അമിതഭാരം കിഡ്നി കാൻസറിലേക്കു നയിക്കാം
Mail This Article
അമിതഭാരം പലതരത്തിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ കിഡ്നിയെ ബാധിക്കുന്ന അര്‍ബുദം വരെ അമിതഭാരം മൂലം ഉണ്ടാകാം എന്നറിയാമോ? Renal Cell Carcinoma (RCC) എന്ന കാൻസറാണ് അമിതവണ്ണം മൂലം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു ഡോക്ടർമാര്‍ സൂചിപ്പിക്കുന്നത്. കാന്‍സര്‍ പെട്ടെന്നൊരുനാള്‍ ഒരാളെ പിടികൂടുന്ന രോഗമല്ല, മറിച്ചു വളരെ സാവധാനം പിടിമുറുക്കുന്ന രോഗമാണ്. അതുകൊണ്ടുതന്നെ ബാല്യം മുതലേ അമിതവണ്ണം ഉള്ളവര്‍ക്കു പിന്നീട് ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടർമാര്‍ വ്യക്തമാക്കുന്നു.
കിഡ്നിയെ ബാധിക്കുന്ന അർബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് Renal Cell Carcinoma (RCC) ആണ്. കോപ്പന്‍ഹെഗന്‍ സ്കൂള്‍ ഹെല്‍ത്ത് റെക്കോര്‍ഡ് റജിസ്റ്ററിന്റെ സഹായത്തോടെ 301,422 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഏഴു മുതല്‍ 13 വയസ്സുവരെയുള്ള ഇവരുടെ ഭാരവും നീളവും ബോഡിമാസ് ഇൻഡക്സും ചേര്‍ത്താണ് ഇവരെ അമിതവണ്ണം ഉള്ളവര്‍ എന്നും വണ്ണം കുറഞ്ഞവര്‍ എന്നും തരംതിരിച്ചത്. ഇവരില്‍ നടത്തിയ നിരീക്ഷണത്തില്‍ 1,010 പേര്‍ക്ക് (അതില്‍ 680 പുരുഷന്മാര്‍) പിന്നീടു കിഡ്നി കാന്‍സര്‍ സ്ഥിരീരിച്ചു. കുട്ടിക്കാലത്തു സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും പിന്നീട് ഇതേ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഭാരവും ഉയരവും, കിഡ്നി കാന്‍സറും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതു കൂടിയാണ് ഇവിടെ പഠനവിധേയമാകുന്നത്. അടുത്തിടെ സ്കോട്‌ലൻഡില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ പഠനം അവതരിപ്പിച്ചിരുന്നു.