ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നാലെ അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ട്രംപിനെ വെടിവയ്‌ക്കാൻ ഇരുപതുകാരനായ പ്രതിയെ പ്രേരിപ്പിച്ച എന്താണെന്ന് അന്വേഷക സംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, സ്ഥാനാർഥിത്വവും തിരഞ്ഞെടുപ്പ്‌ വിജയവും ഉറപ്പിക്കാൻ ട്രംപിന്‍റെ തിരക്കഥയിൽ അരങ്ങേറിയ ആക്രമണമാണെന്ന വാദം എതിരാളികൾ ഉന്നിയിക്കുന്നുണ്ട്.

ഇതാദ്യമായല്ല അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. 1981ൽ റൊണാൾഡ്‌ റീഗനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്കയിൽ പ്രസിഡന്‍റിനോ പ്രസിഡന്‍റ് സ്ഥാനാർഥിക്കോ നേരെയുള്ള ആദ്യ വധശ്രമമാണിത്. അമേരിക്കയുടെ 16–ാം പ്രസിഡന്‍റായിരുന്ന ഏബ്രഹാം ലിങ്കണാണ് ആദ്യമായി ഇത്തരത്തിൽ വെടിയേറ്റു മരിച്ച പ്രസിഡന്‍റ് . വാഷിങ്ടൻ ഡിസിയിലെ തിയറ്ററിൽ ഭാര്യയോടൊപ്പം നാടകം ആസ്വദിച്ചുകൊണ്ടിരുന്ന ലിങ്കൺ, ജോൺ വിക്സ് ബൂത്ത് എന്ന 26 വയസ്സുകാരന്‍റെ വെടിയേറ്റാണ് മരണത്തിന് കീഴടങ്ങി. ജോൺ വിക്സ് ബൂത്ത് 12 ദിവസത്തിനുശേഷം വെടിയേറ്റ് മരിച്ചതും ചരിത്രം. 

20–ാം യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ് ആറാം മാസം വാഷിങ്ടൻ ഡിസിയിലെ റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നതിനിടെ ജയിംസ് ഗാർഫീൽഡ് വെടിയേറ്റ് കൊല്ലപ്പെട്ടു.  പ്രതിയായ ചാൾസ് ഗിറ്റുവാ (39)യെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 1901 ൽ ന്യൂയോർക്കിൽ പ്രസംഗിക്കുന്നതിനിടെ 25–ാം യുഎസ് പ്രസിഡന്‍റായിരുന്നു  വില്യം മകിൻലി  കൊല്ലപ്പെട്ടത്. ഡിട്രോയിറ്റ് സ്വദേശിയായ ലിയോൺ എഫ്. സോൽഗോസിനെ (26) കുറ്റസമ്മതം നടത്തി.  ആഴ്ചകൾക്കുശേഷം വധശിക്ഷക്ക് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. 

ഡാലസിലെ തെരുവിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് 35-ാംയുഎസ് പ്രസിഡന്‍റായ ജോൺ എഫ് കെന്നഡിക്ക് വെടിയേൽക്കുന്നത്. അധികം താമസിക്കാതെ കെന്നഡി മരണത്തിന് കീഴടങ്ങി. പ്രതിയായ  ഹാർവേ ഓസ്‍വാൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ രണ്ടു ദിവസത്തിന് ശേഷം ഇയാൾ കൊല്ലപ്പെട്ടു. 

 വെടിവയ്പ്പിനെ  അതിജീവിച്ച പ്രസിഡന്‍റുമാർ:
1. ആൻഡ്രൂ ജാക്സൺ - 1835ൽ ക്യാപ്പിറ്റൾ മന്ദിരത്തിൽ ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുവെ ആൻഡ്രൂവിന് നേരെ അക്രമി രണ്ട് തവണ വെടിയുതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല.
2. തിയഡോർ റൂസ്‌വെൽറ്റ് - 1912ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ തിയഡോർ  റൂസ്‌വെൽറ്റിന് വെടിയേറ്റു.  അദ്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടു.
3. ഫ്രാങ്ക്‌ലിൻ ഡി. റൂസ്‌വെൽറ്റ് - 1933ൽ നിയുക്ത പ്രസിഡന്‍റായിരുന്ന റൂസ്‌വെൽറ്റിന് നേരെ മയാമിയിൽ വച്ച് വെടിവയ്പുണ്ടായി. ഉന്നംതെറ്റി  വെടികൊണ്ട ഷിക്കാഗോ മേയർ ആന്‍റൺ സെർമാക്ക് കൊല്ലപ്പെട്ടു.
4. ഹാരി ട്രൂമാൻ - 1950ൽ വൈറ്റ്‌ഹൗസിൽ വച്ച് പോർട്ട റിക്കൻ ദേശീയവാദികളുടെ വെടിയേറ്റു.
5. ജെറാൾഡ് ഫോർഡ് - 1975ൽ ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് വധശ്രമത്തെ അതിജീവിച്ചു. രണ്ട് തവണയും വെടിയേൽക്കാതെ രക്ഷപ്പെട്ടു.
6. റൊണാൾഡ് റീഗൻ - 1981ൽ വാഷിങ്ടനിലെ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ വച്ച് വെടിയേറ്റു.  ഗുരുതരമായി പര‌ുക്കേറ്റ റീഗനെ സങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
7. ജോർജ് ബുഷ് - 2001ൽ റോബർട്ട് പിക്കറ്റ് എന്നയാൾ വൈറ്റ്‌ഹൗസിന് നേരെ വെടിവയ്പ് നടത്തി.  ആർക്കും പരുക്കേറ്റില്ല.
8. ബരാക് ഒബാമ - 2011ൽ ഓസ്കാർ റാമിറോ എന്ന യുവാവ് വൈറ്റ്ഹൗസിന് നേരെ വെടിവയ്പ് നടത്തി. ആ‌ർക്കും പരുക്കേറ്റില്ല.  ഓസ്കാറിന് 25 വർഷം തടവുശിക്ഷ ലഭിച്ചു.

∙ തുടർകഥയാകുന്ന വെടിവയ്പുകൾ
അമേരിക്കയിൽ നിരന്തരമായി വെടിവയ്പുകൾ നടക്കുന്നതായി ഗൺ വയലൻസ് ആർക്കൈവിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ യുഎസിൽ 163 വെടിവയ്പ്പ് നടന്നതായിട്ടാണ് കണക്കുകൾ. ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള രാജ്യമാണ് അമേരിക്ക. 2020-22ല്‍ ഒന്നരക്കോടി അമേരിക്കക്കാർ ആറുകോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന്‌ സന്നദ്ധസംഘടനയായ ട്രേസിന്‍റെ പഠനം പറയുന്നു. 

15 വര്‍ഷം മുൻപുള്ളതിന്‍റെ ഇരട്ടിയാണ് ഇപ്പോഴത്തെ വാര്‍ഷിക തോക്ക് വിൽപന. കയ്യിൽ സദാ കൊണ്ടുനടക്കാവുന്ന സെമി ഓട്ടോമാറ്റിക് തോക്കുകളാണ് ആളുകൾ വാങ്ങിക്കൂട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കളാണ് തോക്ക് വാങ്ങുന്നവരിൽ ഏറിയെ പങ്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

മദ്യവും സിഗരറ്റും വാങ്ങണമെങ്കിൽ 21 വയസ്സ് തികയണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാൽ, തോക്കുവാങ്ങാൻ 18 വയസ്സായാൽ മതി. പൊതുഇടങ്ങളിൽ നടക്കുന്ന കൂട്ടവെടിവയ്പ്പിൽ ലോകത്തുതന്നെ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെടുന്ന രാജ്യമെന്ന കുപ്രശസ്തിയും അമേരിക്കയ്ക്കാണ്. 

തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തല പരിശോധന പോലും നടത്താൻ നിയമങ്ങളില്ല. സ്കൂൾ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്ത ടെക്സസിൽ മാത്രം 10 ലക്ഷത്തിലേറെ പേരുടെ വശം തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവിടെ കയ്യിൽ തോക്കുമായി നടക്കാൻ ലൈസൻസ് വേണമെന്ന നിയമം 2021ൽ എടുത്തുമാറ്റി. 21 വയസ്സ് തികയണമെന്നതു മാത്രമാണ് ആവശ്യം. അതേസമയം, അമേരിക്കൻ ജനതയിൽ 53 ശതമാനം ശക്തമായ നിയന്ത്രണ നിയമം വേണമെന്നു വാദിക്കുന്നവരാണ്.

English Summary:

After the Assassination Attempt on the Former US President Donald Trump, Gun Violence Debate Stagnates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com