ലോങ് ഐലൻഡ് സെന്റ് ആൻഡ്രൂ ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ക്യാംപെയ്ൻ ആരംഭിച്ചു
Mail This Article
ലോങ് ഐലൻഡ് (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ ലോങ് ഐലൻഡ് സെന്റ് ആൻഡ്രൂ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു.
ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിങ് കമ്മിറ്റി സംഘം സെന്റ് ആൻഡ്രൂ ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിൽ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോർഡിനേറ്റർ), ജെയ്സി ടി. ജോൺ (സുവനീർ ചീഫ് എഡിറ്റർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ആഞ്ജലീന ജോഷ്വ (റജിസ്ട്രേഷൻ ), കെസിയ എബ്രഹാം ആൻഡ് ജെറമിയ ജോർജ്ജ് (മീഡിയ ആൻഡ് എന്റർടൈൻമെന്റ്), എന്നിവരുണ്ടായിരുന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഡാനിയേൽ മത്തായി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജെയ്സൺ തോമസ് കോൺഫറൻസിന്റെ ദൗത്യവും ദർശനവും വിശദീകരിച്ചു. ജോൺ താമരവേലിൽ റജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി, ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു. സമ്മേളനത്തിന്റെ രണ്ടാം ദിവസം നടക്കുന്ന എന്റർടൈൻമെന്റ് നൈറ്റ് സംബന്ധിച്ച് കെസിയ ഏബ്രഹാം സംസാരിക്കുകയും പങ്കാളിത്തം ക്ഷണിക്കുകയും ചെയ്തു. നിരവധി സ്പോൺസർഷിപ്പുകളിലൂടെയും റജിസ്ട്രേഷനുകളിലൂടെയും മികച്ച പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
2025 ജൂലൈ 9 മുതൽ 12 വരെ കനക്ടികട്ട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രസംഗകർ. 'നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു' (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666) എന്നിവരുമായി ബന്ധപ്പെടുക.