ADVERTISEMENT

മഴയ്ക്കു മുൻപായി പകർച്ചവ്യാധി ഭീഷണി ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം ഇതിനു പുറമേ ഷിഗല്ല വൈറസ് ബാധ കൂടി ജില്ലയിലേക്കെത്തുന്നു. കോടഞ്ചേരിയിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചത് ഷിഗല്ലമൂലമാണോയെന്നു കണ്ടെത്താൻ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൂത്ത ഇരട്ട സഹോദരങ്ങൾ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ‌ ചികിത്സതേടി.

കുരുവട്ടൂർ, ചെലവൂർ, ഓമശ്ശേരി, കുന്നമംഗലം എന്നിവിടങ്ങളിലായി 4 കുട്ടികൾക്ക് ഇത്തവണ ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കാരശ്ശേരിയിൽ ഒരു കുഞ്ഞ് ഷിഗല്ലയെ തുടർന്ന് മരിച്ചിരുന്നു.

ജില്ലയിൽ ഈ വർഷം ഇതുവരെ 90 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. 4 പേർ‌ മരിച്ചു. നൂറിലേറെ പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ചങ്ങരോത്ത് വിവാഹത്തിൽ പങ്കെടുത്ത ചേളന്നൂർ പുളിക്കൂൽതാഴം, വടകര, കൊയിലാണ്ടി ഭാഗങ്ങളിലുള്ളവർക്കാണ് കൂടുതലായി രോഗബാധയുണ്ടായത്. ആരോഗ്യ വിഭാഗം പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കുണ്ടുതോട്– മരുതോങ്കര ഭാഗങ്ങളിൽ മാത്രം 40 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 18 പേർക്ക് ഡെങ്കിപ്പനി ബാധ സംശയിക്കുന്നു.

ജലജന്യ രോഗങ്ങൾ

rd2-t

മലിനമായതും തണുത്തതുമായ ആഹാരപദാർഥങ്ങളും മാലിന്യം കലർന്ന വെള്ളവുമാണ് ജലജന്യ രോഗങ്ങൾക്ക് കാരണാകുന്നത്. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛർദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കൊഴുപ്പു കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവും നൽകുക. പൂർണവിശ്രമമാണ് ആവശ്യം. വയറിളക്ക രോഗങ്ങൾ ഷിഗല്ലയും കോളറയും വയറുകടിയുമെല്ലാമായി മാറിവരുന്നു. ഷിഗല്ല ബാക്ടീരയാണ് പ്രസ്തുത രോഗത്തിനു കാരണം. വയറിളക്കമായി വരുന്ന രോഗിയുടെ മലം പരിശോധിക്കുമ്പോഴാണ് ഷിഗല്ലയാണോയെന്ന് അറിയാൻ‌ സാധിക്കൂ. യഥാസമയം രോഗ നിർണയം നടത്തി ചികിത്സിക്കണം. അല്ലെങ്കിലും രോഗം മൂർച്ഛിച്ച് മരണത്തിനുവരെ കാരണമാകും.

വയറിളക്കം പിടിപെട്ട ഒരാൾക്ക് മലത്തോടൊപ്പം രക്തം പോകുന്നതാണ് അതിസാരത്തിന്റെ (വയറുകടി) ലക്ഷണം. കഞ്ഞിവെള്ളം പോലെയാണ് കോളറ ബാധിതർക്ക് വയറ്റിൽ നിന്നു പോവുക.

ചെയ്യേണ്ടവ

  •  സാധരണയിൽ നിന്നും വ്യത്യസ്തമായി ഒരുതവണ വയറിളക്കമുണ്ടായാൽ പോലും ഉടനെ വൈദ്യസഹായം തേടണം.
  • മലത്തോടൊപ്പം ജലാംശം കൂടി നഷ്ടമാകും. ഇതിലൂടെ ശരീരത്തിനു ആവശ്യമായ ലവണങ്ങൾ (സോഡിയം, പൊട്ടാസ്യം) നഷ്ടമായ നിർജലീകരണം സംഭവിക്കാം. അതു ഒഴിവാക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, മോരും വെള്ളം എന്നിവ നൽകണം. 
  • കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് ഒഴിവാക്കരുത്.
  • ആവശ്യത്തിനു അനുസരിച്ച് ഒആർഎസ് ലായനി ഉടനെ നൽകണം. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, ആശാപ്രവർത്തകർ എന്നിവരിൽ ഇതുലഭ്യമാകും.

എച്ച് 1 എൻ 1

വായുവിലൂടെയാണ് എച്ച് 1 എൻ 1 പകരുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായ ചുമ, പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. രോഗബാധിതർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മറ്റൊരാൾക്ക് കൈമാറുന്നതിലൂടെ രോഗം ബാധിക്കാം. രോഗി തുമ്മുമ്പോൾ തൂവാല ഉപയോഗിക്കണം. ഇത്തരം രോഗികളിൽ നിന്ന് 1 മീറ്ററെങ്കിലും അകലം പാലിക്കണം.

rd3-t

കൈകൾ സോപ്പുപയോഗിച്ച് കഴുകണം. രോഗം ബാധിച്ച ഒരാൾ മുഖത്തും മൂക്കിലുമെല്ലാം തൊട്ട കൈകൊണ്ട് മറ്റൊരാൾക്ക് കൈ നൽ‌കുമ്പോൾ രോഗം പിടിപെടും.

ഡെങ്കിപ്പനി

ഡെങ്കിപ്പനിക്കു കാരണമാകുന്ന ഈഡിസ് കൊതുകുകൾ നല്ല വെള്ളത്തിലാണ് മുട്ടയിട്ടുണ്ടാകുന്നത്. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിറ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. ഇതിൽ ഈഡിസ് ആൽബോ പിറ്റസാണ് ഇവിടെ സാധാരണ കണ്ടുവരുന്നത്.

rd4-t

രോഗബാധ തടയാൻ ശ്രദ്ധിക്കേണ്ടത്

  • വീട്, പരിസരം, ചിരട്ട, പൊട്ടിയ പാത്രം, ടയർ, പാഴ്‌വസ്തുക്കൾ, ഫ്രിജിനു പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിഭാഗത്തെ ട്രേ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
  •  വീടിനുള്ളിൽ തുണികൾ സ്ഥിരമായി തൂക്കിയിടരുത്.
  •  ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  •  ആഹാരത്തിനു മുൻപും ശേഷവും മലമൂത്ര വിസർജത്തിനു ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.
  • പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്.
  •  ശീതള പാനീയം, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രമാണ് തയാറാക്കുന്നതെന്നു ഉറപ്പുവരുത്തുക.
  • കിണറുകൾ, കുടിവെള്ള സ്രോതസ്സുകൾ തുടങ്ങിയവ അണുവിമുക്മാക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com