യൂട്യൂബ് വിഡിയോ ചിത്രീകരിക്കാനായി ട്രെയിൻ പാളം തെറ്റിച്ചു , അപകടം; 17 വയസ്സുകാരൻ അറസ്റ്റിൽ
Mail This Article
നെബ്രാസ്‌ക ∙ അമേരിക്കയിലെ നെബ്രാസ്കയിൽ നിന്നുള്ള 17വയസ്സുകാരനായ യൂട്യൂബർ, റെയിൽവേ സ്വിച്ച് കൃത്രിമമായി മാറ്റി ട്രെയിൻ പാളം തെറ്റിച്ച സംഭവത്തിൽ അറസ്റ്റിൽ. തന്‍റെ യൂട്യൂബ് ചാനലിനായി അപൂർവ്വമായ വിഡിയോ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. പ്രായപൂർത്തിയാകത്തിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ 21-ന് നടന്ന സംഭവത്തിൽ, രണ്ട് ലോക്കോമോട്ടീവുകളും അഞ്ച് റെയിൽ കാറുകളും പാളം വിട്ട് മറ്റൊരു റെയിൽ കാറിൽ ഇടിച്ചു. ഈ അപകടത്തിൽ ഏകദേശം 350,000 ഡോളറിന്‍റെ നഷ്ടം സംഭവിച്ചു. അപകടം സംഭവിച്ച വിവരം ആദ്യം അധികൃതരെ അറിയിച്ചത് യൂട്യൂബർ തന്നെയായിരുന്നു.
റെയിൽവേ അധികൃതർ നടത്തിയ അന്വേഷണത്തിൽ, യൂട്യൂബർ തന്നെയാണ് അപകടത്തിന് കാരണക്കാരൻ എന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ റെയിൽവേ സ്വിച്ചിന് സമീപം സംശയാസ്പദമായി നടക്കുന്നത് കണ്ടെത്തിയതാണ് നിർണായകമായത്. കൂടാതെ, അപകടത്തിന് നാല് മിനിറ്റ് മുൻപ് അവിടെ ഒരു ട്രൈപോഡ് സ്ഥാപിച്ചതും ദൃശ്യങ്ങളിൽ വ്യക്തമായി.
"ഞാൻ ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഭ്രാന്തമായ വിഡിയോ" എന്ന തലക്കെട്ടോടെ ഈ അപകടത്തിന്‍റെ 5 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇയാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.ലങ്കാസ്റ്റർ കൗണ്ടി ജുവനൈൽ കോടതിയിൽ ഹാജരാക്കപ്പെട്ട യൂട്യൂബറിന് 15,000 ഡോളർ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കാനാണ് സാധ്യത.