മോദിയുടെ ചായ് വാല കടമെടുത്ത് ട്രംപ്? ഗാര്‍ബേജ് മാന്‍ ആയി പുതിയ പ്രചാരണം
Mail This Article
ഹൂസ്റ്റണ്‍ ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കടം കൊള്ളുകയാണോ? ട്രംപിന്റെ പുതിയ 'ചവറ്' തന്ത്രം മോദിയുടെ 'ചായ് വാല' പ്രചാരണത്തിൽ നിന്ന് ആവേശം ഉള്‍ക്കൊണ്ടുള്ളതാണെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ആഴ്ച, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മക്‌ഡൊണാള്‍ഡില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഒരു 'ഗാര്‍ബേജ് മാന്‍' ആയി മാറിയത്. ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും 'ബഹുമാനാര്‍ഥം' ആണ് താന്‍ ഗാര്‍ബേജ് മാന്‍ ആയതെന്നാണ് ട്രംപ് പരിഹാസ രൂപേണ പറഞ്ഞത്.
വളരെക്കാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിന്തുടരുന്നവര്‍, ട്രംപിന്റെ പുതിയ പിആര്‍ തന്ത്രം അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014ലെ വിജയിച്ച 'ചായ് വാല' (ചായമാന്‍)' പ്രചാരണവുമായി സാമ്യമുള്ളതാണെന്ന് വിലയിരുത്തുന്നു. വലിയ മാഗ ഗാര്‍ബജ് ട്രക്കുമായാണ് ട്രംപിന്റെ വാഹനവ്യൂഹം വിസ്‌കോസണില്‍ എത്തിയത്. തന്നെ പിന്തുണയ്ക്കുന്നവരെ 'മാലിന്യം' എന്ന് വിളിച്ച ബൈഡനെ കുത്തിയായിരുന്നു ട്രംപിന്റെ പ്രസംഗം.
'എന്റെ മാലിന്യ ട്രക്ക് നിങ്ങള്‍ക്ക് ഇഷ്ടമാണോ? ഈ ട്രക്ക് കമലയുടെയും ജോ ബൈഡന്റെയും ബഹുമാനാര്‍ത്ഥമാണ്.' - MAGA സ്റ്റിക്കറുകളും ട്രംപ് പതാകയും പതിച്ച ട്രക്കിന്റെ പാസഞ്ചര്‍ സീറ്റില്‍ നിന്ന് ട്രംപ് പരിഹസിച്ചു. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ സമാനമായ ഗാര്‍ബേജ് ട്രക്കുമായി വിവേക് രാമസ്വാമിയും എത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രൈമറിയില്‍ നിന്ന് പുറത്തായതിന് ശേഷം ട്രംപിനെ അംഗീകരിച്ച രാമസ്വാമി, ഗാര്‍ബേജ് ജീവനക്കാരുടെ വസ്ത്രം ധരിച്ചാണ് പ്രചാരണത്തിന് എത്തിയത്.
അവഗണിക്കപ്പെട്ടവരുടെ രക്ഷകനാകാന്‍ ട്രംപ്
തന്റെ നേര്‍ക്ക് വരുന്ന അപഹാസ ശരങ്ങളെ തിരഞ്ഞെടുപ്പ് വിജയിക്കാനും പിന്തുണ ആര്‍ജിക്കാനുമുള്ള അവസരമാക്കി മാറ്റുന്നതാണ് നരേന്ദ്ര മോദിയുടെ തന്ത്രം. ഇതേ മാതൃകയാണ് ഗാര്‍ബേജ് വിഷയത്തില്‍ ട്രംപ് പയറ്റുന്നതെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എത്രകണ്ട് വിജയിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും അറിയാന്‍ കഴിയുക.