യുവതിയുടെ കണ്ണിനുള്ളില്‍ ജീവനുള്ള തേനീച്ചകള്‍
Mail This Article
തായ്‌വാനില്‍ ഒരു സ്ത്രീയുടെ കണ്ണില്‍ നിന്നു ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് നാല് ജീവനുള്ള തേനീച്ചകളെ. കണ്ണില്‍ വീക്കവും അണുബാധയും ഉണ്ടായതോടെയാണ് പേര് വെളിപ്പെടുത്താത്ത യുവതി ഫൂയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് 29 കാരിയുടെ കണ്ണില്‍ നിന്നു ജീവനുള്ള നാല് തേനീച്ചകളെ നീക്കം ചെയ്തത്.
ലോകത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈക്രോസ്കോപ് ഉപയോഗിച്ചു യുവതിയുടെ കണ്ണുകള്‍ നിരീക്ഷിക്കവെയാണ് ജീവനുള്ള എന്തോ അനങ്ങുന്നത് ഡോക്ടര്‍മാര്‍ കണ്ടത്. പുറത്തെടുത്തപ്പോഴാണ് തേനീച്ചകളാണെന്നു മനസ്സിലായത്.
ഒരു ബന്ധുവിന്റെ ശവക്കല്ലറയ്ക്ക് സമീപം നിന്നപ്പോഴാണ് കണ്ണില്‍ എന്തോ വീണതായി തോന്നിയതെന്ന് യുവതി പറയുന്നു. അപ്പോള്‍ മുതല്‍ വല്ലാത്ത അസ്വസ്ഥത ആരംഭിച്ചിരുന്നു. കണ്ണുകള്‍ കഴുകിയെങ്കിലും വൈകാതെ കണ്ണിനുള്ളില്‍ അണുബാധ ആരംഭിച്ചു. ഇതിനുള്ളിൽത്തന്നെ കണ്ണിനുള്ളിലെ ഈര്‍പ്പത്തില്‍ തേനീച്ചകള്‍ മുട്ടയിട്ടു തുടങ്ങിയിരുന്നു. Halictidae എന്നാണ് ഇവയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന പേര്. തേനീച്ചകളെ നീക്കം ചെയ്ത യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.