കൊതിപ്പിച്ചുകളഞ്ഞു വെട്ടൂർ വൈദ്യർ
Mail This Article
ചികിൽസകളിലെ വൈവിധ്യം അനുഭവിച്ച വഴികളിലൂടെ ഒരു യാത്ര. ചികിൽസയിലെ ബഹുസ്വരത ഒരു പക്ഷേ കുറഞ്ഞുവരുന്ന ഒരു കാലത്ത് കഴിഞ്ഞകാല നാളുകളിലെ ചികിൽസാവൈവിധ്യങ്ങളിലേക്കു വെളിച്ചം വീശുന്ന പംക്തി- 'ചികിൽസായനം'.
എന്നെ ചികിൽസിച്ചു കൊതിപ്പിച്ചുകളഞ്ഞത് വെട്ടൂർ വൈദ്യരാണ്. ഏഴു ദിവസം വൈദ്യർ എന്നെ തിരുമ്മി. ഞാൻ ഏക പേഷ്യന്റ്. വൺ ടു വൺ ട്യൂഷൻ പോലത്തെ ഒരിടപാട്. ഉച്ചയ്ക്കു ശേഷമാണ് തിരുമ്മൽ. വീട്ടിൽ ഫുൾ ടൈം താമസിച്ചാണു ചികിൽസ. രാവിലെ വൈദ്യർ ഫ്രീ ആണ്. ഞാനും ഫ്രീ ആണ്. സകല കോടാകൊള്ളിയിലും പോയി തലയിടുന്ന പ്രകൃതമാണു വൈദ്യർ. സാമാന്യം നന്നായി വെള്ളമടിക്കും. നാടൻവാറ്റ്. അതടിച്ചുകഴിഞ്ഞാൽ മുഴുവൻ പ്രപഞ്ചത്തെയും പുലഭ്യം പറയും. വഴിയിൽ കാണുന്ന ആരെയും തടഞ്ഞുനിർത്തും. അഭ്യാസിയാണ്. അതുകൊണ്ടുതന്നെ ആരും വൈദ്യരെ കൈ വയ്ക്കാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ചൊറിച്ചുമല്ലിൽ വിദഗ്ധനാണ് വൈദ്യർ. അതിലൊക്കെ അശ്ളീലമുണ്ട്. ഇതിഹാസപുരാണങ്ങളൊക്കെ അറിയാം. മറ്റാർക്കും അറിയാത്ത പുരാണങ്ങൾ വൈദ്യർക്കറിയാം. ശ്ളോകങ്ങൾ ചൊല്ലി വ്യാഖ്യാനിക്കും. അതൊക്കെ മിക്കവാറും വൈദ്യരുടെ കയ്യിലിരിപ്പുകൾക്കു ന്യായമായിട്ടുള്ളവയാകും. അതു കേട്ടിട്ടു നമുക്കത്ര ബോധിച്ചില്ലെന്നു തോന്നിയാൽ ഒച്ച ഉയർത്തും– ‘‘...ദെന്താടാ... നിനക്കതങ്ങു പിടിച്ചില്ല്യോ..?’’ എന്നിട്ടു രൂക്ഷമായി നോക്കും. ഇരുത്തിയൊന്നു മൂളും. ഇതൊക്കെ കള്ളിന്റെ മൂപ്പിലാണ്.
ഉച്ചയൂണു കഴിഞ്ഞു വൈദ്യരൊന്നു മയങ്ങും. അതു കഴിഞ്ഞാൽ ആളു നല്ലകുട്ടിയാകും. നാലു മണിയോടെ എനിക്കു ചികിൽസ തുടങ്ങും. തൈലം ഉരുളിയിൽ ചൂടാക്കി ദേഹം തടവി കിഴികുത്തി പിന്നെ മരുന്നും കഴിപ്പിച്ചു കഴിഞ്ഞാൽ എനിക്കൊന്നു വിശ്രമിക്കാം. ശേഷം ഞങ്ങൾ ആറ്റിലേക്കു പോകും. വൈദ്യർക്ക് ആറ്റിലാണു കുളി. എനിക്കു തിരിച്ചു വീട്ടിലെത്തിയ ശേഷം ചൂടുവെള്ളത്തിലാണു കുളി. പക്ഷേ വൈദ്യർക്കു കമ്പനി പോകണം. ആറ്റിൽ കുളിച്ചുകയറുന്നതിനിടെയാകും മിക്കവാറും വൈദ്യർ പുരാണങ്ങൾ വിശദീകരിക്കുക.
ഞാൻ ഡിഗ്രി കഴിഞ്ഞു തൊഴിൽരഹിതനായും കൂട്ടത്തിൽ ട്യൂട്ടോറിയലിൽ ട്യൂഷനെടുത്തും കഴിയുന്ന കാലമാണ്. ഒരു ദിവസം ആറ്റിൽ തൊട്ടിക്കയത്തിൽ ഉണ്ട കളിക്കുന്നതിനിടയിലെ വാശിയേറിയ മുങ്ങാംകുഴി നീന്തലിൽ എന്റെ തോളിന്റെ കുഴ തെറ്റി. ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദനയറിഞ്ഞ് ഒറ്റക്കൈയിൽ തുഴഞ്ഞുപൊങ്ങി ഞാൻ കരയണഞ്ഞു. വലതുകൈ എന്നെന്നേക്കുമായി നഷ്ടമായെന്നു തോന്നി. ഏറെ നേരത്തിനു ശേഷം, കൂടെ നീന്തിയവരുടെ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം കൈ ഉണ്ടെന്നു ബോധ്യപ്പെട്ടു ഞാൻ വീട്ടിലേക്കു മടങ്ങി.
രാത്രി ഉറങ്ങുമ്പോൾ കുഴ വീണ്ടും തെറ്റി. തിരിഞ്ഞു കിടന്നപ്പോഴാകണം. അതിവേദനയിൽ പിടഞ്ഞുപോയി. തിരുമ്മിയാൽ ശരിയാകും എന്ന് എല്ലാവരും പറഞ്ഞു. രാവിലെ ചക്കിട്ടയിലെ ശ്രീധരൻ ചാന്നാരെ ചെന്നുകണ്ടു. സാമാന്യം നല്ല തിരുമ്മുവിദഗ്ധനാണ്. പരിസരത്തൊക്കെ ആർക്കും ഉണ്ടാകുന്ന ഓർത്തോപീഡിക് പ്രശ്നങ്ങളൊക്കെ ആദ്യം കൈകാര്യം ചെയ്യുന്നതും വേണമെങ്കിൽ മറ്റിടങ്ങളിലേക്കു റെഫർ ചെയ്യുന്നതും ചാന്നാരാണ്. എന്റെ സുഹൃത്ത് മുരളിയുടെ അഛ്ചനാണ്. മുരളിയുടെ ചേച്ചിമാർ എന്റെ അമ്മാമ്മമാരടെ (ചേച്ചിമാരുടെ) കൂട്ടുകാരികളാണ്. ചുരുക്കത്തിൽ നല്ല അടുപ്പമുള്ള വീടുകളാണ് ഞങ്ങളുടേത്. പത്തു മിനിറ്റു നടന്നാൽ ആ വീട്ടിലെത്തും. കാര്യം പറഞ്ഞു. കാര്യമായി കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു ചാന്നാർ. 5 ദിവസം തിരുമ്മി. രണ്ടുദിവസം കഴിഞ്ഞു ചെല്ലണമെന്നു പറഞ്ഞു. ചെന്നപ്പോൾ ഉമ്മറപ്പടിയിൽ നിന്ന് വയ്യാത്ത കൈ കഴുക്കോലിൽ പിടിപ്പിച്ചു. ഇനി ഒറ്റക്കയ്യിൽ തൂങ്ങാൻ പറഞ്ഞു. കാൽച്ചുവടുകൾ റിലീസ് ചെയ്തു ഞാൻ തൂങ്ങി. പ്രശ്നമൊന്നുമില്ല. " ങാ.... കൈക്കു പ്രശ്നമൊന്നുമില്ല. കുറച്ചു ദിവസം സൂക്ഷിച്ചാൽ മതി. ശരിയായിക്കൊള്ളും." ചാന്നാർ എനിക്കു സൗഖ്യം നേർന്നു പറഞ്ഞുവിട്ടു.
കുറെ ദിവസം കഴിഞ്ഞപ്പോൾ എല്ലാം ശരിയായ പോലെ തോന്നി. കൈ തരിയുമ്പോൾ ചില്ലറ ‘കറകട’ ശബ്ദം ഉണ്ടെന്നേയുള്ളു. അതു സാരമാക്കാനില്ല. ഞാൻ വീണ്ടും ആറ്റിൽ ചാടി. കുറെ നീന്തിയപ്പോൾ കുഴപ്പമില്ല. പിന്നെ കാര്യങ്ങൾ അയച്ചയച്ചുവിട്ടു. രണ്ടുമൂന്നു ദിവസം അങ്ങനെ കഴിഞ്ഞു. പിന്നെ നീന്തലിനു ശക്തി കൂടി. അതിനിടെ ഒരുനാൾ അതു സംഭവിച്ചു. കൈവീശിയെടുത്ത് വെള്ളം മൊത്തമായി തള്ളി അക്കരെയ്ക്കെത്താൻ ഒരു കുതിപ്പ്.
" അയ്.... " നിലവിളിച്ചുപോയി.
പഴയതുപോലെ തന്നെ.
അതിവേദനയും കൈ ശരീരത്തിൽ നിന്ന് വേർപെട്ടു പോയ പോലെയും. സുഹൃത്തുക്കൾ തടവി.
കയത്തിനു കരയിൽ പാറയിലിരുന്നു വേദനകൊണ്ടു വിങ്ങുന്ന എന്റെ മുഖത്തു നോക്കി ഞങ്ങളുടെ വീട്ടിലെ പട്ടി തൊമ്മി എന്നെ മണത്തു നോക്കുകയും മൂളുകയും ചെയ്തു.
അവൻ ഒരു ബുദ്ധിമാനായ നായ് ആയിരുന്നു. വൈകുന്നേരത്തെ കുളിക്ക് ഞങ്ങൾ സുഹൃത്തുക്കൾ പുറപ്പെടുമ്പോൾ അവനെയും കൂട്ടും. സോപ്പുപെട്ടി കടിച്ചെടുത്തു ചങ്ങാതി മുന്നിൽ നടക്കും. പിയേഴ്സ് സോപ്പിന്റെ ആകൃതിയിൽ ഒരു സ്റ്റീൽ സോപ്പുപെട്ടി അന്നു വീട്ടിൽ ഉണ്ടായിരുന്നത് തൊമ്മിക്ക് കടിച്ചെടുക്കാൻ പാകത്തിലുള്ളതായിരുന്നു. ഞങ്ങൾ പുഴയിൽ ചാടുമ്പോൾ അവനും ചാടും. വെള്ളത്തിൽ അവനു പറ്റുന്ന വിക്രസുകളൊക്കെ കാട്ടും. പുഴയ്ക്കക്കരെ കാടാണ്. കുറെ ആയാൽ കാട്ടിലേക്ക് കയറിപ്പോകും. അവിടെ ചുമ്മാ ഓടും. കാട്ടുകോഴിയെയും മറ്റും മണത്തുകണ്ടുപിടിച്ചു പറപ്പിക്കും. ഞങ്ങളുടെ കുളിയും ഉണ്ടകളിയുമൊക്കെ കഴിയുമ്പോഴേക്കും ഇറങ്ങിവരും.
ആ വരവിലും അന്നവൻ കണ്ടത് എന്റെ വേദന കടിച്ചു പിടിച്ചുള്ള ഇരിപ്പാണ്. ആദ്യത്തെ അപകടദിവസവും അവൻ ഇതുപോലെ എന്റെ വേദനയിൽ പങ്കാളിയായിരുന്നു. ആവേശ രഹിതനായാണ് തൊമ്മി സോപ്പുപൊട്ടിയും കടിച്ചു വീട്ടിലേക്ക് എന്റെയൊപ്പം നടന്നത്.
വെറുതെ നടക്കുമ്പോൾ പോലും കൈ ഇടറുമെന്നാതായി പിന്നത്തെ എന്റെ അവസ്ഥ. ആ അവസ്ഥയെ നേരിടുന്നതെങ്ങനെ എന്ന് കൂലംകഷമായി ആലോചിച്ചു. സർജറിയാണ് ഡോക്ടർ വിധിച്ചത്. എന്നാൽ പൂർണമായി മാറുമെന്ന് ഉറപ്പില്ല.
ഉറപ്പില്ലാത്ത ഓപ്രേഷൻ ഒരു പ്രശ്നമായി നിലൽക്കുന്നതിനിടെയാണ് എന്റെ മാവി മറിയാമ്മസാറിന്റെ മകൻ അനിയന്റെ നടുവേദന തിരുമ്മി മാറ്റിയ വെട്ടൂർ വൈദ്യൻ ചർച്ചയിൽ കടന്നുവന്നത്. മാവിയുടേതയിരുന്നു നിർദേശം.
വെട്ടൂരിൽനിന്ന് ബസ് കയറി വൈദ്യർ തണ്ണിത്തോട്ടിലെത്തുകയായിരുന്നു. ഒരുച്ചയ്ക്കു ശേഷം.
മൂഴി ബസ് സ്റ്റോപ്പിൽ ഇറങ്ങിയതേ വൈദ്യർ 'ദ്രാവകം ' എവിടെ കിട്ടും അതിന്റെ ക്വാളിറ്റി എങ്ങനെ എന്നതെല്ലം മനസ്സിലാക്കിയിട്ടാണ് വന്നത് എന്ന് പിന്നീടെനിക്കു മനസ്സിലായി.
മുറ്റത്തു നിന്നുതന്നെ ൈവദ്യർ എന്നെ ആപാദചൂഡം നോക്കി.
ഞാനും നോക്കി. ഏറെ പൊക്കമില്ല. അറുപതോ അതിലധികമോ പ്രായം. കഷണ്ടി കയറിയ തല. മുന്നിൽ നിന്നുള്ള ചിലതടക്കം മുടി ശേഷമുളളത് ലേശം നീട്ടി പിന്നോട്ടു ചീകി വച്ചിരിക്കുകയാണ്. നരച്ച താടിയും മീശയും. മീശ ലേശം പിരിച്ചുകയറ്റിയും തടവിക്കയറ്റിയും വച്ചിട്ടുണ്ട്. കണ്ണുകൾ തറപ്പിച്ചു നോട്ടം. കൃഷ്ണമണികൾ വശത്തേക്കാക്കി നോട്ടമൊന്നു കറക്കും. മൈഡിയർ കുട്ടിച്ചാത്തനിലെ കൊട്ടാരക്കരയുടെ കണ്ണിനൊക്കും വൈദ്യരുടെ കണ്ണും. മുറിക്കയ്യൻ വരയൻ ഷേർട്ട്. തോളിൽ രണ്ടാംമുണ്ടായി ചുട്ടിത്തോർത്ത്.
കൂടുതൽ വർത്തമാനമൊന്നുമില്ലാതെ വൈദ്യർ എന്നെ അടുത്തുവിളിച്ചു നിർത്തി കൈ പിടിച്ചുതിരിക്കുകയും ശക്തിയായി വലിക്കുകയുമൊക്ക ചെയ്തു.
ശരിയാകും എന്നു പ്രഖ്യാപിച്ചു. ഏഴു ദിവസം ഉഴിയണം. പിന്നെ ഏഴു ദിവസം മരുന്നു തുടരണം. ‘‘ശരിയാകും.’’– ഒച്ചയുർത്തി വൈദ്യർ പറഞ്ഞു.
പിറ്റേ ദിവസം മരുന്നുശേഖരണവും തൈലമുണ്ടാക്കലുമൊക്കെയായി പോയി. ഉഴിയാൻ വൈദ്യർക്കു വൈദ്യരുണ്ടാക്കുന്ന തൈലം തന്നെ വേണം.
അടുത്ത ദിവസം തിരുമ്മൽ തുടങ്ങി.
തഴപ്പായയിൽ കിടത്തിയാണ് തിരുമ്മലും കിഴിയും. ആദ്യ രണ്ടുദിവസം കഴിഞ്ഞാൽ തിരുമ്മൽ തീരുംവരെ കോഴിമരുന്നും സേവിക്കണം.
കോഴിമരുന്ന് ഒരു വലിയ സംഭവമാണ്
പത്തുനാളിൽ താഴെ പ്രായമുള്ള കോഴിക്കുഞ്ഞാണ് പ്രധാന ഐറ്റം. കമുകിൻ ചൊട്ട (ഇളംതൈ) രണ്ടാമത്തെ ഇൻഗ്രേഡിയന്റ്. കുറെ ചുവന്നുള്ളി, ചില അങ്ങാടിമരുന്നുകൾ ഇവ വേറെ. എല്ലാംകൂടി ഒന്നിച്ച് ഉരലിലിട്ട് ഇടിച്ചു ചാറെടുത്തു വാറ്റുചാരായത്തിൽ ചേർത്ത് ഒറ്റ വലിക്കങ്ങു കഴിക്കുന്നതാണ് കോഴി മരുന്ന്. കോഴിക്കുഞ്ഞിനെ പപ്പും പൂടയുമൊന്നും പറിക്കാതെ തലപിരിച്ച് നേരേ ഉരലിലിടും. പിന്നെ ബാക്കിയുള്ള ചേരുവകളും ഇടും. ഉലക്കകൊണ്ടിടിച്ചു നല്ലകുഴഞ്ഞ പരുവത്തിലാകുമ്പോൾ തെങ്ങിന്റെ അകമടലിലെ കോഞ്ഞാട്ട (അരിപ്പ) ഉരിച്ചെടുത്തതിൽ ഈ ഇടിച്ചു കൂട്ടിയ മിശ്രിതം വച്ചു പൊതിഞ്ഞ് തുണി പിഴിയും പോലെ പിഴിയും. ഒരു ഗ്ലാസിന് ഏതാണ്ടൊരു പകുതിക്കുണ്ടാകും ഈ കോഴി സത്ത്. ഇതിലേക്കാണ് സമം വാറ്റുചാരായം ചേർക്കുക.
വാറ്റുരായം പോയിട്ട് ഒരു വിധ മദ്യവും കയറ്റാത്ത വീടാണ്.
പക്ഷേ മരുന്നായി കഴിക്കാം. കഴിക്കാതെ നിവൃത്തിയില്ല. വീട്ടിലെല്ലാവരും അതിനോടു പൊരുത്തപ്പെട്ടു
തിരുമ്മിന്റെ അവസാനത്തെ അഞ്ചു ദിവസവും ഞാൻ കോഴിമരുന്നു ചേർത്ത വാറ്റുചാരായമടിച്ചു. അല്ലെങ്കിൽ വാറ്റുചാരായം ചേർത്ത കോഴിമരുന്നു സേവിച്ചു.
കോഴി മരുന്നു സേവിച്ച ആദ്യദിവസംതന്നെ എനിക്കു ദേഹമൊക്കെ ഊടുപാടു ചൊറിഞ്ഞു. തൊലിക്കടിയിലൂടെ തീക്കനൽ പായുംപോലത്തെ ചൊറിച്ചൽ. ചൊറിച്ചിലിനെക്കാൾ ഭേദം കയ്യുടെ വേദനയായിരുന്നു എന്നു തോന്നിപ്പിച്ചുപോകുന്ന ചൊറിച്ചിൽ.
വൈദ്യർ പറഞ്ഞു: " നിന്റെ ശരീരത്തുള്ള ദുഷ്ട് ഒക്കെ ഇളകുകയാടാ "
ശരിയാണെന്നു ഞാനും വിചാരിച്ചു.
അഞ്ചു ദിവസവും ' ദുഷ്ട് ' ഇളകി. ഞാൻ ചെറിച്ചിലിന്റെ പാരമ്യതയിലുമെത്തി.
(ആർക്കും മനസ്സിലാവാത്ത ഒരു സത്യമാണ് ഈ ചൊറിച്ചിലിൽ വെളിപ്പെട്ടിരുന്നത്. തിരിച്ചറിയാൻ വർഷങ്ങളെടുത്ത സത്യം. അതു പിന്നീട്).
ഇതിനിടയിലും വൈദ്യരുമായൊത്തുള്ള ഇടവേളകൾ ആനന്ദകരമായി പോയി. ആറ്റിൽനിന്ന് തിരികെ വരുന്ന വഴികളിൽ വൈദ്യർ കുട്ടികളെ കണ്ണു മുഴുപ്പിച്ചുകാട്ടുകയും മുതിർന്നവരെ മീശ തടവിക്കാണിക്കുകും ചെയ്തു. പിന്നെ അതു തമാശയാണെന്ന് കണ്ണിറുക്കിച്ചിരിച്ചു. കുളികഴിഞ്ഞു തിരികെ വരുംവഴിക്കാണ് വൈകിട്ടത്തെ സേവ. അതുള്ള മാടക്കടകളൊക്കെ വൈദ്യർക്കറിയാം. പറ്റു തീർക്കേണ്ടതു ഞാനാണ്. അതു ' കുറിച്ചോളാൻ’ ഞാൻ കടയുടമയ്ക്ക് കണ്ണു കൊണ്ടു സിഗ്നൽ നൽകും. കടയുടെ മുറ്റത്തു നിന്നുതന്നെ സംഗതി കൊള്ളുന്നതിന്റെ സൂചനകൾ കിട്ടും. ആദ്യസൂചന വൈദ്യർ ചൊറിച്ചുമല്ലു തുടങ്ങുന്നതാണ്.
ആരെങ്കിലും പറയുന്ന വർത്തമാനത്തിലെ ഒരു പദം എടുത്ത് വൈദ്യർ ഒരു ചൊറിച്ചുമല്ല് ചോദ്യമായി ഉന്നയിക്കും. പരിസരം സജീവമാകും ആളുകൂടും. പുഴക്കരയിൽ തന്നെയുള്ള മാടക്കടയുടെ മുന്നിൽ നിന്ന് ആരെങ്കിലും ‘നല്ല കാറ്റ്’ എന്ന് പറഞ്ഞാൽ കാറ്റിൽനിന്ന് ഒരു ചൊറിച്ചുമല്ല് വരികയായി. വീട്ടിലേക്കുള്ള വഴിയിൽ സന്ധ്യ വീണിട്ടുണ്ടാകും. ഏതെങ്കിലും വീട്ടിൽനിന്ന് 'കൂട്ടിക്കേറ് കോഴീ ' എന്ന് ഒരൊച്ച വരും. ഉടൻ കോഴി ചൊറിച്ചുമല്ലാകും. കലവും കുടവും മൊന്തയും ചക്കയും ഒക്കെ നിമിഷം കൊണ്ടു തിരിഞ്ഞുമറിയും.
രാവിലെകളിൽ ആറ്റിൽ കുളി കഴിഞ്ഞു മരുന്നുകടയിലും കയറിവരുന്ന വൈദ്യർ ചില നേരങ്ങളിൽ വീട്ടിൽ ഒരാളായിമാറും. ഉച്ചയ്ക്ക് ശാപ്പാടിലേക്ക് അമ്മ ചക്കപ്പുഴുക്ക് ഉണ്ടാക്കാനൊരുങ്ങുമ്പോൾ ‘‘തള്ളയ്ക്കു നാലു ചക്കക്കുരു ചെരണ്ടിക്കൊടുക്കെടാ’’ എന്നു വൈദ്യർ എന്നോടു കൽപ്പിക്കും. ഞാൻ ചക്കക്കുരു പൊളിക്കുന്നതിനിടെ വൈദ്യരും സ്വന്തം മടക്കുപിച്ചാത്തികൊണ്ട് മൂന്നു നാലു ചക്കക്കുരു ചുരണ്ടി വെടിപ്പാക്കും. അതൊക്കെ ആണുങ്ങൾക്കും ആകും എന്നതാണ് വൈദ്യരുടെ പ്രമാണം.
അന്നു വീട്ടിൽ ഒരു മൈനയുണ്ട്. എണ്ണക്കറുപ്പുള്ള കാട്ടുമൈന. നന്നായി വർത്തമാനം പറയും. അതിനെ ചൊടിപ്പിക്കലാകും ചിലപ്പോൾ വൈദ്യർക്കു വിനോദം. ‘‘നിന്നെ ഞാൻ വാണത്തേക്കേറ്റി പറപ്പിക്കും’’ എന്നൊക്കെ പറയും. അതിനെക്കൊണ്ടു പറ്റുന്നതൊക്കെ മൈനയും പറയും. ‘‘മര്യാദയ്ക്കിരുന്നോണം’’ എന്നത് അതിൽ പ്രധാനം. വഴക്കു മൂക്കുമ്പോൾ അമ്മ ഇടപെടും.
‘‘വൈദ്യരേ, അതിനെ വേണ്ടാത്തതൊന്നും പഠിപ്പിക്കല്ലേ.’’
അതു കേൾക്കുന്നതും വൈദ്യർ വലതുകൈ നെഞ്ചിനു കുറുകെ വച്ച് ഇടതു കൈകൊണ്ട് വായ് പൊത്ത് എബൗട്ടേൺ അടിക്കും.
സ്ത്രീകളെ ബഹുമാനിക്കുന്നതിൽ വിട്ടുവീഴ്ചയില്ല.
ആട്ടിൻകൂടിനു ചുറ്റും അടിച്ചിരുന്ന മുളംപട്ടികയിലൊന്ന് ഇളകി വീണിരിക്കുന്നത് ഒരു ദിവസം കണ്ണിൽപ്പെട്ട വൈദ്യർ അതുറപ്പിക്കാൻ തീരുമാനിച്ചതു പെട്ടെന്നാണ്.
‘‘ഒരാണിയെടുത്തു കൊണ്ടുവാടാ– ചുറ്റികയും’’.
ഞാൻ ആണി തപ്പി. എങ്ങുമില്ല. ഇല്ലെന്നു കേട്ടപ്പോൾ വൈദ്യർ ക്ഷുഭിതനായി.
ഞാനൊരു കസൃതിപറഞ്ഞു.
‘‘ആണിയില്ലെങ്കി നാരായാലും മതിയോ’’.
(ഇന്നാണെങ്കിൽ പറയില്ല.)
‘‘ആണിക്കാണി തന്നെ വേണമെടാ’’ എന്നു വൈദ്യർ പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി മുളച്ചു.
അതുകണ്ട് കണ്ണിൽ സംശയമുന എരിഞ്ഞതിനൊടുവിൽ വൈദ്യർക്കു കാര്യം പിടികിട്ടി. ഞാനടിച്ചത് ഒരു ചൊറിച്ചുമല്ലാണ്.
‘‘...ഖഴുവേർർട മോനേ "
ആ ചൊറിച്ചുമല്ലോടെ വൈദ്യർ എന്നെ അൽപ്പം അംഗീകരിച്ചു. ഒരു ‘ശ്ലോക’ത്തോടെ അംഗീകാരം ഉറച്ചു. ഒരു പൂർവാഹ്നത്തിലെ വൈദ്യരുടെ വാചകധോരണി എഴുത്തച്ഛനിലൂടെയും ചെറുശ്ശേരിയിലൂടെയും കുഞ്ചൻനമ്പ്യാരിലുടെയും ഒക്കെയങ്ങനെ പോയി. ഞാൻ അജ്ഞനായി കേട്ടിരുന്നു. ജീവിതത്തിന്റെ ക്ഷണികത പറയാൻ പിന്നെ എഴുത്തച്ഛനെ കൂട്ടുപിടിച്ചു. ‘ചക്ഷുശ്രവണ ഗളസ്തമാം ദർദുരം’ എനിക്ക് വിശദീകരിച്ചു തന്നു. സ്കൂളിലും കോളജിലും അതു പഠിച്ചതാണെങ്കിലും വൈദ്യരുടെ വ്യാഖ്യാനത്തിന് ഞാൻ കമന്റൊന്നും പറഞ്ഞില്ല. നമ്മുടെ രീതി അങ്ങനെയായിപ്പോയി. വൈദ്യരുടെ ഉള്ളുറപ്പിച്ചു നിർത്തുന്നത് ഇതൊക്കെയാണല്ലോ എന്ന് ഉള്ളിൽ വിചാരിക്കുകയും മൂളിക്കേൾക്കുകയും മാത്രം ചെയ്തു. ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നാണ് വൈദ്യർക്കു തോന്നിയത്. അതു പുള്ളിക്കത്ര പിടിച്ചില്ല.
‘‘നിനക്കെന്താടാ, എന്നോടിത്ര ക്ഷാത്രം?’’
പിന്നെ ഒച്ചയുയർത്തി എന്റെ വിവരമില്ലായ്മയെ കുത്തിപ്പറഞ്ഞു. ' മാപ്ല' യ്ക്ക് ഇതൊക്കെ എങ്ങനെ തിരിയാൻ എന്ന മട്ടിലായി കാര്യങ്ങൾ. വല്ലാതെ വൈദ്യർ എന്നെ കേറി മേയുന്നു എന്ന തോന്നലിൽ അവിടെ വച്ചു ഞാൻ ഒരു തട്ടു തട്ടി.
‘‘നേശേ ബലസ്യേദി ചരേദധർമം എന്നുണ്ട്’’. പണ്ട് ഭാഷാപോഷിണിയിൽ വന്ന ബൃഹദാരണ്യക വാക്യം ഇഷ്ടപ്പെട്ടു കാണാതെ പഠിച്ചു വച്ചിരുന്നതാണ്. വൈദ്യർ മുഖം മുന്നോട്ടു ചായ്ച് ദൃഷ്ടി പൊക്കി എന്നെ നോക്കി മീശ തടവി.
‘‘അർഥം കൂടെ പറയെടാ’’
‘‘ബലമുണ്ടെന്നു കരുതി അന്യായം കാണിക്കരുത്.... ’’
‘‘ പോക്രീ.... ’’ വിളിച്ചതിനൊടുവിൽ ചിരി മുളവീശിയത് വൈദ്യരുടെ ചുണ്ടിൽ.
അവസാനത്തെ കോഴിമരുന്നും തന്ന് അടുത്ത ഒരാഴ്ച സമ്പൂർണ വിശ്രമവും എനിക്ക് വിധിച്ച് വൈദ്യർ വീണ്ടും വരുംവരെ ദേഹത്തിനു ഹേമം വരുന്നതൊന്നും പാടില്ല എന്നു കൽപ്പിച്ച് വൈദ്യർ പോയി.
ഞാൻ നല്ലിരിക്കലും ശേഷം വിശ്രമവുമായി തുടർന്നു. മൂന്നാഴ്ചയോളമായി കാണും ഞാൻ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ചെറുതായി മയങ്ങുമ്പോൾ ദൂരെ നിന്ന് വൈദ്യരുടെ ശബ്ദം കേട്ടുതുടങ്ങി. മുഴുവൻ പ്രപഞ്ചത്തെയും പുലഭ്യം പറഞ്ഞുള്ള വരവ്. ആരുടെയോ പതിനാറടിയന്തരം നടത്തുന്ന കാര്യം. അമേരിക്കൻ പ്രസിഡന്റിന്റെ അമ്മയെ കെട്ടിക്കുന്ന കാര്യം..
ക്ങ്ഹാ.... എന്ന ‘കനട്ടൽ’ അകമ്പടിയായി ഇടയ്ക്കിടയ്ക്ക്.
വൈദ്യർ മുറ്റത്തു വന്നു കയറുമ്പോഴേക്കും ഞാൻ ഉമ്മറപ്പടിയിൽ ചെന്നുനിന്നു. ആദ്യം വന്നപ്പോഴത്തെപ്പോലത്തെതന്നെ വരവ്. പിമ്പിരിയാണ്.
" ഇറങ്ങി വാടാ... "
ഞാൻ ഉറങ്ങിച്ചെന്നു.
" നടക്കെടാ " കയ്യെത്തി എന്റെ പിടലിക്കു പിടിച്ചുകൊണ്ടു വൈദ്യരും തിരിഞ്ഞു.
നടപ്പ് കല്ലാറ്റിൽ തൊട്ടിക്കയത്തിന്റെ വക്കിൽ ചെന്നാണ് നിന്നത്.
" എറങ്ങി നീന്തടാ..... "
ഞാൻ ഷർട്ടും കൈലിയും മാറ്റി വൈദ്യരുടെ രണ്ടാം മുണ്ടുടുത്തു കയത്തിൽ ചാടി. നെടുകയും കുറുകെയും നീന്തൽ.
മുങ്ങാംകുഴിയിട്ടു.
പതച്ചുനിന്നു.
മലർന്നു നീന്തി.
ശേഷം വൈദ്യരെന്നെ വിളിച്ചു കരയ്ക്കു കയറ്റി.
കൈപിടിച്ചു പിന്നോട്ടും മുന്നോട്ടും ഒക്കെ തിരിക്കുകയും വലിക്കുകയും ചെയ്തു.
വൈദ്യരുടെ നീട്ടിപ്പിടിച്ച കയ്യിൽ ബലംപിടിക്കാൻ പറഞ്ഞു.
ഞാനതൊക്കെ ചെയ്തു. ചില്ലറ വേദനയും ‘കറകട’യും ഉണ്ട്. അതിനൊക്കെ ചെവികൊടുത്ത് ധ്യാനിച്ച് ഒടുവിൽ വൈദ്യർ പറഞ്ഞു.
‘‘നിന്റെ കൈ ഇത്രേമൊക്കെ ശരിയായാ മതി.’’
മീശ തടവിക്കൊണ്ട് ബാക്കി പൂരിപ്പിച്ചു:
‘‘...ഗുസ്തി പിടിക്കാനൊന്നും പോകുന്നില്ലല്ലോ.’’
കൊതിച്ചു പോകില്ലേ ആരും ഇങ്ങനെയൊരു വൈദ്യരുടെ ചികിൽസ!!
(മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്ററാണ് ലേഖകൻ)