൽക്കെയാണ് കമല ഹാരിസിന്റെ പ്രസ്താവന.
ഹാരിസ് ബൈഡൻ ഭരണകൂടത്തിന്റെ നേട്ടങ്ങളെ കുറിച്ചും വൈസ് പ്രസിഡന്റ് സംസാരിച്ചു. 1986ൽ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് കമല ഹാരിസ് ആൽഫ കപ്പ ആൽഫയിൽ ആദ്യമായി പങ്കെടുക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി പ്രക്ഷുബ്ധമായിരിക്കുന്ന സമയത്താണ് ഇങ്ങനൊരു പ്രസംഗം എത്തുന്നത്. ജോ ബൈഡന് പകരം പ്രസിഡന്റ് സ്ഥാനർത്തിയായി കമല ഹാരിസിന്റെ പേരും ഉയർന്നു വന്നിരുന്നു.