ജെ ഡി വാൻസിനെ വൈസ് പ്രസിഡന്‍റ് നോമിനിയായി അവതരിപ്പിച്ചത് ട്രംപിന് നേട്ടമാകുമെന്ന് വിലയിരുത്തൽ
Mail This Article
ഒഹായോ∙ ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ ഡി വാൻസിനെ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് നോമിനിയായി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചത് നേട്ടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ വാൻസ് നിലവിൽ ഒഹായോ സെനറ്ററാണ്. വിദ്യാഭ്യാസവും, രാഷ്ട്രീയ പരിചയവുമുള്ള സ്ഥാനാർഥിയാണ് വൈസ് പ്രസിഡന്‍റ് നോമിനിയെന്ന് നേട്ടമാകുമെന്ന് തന്നെയാണ് റിപ്പബ്ലിക്കൻ ക്യാംപ് പ്രതീക്ഷിക്കുന്നത്.
കലിഫോർണിയയിലെ സാൻ ഡിയാഗോയിൽ ജനിച്ച ഇന്ത്യൻ വംശജയായ ഉഷയാണ് വാൻസിന്‍റെ ഭാര്യ. ഇന്ത്യൻ വംശജയെന്ന നിലയിൽ നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് ലഭ്യമായ ന്യൂനപക്ഷ പിന്തുണയും ഒരു പരിധി വരെ വാൻസിലൂടെ ട്രംപും റിപ്പബ്ലിക്കൻ ക്യാംപും ലക്ഷ്യമിടുന്നു.
മിൽവാക്കിയിൽ റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ മുൻപാണ് ഡോണൾഡ് ട്രംപ് പെൻസിൽവേനിയിലെ ആക്രമണത്തിൽ അദ്ഭുതകരമായി രക്ഷപെട്ടത്. ഇതിന് ശേഷം പാർട്ടിയുടെ ദേശീയ കൺവെൻഷനിലേക്കു ട്രംപ് അടക്കമുള്ള നേതാക്കൾ എത്തിച്ചേർന്നതും ഓരോരുത്തരായി അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും വലിയ രാഷ്ട്രീയ പ്രധാന്യം നേടിയിരുന്നു.
47–ാം പ്രസിഡന്‍റ് സ്ഥാനാർഥിയായി ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി നോമിനേറ്റ് ചെയ്തു. പാർട്ടിയുടെ നോമിനി എന്ന നിലയിൽ ട്രംപ് തുടർന്നും പാർട്ടിയുടെ നയങ്ങളുമായി മുന്നോട്ടു പോകുമെന്നും മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കു നീങ്ങുമെന്നും പാർട്ടിയും ട്രംപിന്‍റെ പ്രചാരണ സംഘവും പ്രതിജ്ഞ ചെയ്തു.
റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിനെതിരെ മത്സരിച്ച നിക്കി ഹേലി ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും കീഴ് വഴക്കം അനുസരിച്ചു അവർക്കു പിന്തുണ പ്രഖ്യാപിച്ചിരുന്ന ഡെലിഗേറ്റുകളെ ട്രംപിന് പിന്തുണ അനുവദിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കൺവെൻഷന്‍റെ ആദ്യദിവസ ചർച്ചകളിൽ അമേരിക്കയുടെയുടെ സാമ്പത്തികാവസ്ഥയും വിലക്കയറ്റവുമാണ് ചർച്ച ചെയ്തത്. അവസാന ദിവസമായ വ്യഴാഴ്ച ട്രംപ് നോമിനേഷൻ സ്വീകരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും.
കൺവെൻഷനിൽ ട്രംപിന്‍റെ മക്കൾ ട്രംപ് ജൂനിയറും ഇവാങ്ക ട്രംപും മരുമകൾ ആകാൻ പോകുന്ന കിംബെർലി ഗിൽഫോയ്‌ലും മെലാനിയാ ട്രംപും പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യാനാണ് സാധ്യത. ഏറ്റവും ഇളയ മകൻ ബാരൺ പങ്കെടുക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് വരെ അകന്നു നിന്ന ഇവാങ്ക ഇനി മുതൽ സജീവ സാന്നിധ്യം ആകാനാണ്സാധ്യത.