ഒക്‌ലഹോമ ഗവർണറുടെ ഉപദേശക സമിതിയിൽ മലയാളി; വിദ്യാർഥി രാഷ്ട്രീയം ഉപേക്ഷിച്ച് പൗരോഹിത്യം നേടിയ തിരുവല്ലാക്കാരൻ
Mail This Article
ഒക്‌ലഹോമ/ കോട്ടയം ∙ ഒക്‌ലഹോമ സംസ്ഥാന ഗവർണറുടെ സാമ്പത്തിക വികസനം, തൊഴിൽ ശക്തി/ മാനവ വിഭവശേഷി ഉപദേശക സമിതിയിൽ അംഗമായ് ഫാദർ ബാബു പെരിങ്ങോൾ (75). രണ്ട് വർഷമാണ് സമിതിയിലെ അംഗത്വ കാലാവധി. ജൂൺ 26ന് ഒക്‌ലഹോമയിൽ വച്ച് നടന്ന ജെ ഡി വാൻസുമായുള്ള പ്രത്യേക കൂടിക്കാഴ്ച പരിപാടിക്കായ് തിരഞ്ഞെടുക്കപ്പെട്ട 50 പേരിലെ ഏക ഏഷ്യൻ അമേരിക്കക്കാരനാണ് ഫാ. ബാബു പെരിങ്ങോൾ.
∙ വിദ്യാഭ്യസവും വിദ്യാർഥി രാഷ്ട്രീയവും
തിരുവല്ല കളരിക്കൽ പറമ്പിൽ കുടുംബാംഗമായ ഫാ. പെരിങ്ങോൾ 1968ൽ തിരുവല്ല വൈഎംസിഎയുടെ ആദ്യ യൂത്ത് സെക്രട്ടറി ആയിരുന്നു. തുടർന്ന് 1971ൽ ചങ്ങനാശ്ശേരി എൻഎസ്‍എസ് കോളജിൽ ബിഎ പഠനത്തിനായ് ചേർന്നു. അക്കാലത്താണ് സി അച്യുതമേനോൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഒരു എജ്യുക്കേഷൻ അഡ്വൈസറി ബോർഡ് രൂപികരിക്കുന്നത്. ചെയർമാനും 12 അംഗങ്ങളുമുള്ള ബോർഡിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി എം ജേക്കബ്, തുടങ്ങിയവർക്കൊപ്പം ഫാ. പെരിങ്ങോലും വിദ്യാർഥി അംഗമായിരുന്നു. ബിഎ പഠനം പൂർത്തിയാക്കി 1973ൽ ഡൽഹിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷന് ചേർന്നു.
ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് പ്രസ് സെക്രട്ടറിയും ഹിന്ദുസ്ഥാൻ ടൈംസിലെ എഡിറ്ററും ആയിരുന്ന ബി. ജി. വർഗീസിന്റെ സഹായത്തോടെയാണ് ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ബിസിനസ് അഡ്മിനിസ്ട്രേഷന് ചേരുന്നത്. ഇതോടൊപ്പം മിനിസ്ട്രി ഓഫ് ഇൻഡസ്ട്രീസിന്റെ കീഴിൽ സ്മാൾ ബിസിനസ് സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലും കോഴ്സിനായി ചേർന്നിരുന്നു. ഭാര്യ സാറാമ്മ നഴ്‌സ് ആയതിനാൽ ജോലി ആവശ്യത്തിനായി 1975 ഡിസംബറിൽ അമേരിക്കയിൽ എത്തി. തുടർന്ന് യുഎസിൽ എംബിഎ പഠനം പൂർത്തീകരിച്ച് സർക്കാർ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു.
∙ പൗരോഹിത്യം
സ്കൂൾ കാലഘട്ടത്തിൽ തന്നെ പള്ളിയുമായി അടുപ്പം പുലർത്തിയിരുന്ന പെരിങ്ങോൾ ബാലജനസഖ്യത്തിൽ സജീവ പങ്കാളിയായിരുന്നു. കുര്യാക്കോസ് മാർ കൂറിലോസ് തിരുമേനിയും കണിയാംപറമ്പിൽ അച്ഛനുമാണ് പൗരോഹിത്യം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. അങ്ങനെ 1981 ജൂൺ 14ന് കുര്യാക്കോസ് മാർ കൂറിലോസ് തിരുമേനിയിൽ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് സെന്റ് എഫ്രേം യൂണിവേഴ്സൽ സിറിയക് ഓർത്തഡോക്സ് മിഷൻ (SEUSOMM) സെക്രട്ടറി ജനറലായി ഇഗ്നേഷ്യസ് സാക്ക പ്രഥമൻ നിയമിച്ചു. 1995ൽ നോർത്ത് അമേരിക്കയിൽ സ്ഥാപിതമായ മലങ്കര യാക്കോബായ ചർച്ച് അതിരൂപതയിലെ മുതിർന്ന വൈദികനാണ് ഫാ. ബാബു പെരിങ്ങോൾ. കൂടാതെ അതിരൂപത സ്ഥാപിക്കുന്നതിലെ പ്രധാന വ്യക്തികളിലൊരാളും ഇദ്ദേഹമായിരുന്നു.
കഠിനാധ്വാനവും, മികച്ച ആശയങ്ങളുമാണ് തന്നെ ഗവർണറുടെ ഉപദേശക സമിതിയിൽ അംഗമായ് തിരഞ്ഞെടുക്കാൻ കാരണമെന്ന് ഫാ. പെരിങ്ങോൾ പറയുന്നു. ഫിനാൻഷ്യൽ അഡ്വൈസറായും സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. ബാബു പെരിങ്ങോളിന് പുതിയ പദവിയിലൂടെ സംസ്ഥാനത്തെ സേവിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.