ADVERTISEMENT

ഹൂസ്റ്റണ്‍  ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയ ജോ ബൈഡന്‍ തനിക്കു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരാണ് ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. വൃദ്ധനെന്ന ആക്ഷേപം കേട്ടിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കമല ഹാരിസ് എത്തിയാല്‍ സാധ്യതകള്‍ മാറിമറിയുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ വംശജയായ കമലയുടെ വരവ് ഏഷ്യന്‍ വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ 'കമലം' വിരിയുമോ എന്ന് എല്ലാവരും പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. 

'ഇത് ഒരു മികച്ച മാറ്റമാണ്. 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം വോട്ടര്‍മാര്‍ ഊര്‍ജ്ജസ്വലരായിരിക്കുന്നത് കാണാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെ ഒരു സര്‍വേ നടത്തിയപ്പോള്‍ കമലാ ഹാരിസിന് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കിടയിലെ അനുകൂല റേറ്റിങ്ങുകള്‍ ബൈഡന് തുല്യമായിരുന്നു. ഇത് ട്രംപിനെക്കാള്‍ മികച്ചതുമായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ മത്സരത്തെ വലിയ രീതിയില്‍ ഇളക്കിമറിക്കുന്നു.' -യുസി ബെര്‍ക്ക്ലിയിലെ ഗവേഷകനും എഎപിഐ ഡാറ്റയുടെ സ്ഥാപകനുമായ കാര്‍ത്തിക് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

'ഈ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍, പ്രത്യേകിച്ച് വിദേശ നയവുമായി ബന്ധപ്പെട്ട് ഇനിയും ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്. തിരഞ്ഞെടുപ്പില്‍ ഇനിയും കൂടുതല്‍ അനിശ്ചിതത്വമുണ്ട്. യുവാക്കള്‍, കറുത്തവര്‍, ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍, ഞങ്ങള്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ആവേശം കാണുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. 

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനിയാകും എന്നാണ് കരുതുന്നത്. എന്നാല്‍ നവംബറില്‍ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ അവര്‍ കഴിയുമെന്ന് വാതുവെപ്പുകാരും ചൂതാട്ടക്കാരും വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. ഞായറാഴ്ച പ്രസിഡന്‍ഷ്യല്‍ റേസില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിന് തൊട്ടുപിന്നാലെ, വാതുവെപ്പ് വിപണികള്‍ ഹാരിസിന് നവംബറില്‍ വിജയിക്കാനുള്ള സാധ്യത 38% മാത്രമാണ് നല്‍കുന്നത്. അവര്‍ ട്രംപിനെ വ്യക്തമായ പ്രിയങ്കരനായി കാണുന്നു, അദ്ദേഹത്തിന് ഏകദേശം 60% അല്ലെങ്കില്‍ അതിലും സാധ്യതയാണ് നല്‍കുന്നത്. 

ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിന് മുമ്പുള്ളതിനേക്കാള്‍ അല്‍പ്പം മോശമാണ് ട്രംപിന്റെ പിന്തുണ എന്നു മാത്രം. വാതുവെപ്പുകാര്‍ അദ്ദേഹത്തിന് 65% സാധ്യതയാണ് നല്‍കുന്നത്. ജൂലൈ 14-ലെ വധശ്രമത്തിന് തൊട്ടുപിന്നാലെ, സാധ്യത 69% ആയിരുന്നു. ബൈഡന്റെ സംവാദ ദുരന്തത്തിന് ശേഷം വാതുവെപ്പുകാരുടെ സംഖ്യകള്‍ വളരെ അസ്ഥിരമാണ്.

ബൈഡനില്‍ നിന്ന് ഔപചാരികമായ അംഗീകാരം ലഭിച്ചെങ്കിലും ഹാരിസിനെ ഡെമോക്രാറ്റിക് നോമിനിയായി സ്ഥിരീകരിച്ചിട്ടില്ല. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, മിഷിഗൻ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ പോലുള്ള മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഒരു തുറന്ന കണ്‍വെന്‍ഷനും വെല്ലുവിളിയും പാര്‍ട്ടിയില്‍ ശക്തമായിരുന്നുവെങ്കില്‍ ബൈഡന്‍ ആ അംഗീകാരം നല്‍കുമായിരുന്നോ എന്നത് സംശയാസ്പദമാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ടിക്കറ്റിനായുള്ള പ്രചാരണത്തിന്റെ തുടക്കത്തില്‍ വൈസ് പ്രസിഡന്റുമാര്‍ പലപ്പോഴും പിന്നിലാകുന്നതാണ് പതിവ്. 1988-ലെ മത്സരത്തിന്റെ ഈ ഘട്ടത്തില്‍, അന്നത്തെ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ബുഷ് തന്റെ ഡെമോക്രാറ്റിക് എതിരാളിയായ മസാച്യുസെറ്റ്സ് ഗവര്‍ണര്‍ മൈക്ക് ഡുകാക്കിസിനെക്കാള്‍ 17 പോയിന്റിന് പിന്നിലായിരുന്നു. 

കമല ഹാരിസിനെപ്പോലെ ബുഷും താരതമ്യേന ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ മത്സരത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ അദ്ദേഹം ശക്തമായ പ്രചാരണം നടത്തി. നവംബറില്‍ ശ്രദ്ധേയമായ എട്ട് പോയിന്റുകള്‍ക്ക് വിജയിക്കുകയും ചെയ്തു. കുറച്ച് കാലമായി ഹാരിസിനെ കുറിച്ച് പൊതുവേ വിലയിരുത്തപ്പെടുന്നത് അവര്‍ അലസയും ദുര്‍ബലയുമാണെന്നാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി അവര്‍ വൈസ് പ്രസിഡന്റ് പദവിയില്‍ ആയിരുന്നതിനാല്‍ ആളുകള്‍ക്ക് അവളുടെ ജോലിയിലെ 'പ്രകടനം' എങ്ങനെ വിലയിരുത്താനാകുമെന്ന് അറിയാന്‍ പ്രയാസമാണ്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെതിരെ കമലാ ഹാരിസിന്റെ വിജയസാധ്യത ജോ ബൈഡനെക്കാള്‍ ശക്തമാണെന്നാണ് പുതിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ബൈഡന്‍ സ്ഥാനമൊഴിയുകയും ഹാരിസിനെ അംഗീകരിക്കുകയും ചെയ്തതോടെ, ഡെമോക്രാറ്റുകളുടെ പോരാട്ടം ഒടുവില്‍ അനുകൂലമായി മാറുകയാണ്. ബൈഡന്റെ സംവാദ ദുരന്തത്തിന് ശേഷം ഒരിക്കല്‍ പിന്മാറിയ മുന്‍നിര ഡെമോക്രാറ്റിക് ദാതാക്കളില്‍ നിന്ന് വൈസ് പ്രസിഡന്റിന് ശക്തമായ പിന്തുണ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.  പൊതുജനങ്ങള്‍ മുതല്‍ ഹോളിവുഡ് വരെ ഹാരിസിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. 

English Summary:

Political experts are looking forward to see what happens when Kamala Harris enters the presidential election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com