ഹാരിസ് - ബെയർ അഭിമുഖത്തിന് 70 ലക്ഷത്തിലധികം പ്രേക്ഷകർ
Mail This Article
ഫിലഡൽഫിയ ∙ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ഫോക്സ് ന്യൂസ് നടത്തിയ അഭിമുഖം 70 ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടതായ് നീൽസൺ മീഡിയ റിസർച്ച് ഡേറ്റ. ഫോക്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായി ആയിരുന്നു ഹാരിസിന്റെ അഭിമുഖം.
കുടിയേറ്റമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. അഭിമുഖം അവസാനിക്കുന്നതിനു 30 മിനിറ്റ് മുൻപ് തന്നെ ഹാരിസും അവതാരകനുമായ് തർക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ അഭിമുഖം പ്രസിഡന്റ് സ്ഥാനാർഥിയെ സഹായിക്കുമെന്നാണ് ഹാരിസ് അനുകൂലികൾ പറയുന്നത്.
ഹാരിസ് ഇതിന് മുൻപ് 60 മിനിറ്റ് പരിപാടിയിൽ പങ്കെടുത്തപ്പോൾ 57 ലക്ഷം ആയിരുന്നു കാണികൾ. 63 ലക്ഷം ആളുകളാണ് സെപ്റ്റംബറിൽ സിഎൻഎൻ നടത്തിയ അഭിമുഖം കണ്ടത്.
ഇതേ ദിവസം തന്നെ ഫോക്സ് ന്യൂസ് സംപ്രേഷണം ചെയ്ത മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിമുഖം 29 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ട്രംപിന്റെ അഭിമുഖം രാവിലെ 11 മണിക്കും ഹാരിസിന്റെ അഭിമുഖം വൈകിട്ട് 6 മണിക്കുമായിരുന്നു സംപ്രേഷണം ചെയ്തത്. വാഷിങ്ടനിലെയും വിസ്കോൻസെനിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ഹാരിസ് അഭിമുഖത്തിനായ് എത്തിയത്.