ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസില്‍ ഇന്ത്യന്‍ സമൂഹം അവഗണിക്കാനാകാത്ത ശക്തിയാണ്. തിരഞ്ഞെടുപ്പില്‍ ആരു ജയിക്കണം എന്നു പോലും തീരുമാനിക്കാന്‍ കഴിയുന്ന ശക്തിയായി ഇന്ത്യന്‍ സമൂഹം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വംശജയായ കമല ഹാരിസിന് ഒരു പൊടിക്കു മുന്‍തൂക്കവുമുണ്ടെന്ന് പറയാതെ വയ്യ. ഇപ്പോഴിതാ ഇന്ത്യന്‍ വംശജര്‍ ഒത്തു ചേര്‍ന്ന് കമലയ്ക്ക് പിന്തുണയുമായി ഇറങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. 

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി ഒരു കൂട്ടം ഇന്ത്യന്‍-അമേരിക്കക്കാര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 'ഇന്ത്യന്‍ അമേരിക്കന്‍സ് ഫോര്‍ ഹാരിസ്' എന്ന പ്രചാരണം യുദ്ധഭൂമിയിലെ സംസ്ഥാനങ്ങളില്‍ കമലയ്ക്ക് പിന്തുണ നേടാനും രാജ്യത്തെ നയിക്കാനുള്ള ഇന്ത്യന്‍ പൈതൃകത്തിലെ ആദ്യ വ്യക്തിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അങ്ങനെ ഇന്ത്യന്‍ അമേരിക്കക്കാര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ട്രംപിനെ അനുകൂലിക്കുന്ന വിവേക് രാമസ്വാമിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് നോമിനി ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ ചിലുക്കുരി വാന്‍സും മാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ അമേരിക്കക്കാരുടെ ശ്രദ്ധ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനി കമലാ ഹാരിസ് ആണ്.

തന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ച് അപൂര്‍വമായി മാത്രമേ ഹാരിസ് സംസാരിക്കാറുള്ളൂവെങ്കിലും അമേരിക്കന്‍ ഇന്ത്യക്കാരുടെ വിജയമായാണ് പലരും ഹാരിസിന്റെ വിജയത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ഹാരിസിന് പിന്നില്‍ അണിനിരക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നുണ്ട്. 

നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ എന്നീ പ്രധാന സംസ്ഥാനങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ അമേരിക്കക്കാരെ അണിനിരത്തി ഹാരിസിന് വോട്ടുചെയ്യാന്‍ 'ഗ്രാസ് റൂട്ട്' ക്യാമ്പയിന്‍ പദ്ധതിയിടുന്നതായി നോര്‍ത്ത് കരോലിനയിലെ വ്യവസായി സ്വദേശ് ചാറ്റര്‍ജി പറഞ്ഞു. യുഎസ് പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വംശജയായ വ്യക്തിയായി കമല ഹാരിസ് മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

'ഇന്ത്യക്കാരിയായ അമ്മയുടെ മകളാണ് കമല. അവര്‍ക്ക് ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും ലഭിച്ചു. അവള്‍ പഠിച്ചത് ഇന്ത്യന്‍ മൂല്യങ്ങളാണ്. ഇന്ത്യന്‍ അമേരിക്കക്കാര്‍ പാര്‍ട്ടി ലൈനുകള്‍ക്ക് അതീതമായി അവരെ പിന്തുണയ്ക്കണമെന്ന് എനിക്ക് തോന്നി.' ചാറ്റര്‍ജി പിടിഐയോട് പറഞ്ഞു. ഈ രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് കമല എന്ന പേരില്‍ ഒരാള്‍ മത്സരിക്കുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കമലയുടെ ദ്വി-വംശീയ പൈതൃകം അമേരിക്കയുടെ പുതിയ മാറ്റങ്ങളുടെ ഉത്തമ ഉദാഹരണമാണ്. ജനസംഖ്യയുടെ 12.5 ശതമാനമെങ്കിലും ദ്വിജാതികളായി തിരിച്ചറിയുന്ന രാജ്യത്തെ പലരിലും കമലയുടെ പശ്ചാത്തലം പ്രതിധ്വനിക്കുന്നു. യുഎസിലെ ഏറ്റവും വിജയകരമായ കുടിയേറ്റ ഗ്രൂപ്പുകളിലൊന്നായ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് സ്വതന്ത്ര ലോകത്തിന്റെ നേതാവെന്ന നിലയില്‍ പരമോന്നത ഓഫിസില്‍ തങ്ങളുടേതായ ഒരാള്‍ ഉണ്ടെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ പറഞ്ഞു.

കമലാ ഹാരിസ് ശരിയായ സമയത്തെ ശരിയായ തിരഞ്ഞെടുപ്പായതിനാല്‍ അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ലോകം അസമത്വങ്ങളോടും പൊരുത്തക്കേടുകളോടും കൂടി പോരാടുമ്പോള്‍, യുഎസിനെയും സ്വതന്ത്ര ലോകത്തെയും നയിക്കാന്‍ നമുക്ക് അവരെ ആവശ്യമുണ്ടെന്നും ക്യാമ്പെയിന്‍ ചൂണ്ടിക്കാട്ടുന്നു. 'യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന നിലയില്‍, കമലാ ഹാരിസ് ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നു. അവരുടെ നതൃത്വവും മൂല്യങ്ങളും കൂടുതല്‍ നീതിയും സമത്വവും ഉള്‍ക്കൊള്ളുന്നതുമായ അമേരിക്കയ്ക്കുവേണ്ടിയുള്ള ഞങ്ങളുടെ കൂട്ടായ അഭിലാഷങ്ങളുമായി പ്രതിധ്വനിക്കുന്നതാണ്.' - സംഘം ചൂണ്ടിക്കാട്ടുന്നു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തായതിനെത്തുടര്‍ന്ന്, നവംബര്‍ 5ലെ വോട്ടെടുപ്പിന് 100 ദിവസം മുമ്പ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതുവരെ പിന്നിലായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നതാണ് പിന്നീട് ലോകം കാണുന്നത്. 

English Summary:

US presidential election: 'Indian Americans for Harris' Grassroots Campaign Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com