ശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്കാരം
Mail This Article
ഹൂസ്റ്റൺ ∙ അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശശിധരൻ നായർക്കു മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഭീഷ്മാചാര്യ പുരസ്‌കാരം സമ്മാനിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിനു സംഘടനാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രമുഖ കലാകാരനും ആർട്സ് അധ്യാപകനും, ഷാർലറ്റിലെ നൂറു കണക്കിന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സ്റ്റുഡിയോ ഓഫ് വിഷ്വൽ ആർട്സിന്റെ ഉടമയുമായ ഗിരീഷ് നായരിൽ നിന്നും ഷാർലറ്റിൽ വച്ചു നടന്ന ശിവോഹം കൺവൻഷൻ ശുഭാരംഭം ചടങ്ങിൽ ശശിധരൻ നായർ പുരസ്‌കാരം ഏറ്റു വാങ്ങി.
മന്ത്രയുടെ ഹൂസ്റ്റൺ കൺവൻഷന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായ ശശിധരൻ നായരെ പോലെയുള്ളവരെ ആദരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു. സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ കാര്യപ്രാപ്തിയുള്ള യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ നേതൃ നിര മന്ത്രയ്ക്കുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ശശിധരൻ നായർ അഭിപ്രായപ്പെട്ടു.
ശശിധരൻ നായരുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭാര്യ പൊന്നമ്മ നായർ മികച്ച പിന്തുണ നൽകുന്നു. ഫോമാ, ഫൊക്കാന, കെഎച്എസ്, കെഎച്എൻഎ, കേരള കൾച്ചറൽ അസോസിയേഷൻ ഹൂസ്റ്റൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമയുടെയും ഗുരുവായൂരപ്പൻ ക്ഷേത്രം നിർമാണം സാധ്യമാക്കിയ കെഎച്ച്എസിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ നേതൃ നിരയിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ള പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംരഭങ്ങൾക്കു ചുക്കാൻ പിടിച്ചു. ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പോലെ തിളങ്ങിയ അദ്ദേഹം പിന്നീട് സംഘടനാ രംഗത്തും തന്റെ സാന്നിധ്യം ശക്തമാക്കി. അഡ്വൈസറി ബോർഡിലെ സാന്നിധ്യം, മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാർഗ ദീപം ആയിരിക്കും എന്ന് മന്ത്രയുടെ വിവിധ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.