ഈ നഗരത്തിലെ വെള്ളം ശരീരത്തില്‍ വീണാല്‍ കാത്തിരിക്കുന്നത് ത്വക്ക് രോഗം മുതല്‍ കിഡ്നി അണുബാധ വരെ
Mail This Article
വരള്‍ച്ച ബാധിച്ച ഒരു ചെറുപട്ടണത്തിലെ മുഴുവന്‍ ജനങ്ങളും ഇന്നു കഴിയുന്നത് എപ്പോള്‍ വേണമെങ്കിലും പടര്‍ന്നു പിടിക്കാവുന്ന ത്വക്ക് രോഗങ്ങളെ ഭയന്ന്. ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള കൊളാറെനിബ്രി എന്ന ചെറുനഗരത്തിലാണ് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. കാലങ്ങളായി ജലക്ഷാമമുള്ള സ്ഥലമാണിത്. ഈ പട്ടണത്തിന് സമീപത്തുകൂടി ഒഴുകിയിരുന്ന ബ്രാവോന്‍ നദി ഇപ്പോള്‍ പൂര്‍ണമായും ഒഴുക്കു നിലച്ച നിലയിലാണ്. മുൻപ് ഇവിടെ എല്ലാ ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ ആശ്രയിച്ചിരുന്ന നദിയായിരുന്നു ഇത്. ആകെ 650 പേരാണ് ഈ നഗരത്തിലെ താമസക്കാര്‍. ഇവര്‍ക്ക് അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍ തന്നെ രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണം. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ഈ നാട്ടിലെ ജനങ്ങള്‍ ഇപ്പോൾ ചില ഗുരുതര ത്വക്ക് രോഗങ്ങളുടെ പിടിയിലാണ്.
ഇവിടുത്തെ ഒരിറ്റു വെള്ളം ദേഹത്തു വീണാല്‍ത്തന്നെ കടുത്ത ത്വക്ക് രോഗങ്ങള്‍ പിടികൂടുന്ന അവസ്ഥയാണ്. വല്ലപ്പോഴും എത്തുന്ന വൊളന്റിയര്‍മാര്‍ കൊണ്ടുവരുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് ഇവിടെയുള്ളവർ കഴിയുന്നത്. ചർമത്തില്‍ വെള്ളം വീണാൽ പെട്ടെന്നു ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുകയും കടുത്ത ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുകയും ചെയ്യും വെള്ളം കൊണ്ടുവരാനായി എത്തിയ വൊളന്റിയര്‍മാര്‍ക്കും വെള്ളം തൊട്ടിട്ടു സ്കിന്‍ ഇന്‍ഫെക്‌ഷന്‍ സംഭവിച്ചു. പൂര്‍ണമായും മലിനമായ, മത്സ്യങ്ങൾ ചത്തുകിടക്കുന്ന ജലമാണ് മറ്റു നിവൃത്തി ഇല്ലാത്തതിനാൽ ജനങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നത്.
സിഡ്നി നഗരത്തില്‍നിന്ന് എട്ടരമണിക്കൂര്‍ ദൂരമാണ് ഈ പട്ടണത്തിലേക്ക്. വലിയ വികസനം വന്നെത്താത്ത ഓസ്ട്രേലിയയുടെ ഒരു ഭാഗമാണ് ഇവിടം. ചെളിയും മണ്ണും നിറഞ്ഞ നദിയിലാകട്ടെ ചത്ത മത്സ്യങ്ങളും കിളികളും മൃഗങ്ങളും കിടന്ന് അഴുകിയ നിലയിലും. ഗ്രീന്‍ ആല്‍ഗ ഈ വെള്ളത്തില്‍ അമിതമായ അളവിലുണ്ട്. ടാപ്പ് വെള്ളത്തില്‍ ഫില്‍റ്റര്‍ വച്ചാല്‍ പോലും യാതൊരു ഫലവുമില്ല എന്ന് ജനങ്ങള്‍ പറയുന്നു. കിഡ്നി ഇന്‍ഫെക്‌ഷന്‍, ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ എന്നിവ ഇപ്പോള്‍ പതിവാണ്, ത്വക്ക് രോഗങ്ങള്‍ സര്‍വസാധാരണവും. ഏറ്റവും അടുത്ത നഗരമായ വാള്‍ഗേറ്റില്‍ പോയാണ് ഇവിടുത്തെ പലരും അവധി ദിവസങ്ങളില്‍ കുളിക്കുന്നത്.
അവസ്ഥ ഗുരുതരമായതോടെ രണ്ടാഴ്ച കൂടുമ്പോൾ ആയിരക്കണക്കിന് ലീറ്റര്‍ ബോട്ടില്‍ വെള്ളവുമായി ഇപ്പോള്‍ വൊളന്റിയർമാര്‍ ഇവിടേക്ക് വരുന്നുണ്ട്. കുപ്പിവെള്ളം മാത്രമാണ് ജനങ്ങള്‍ കുടിക്കുന്നത്. ടാപ്പിലൂടെ എത്തുന്ന മലിനജലം ഒന്നിനും കൊള്ളാത്ത നിലയിലേക്ക് മാറിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ നിറഞ്ഞു കവിഞ്ഞു തെളിനീര്‍ പോലെ ഒഴുകിയിരുന്ന ബ്രവോന്‍ നദിയിലെ വെള്ളം കോട്ടന്‍ കൃഷിക്കായി ധാരാളമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് മലിനമായിത്തുടങ്ങിയതെന്നും വറ്റിപ്പോയതെന്നും ജനങ്ങള്‍ പറയുന്നു. സർക്കാരിന്റെ വീഴ്ചയാണ് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു.
ജനങ്ങള്‍ ഇവിടെനിന്ന് കൂട്ടത്തോടെ ഒഴിഞ്ഞു പോകാൻതുടങ്ങിയിട്ടുണ്ട്. അങ്ങനെയാണ് ഇപ്പോൾ 650 ആളുകള്‍ മാത്രമായത്. ഒരു പോസ്റ്റ് ഓഫിസ്, ഒരു ഇറച്ചിക്കട, ഒരു പലചരക്ക് കട, സര്‍വീസ് സ്റ്റേഷന്‍ എന്നിങ്ങനെ നാമമാത്രമായ കടകള്‍ മാത്രമാണ് ഇന്നീ പ്രേതനഗരത്തില്‍ ബാക്കി. എന്തായാലും സര്‍ക്കാരിന്റെ ശ്രദ്ധ ഉടനടി ഉണ്ടായില്ലെങ്കില്‍ ഈ നഗരം പൂര്‍ണമായും ജനങ്ങള്‍ ഒഴിഞ്ഞ നിലയിലാകാന്‍ അധികകാലം വേണ്ടിവരില്ല.