ADVERTISEMENT

രോഗങ്ങളുടെ സാധ്യതാ സിദ്ധാന്തം അഥവ പ്രൊബബിലിറ്റി തിയറി വച്ചു നോക്കിയാൽ എനിക്കു കാൻസർ വരാനുള്ള സാധ്യത നല്ല തോതിൽ ഉണ്ട്. അമ്മയും അപ്പനും കാൻസർ വന്നാണ് മരിച്ചത്. അമ്മയുടെ അപ്പനും കാൻസർ വന്നാണ് മരിച്ചത്. അമ്മ ചികിത്സകളുടെ പർവങ്ങളെല്ലാം കടന്നും അപ്പൻ ഒരു ചികിത്സയുമില്ലാതെയും ആണു പോയത്. 

കാൻസർ‍ രോഗത്തിന്റെ ചികിത്സയും കാൻസർ രോഗികളുടെ പരിചരണവും – അവിടെ ജീവിതം എന്ന വലിയ കരിമ്പൂച്ച തട്ടിക്കളിക്കുന്ന എലിക്കുഞ്ഞുങ്ങളെപ്പോലെയാണ് നമ്മൾ. രക്ഷപ്പെടും, രക്ഷപ്പെടും എന്ന വിചാരം കളിക്കു നിന്നു കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. 

ഒടുവിൽ....... 

ഇല്ല, ഒടുവിൽ എന്താകും എന്നതിന് ഒരു നിശ്ചയവുമില്ല. 

അതിജീവനത്തിന്റെ പോസിറ്റീവ് കഥകൾ ഊർജദായകമാണ്. മുന്നിൽ പെട്ടെന്ന് ഇരുളിന്റെ മതിലുയരുമ്പാൾ തിരിഞ്ഞു നോക്കാനുള്ള തെളിവിളക്കുകളാണവർ

– ലീലാമേനോൻ, ഇന്നസെന്റ്, ക്രിസോസ്റ്റം  മെത്രാപ്പോലീത്താ.... അങ്ങനെയങ്ങനെ. 

പ്രശസ്തരും അപ്രശസ്തരും. അവർ നമ്മുടെ ഭാഗ്യമാണ്. പ്രത്യാശയുടെ തുരുത്തുകൾ കണ്ടെത്താനും അവിടേക്കു  കണ്ണുകളയക്കാനും നമുക്ക് ബലവും തുണയുമാകുന്നവർ.

എന്നാലും–

ഓഫീസിൽ എന്റെ മുതിർന്ന സഹപ്രവർത്തകനായിരുന്ന പൗലോസ് സാർ, മലയാള മനോരമയുടെ കോഴിക്കോട്ടെ വർക്സ് ഡിവിഷൻ ജനറൽ മാനേജർ വി. പി.  പൗലോസ് വേദനാ ഭരിതമായ മാസങ്ങൾക്കൊടുവിൽ എന്നോട് പറഞ്ഞു.

‘‘ആ ഡോക്ടർ എന്നെ കളിപ്പിക്കുകയായിരുന്നു.’’

മനോരമ അങ്കണത്തിൽ അക്കൊല്ലത്തെ ‘വിദ്യാരംഭം’ എഴുത്തിനിരുത്തൽ ചടങ്ങിന്റെ വേദിയൊരുക്കുന്നിടത്തു വച്ചാണ് പൗലോസ് സാറിന് കടുത്ത നടുവേദനയും കാൽ മുന്നോട്ടു വയ്ക്കാനാവാത്ത സ്ഥിതിയും വന്നത്.

ഉടൻ ആശുപത്രിയിലേക്ക്. എംആർഐ അടക്കം  പരിശോധനകൾ. ഒടുവൽ ഡോക്ടർ പറഞ്ഞു.

“ സിഎ എന്നുറപ്പിക്കാം. അഡ്മിറ്റാവുക, ഉടനെ ഓപ്പറേഷൻ വേണം. ”

‘‘ഇപ്പത്തന്നെ വേണോ സർജറി..? എന്നു പൗലോസ് സാർ ഡോക്ടറോടു ചോദിച്ചിരുന്നു. വേണം എന്നുറപ്പിച്ചു പറഞ്ഞതിനൊപ്പം അദ്ദേഹം ഒരു നല്ല ചിത്രം കൂടി നൽകി:

‘‘ സർജറി നമ്മൾ നടത്തുന്നു. കാര്യങ്ങൾ ഭംഗിയാകുന്നു. ഓഫീസിൽ സ്വന്തം ക്യാബിനിലേക്കു നടന്നുചെല്ലുന്നു. ശേഷം എല്ലാം പഴയപോലെ’’– അതായിരുന്നു സർജൻ കൊടുത്ത വാക്ക്.

പൗലോസ് സാറിന്റെ ഭാര്യ സോഫിച്ചേച്ചി ആശുപത്രിവാസത്തിനുള്ള സംഗതികളൊക്കെ എടുക്കാൻ വീട്ടിലേക്കു പോകുമ്പോൾ സർജറി തീരുമാനിച്ചിട്ടില്ല. ജവഹർ നഗറിലെ വീട്ടിൽ നിന്ന് ഞാനാണ് ആശുപത്രിയിലേക്ക് ചേച്ചിയെ തിരികെ കൂട്ടിയത്.  അഴകൊടി ക്ഷേത്രത്തിലെ നവരാത്രി ഉത്സവകാലം കൂടി ആയിരുന്നതിനാൽ കാർ തീരെ പതുക്കെയേ ഇടയ്ക്ക്  ഓടിക്കാൻ ആകുമായിരുന്നുള്ളൂ. ഓപ്പറേഷൻ വേണ്ട എന്നാണ് പൗലോസ് സാറിന്റെ ആദ്യപ്രതികരണമെന്നതിൽ അന്തിമതീർപ്പ് എങ്ങനെയാകുമോ എന്നതിൽ ഞങ്ങൾ എങ്ങും തൊടാതെയാണ് സംസാരിച്ചത്.  അടുത്തൊരാളോട് അത്തരം കാര്യങ്ങൾ സംസാരിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണ്. 

സോഫിച്ചേച്ചി ആശുപത്രിയിലെത്തുമ്പോഴേക്കും ഓപ്പറേഷൻ ആവാം എന്നതിൽ പൗലോസ് സാർ ആത്മവിശ്വാസം കൈവരിച്ചിരുന്നു

സർജറി നടന്നു. അതിനപ്പുറം ബാക്കിയൊന്നും അതുപോലെ ആയില്ല എന്ന ആശാഭംഗത്തിന്റെ തള്ളലിലാണ്  പൗലോസ് സാർ വീട്ടിലെ കിടക്കയിൽ കിടന്നുകൊണ്ട് പറഞ്ഞത്:

‘‘ ആ ഡോക്ടർ എന്നെ കളിപ്പിക്കുകയായിരുന്നു.’’

ഡോക്ടർക്ക് അതല്ലാതെ പറയാനാകില്ല. താൻ പറഞ്ഞ കാര്യങ്ങൾ വഴിമാറി പോകുമ്പോൾ ഡോക്ടർക്കുമുണ്ടാകും സംഘർഷം. സർജറി നടന്നില്ലെങ്കിൽ എന്താവും എന്നു ഡോക്ടർക്കറിയാം. നടത്തിയാൽ വരാവുന്നതായ നന്മകളുടെ സാധ്യതയറിയാം. ആ നന്മകൾ പക്ഷേ, വരാതെയും പോകാം. ഡോക്ടറും അവിടെ നിസ്സഹായൻ.

പ്രതീക്ഷകളുടെ ഇലകൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ, രോഗിയുടെ ഉള്ളിൽ നിഴലായി തങ്ങുന്ന കൊച്ചുകൊച്ചു ചില്ലകളും ഒടിഞ്ഞു വീഴുമ്പോൾ ചുറ്റും തൊട്ടറിയാനാകും – ‘ശൂന്യമാമൊരു തേങ്ങൽ ... ’ 

ഞങ്ങൾ മക്കളെല്ലാം ഓരോ വഴിക്ക് പോയപ്പോൾ തണ്ണിത്തോട്ടിൽ പിന്നെ  അച്ചാച്ചനും അമ്മയും മാത്രമായി. സ്വസ്ഥം. സ്വച്ഛം. 

അധികമായില്ല അച്ചാച്ചനു പാർക്കിൻസോണിസത്തിന്റെ പ്രശ്നങ്ങൾ തുടങ്ങി. കൈവിറ തുടങ്ങുന്നതിനുമൊക്കെ മുൻപേ അതു തിരിച്ചറിയാനായി.

നടുവേദനയുടെ, കഴുത്തു വേദനയുടെ ഒക്കെ ചിലപ്രശ്നങ്ങൾ ഡോക്ടർമാരെ കാണിക്കാൻ,  ഒരു വൈദ്യൻ  നിർദേശിച്ച കിഴികുത്തൽ നടത്താൻ ഒക്കെയായി അച്ചാച്ചൻ കോഴിക്കോട്ടെത്തിയപ്പോൾ പ്രമുഖ അസ്ഥിരോഗ വിദഗ്ധൻ ഡോ. എൻ. ജെ. മാണിയാണ് അതു തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജിലെ മുൻ പ്രഫസർ ആണ് അദ്ദേഹം.  ഞങ്ങൾക്കു ബന്ധുവുമാണ്. അച്ചാച്ചന്റെ നടുവേദനയും കാലിലെ നീരുമൊക്കെ നോക്കിയ ശേഷം മുഖചലനങ്ങളിൽ നേരിയ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ദൃഷ്ടിചലനങ്ങളിൽ വേഗക്കുറവ്. നോട്ടം ചിലപ്പോള്‍ ചിലേടത്ത് ഉറച്ചുപോകുന്നു. 

നമുക്ക് തിരിച്ചറിയാനാകാത്തതും പരിചയസമ്പന്നനായ ഡോക്ടർക്ക് തിരിച്ചറിയാനുമാകുന്ന കാര്യങ്ങൾ.  ന്യൂറോളജിസ്റ്റിന്റെ പരിശോധനയിൽ അതുറപ്പിച്ചു. ഡോ. സലാം ഷേർട്ടിന്റെ ബട്ടൺ എല്ലാം എണീറ്റുനിന്ന് ഊരാനും തിരികെ ഇടാനും അച്ചാച്ചനോടു പറഞ്ഞു. അതൊക്കെ അച്ചാച്ചൻ ചെയ്തു. കൈകൾക്കു വിറയലൊന്നുമില്ല. അത്ര വലിയ പ്രശ്നമൊന്നുമില്ലന്ന് ഡോക്ടർ പറഞ്ഞു. മരുന്നു തുടങ്ങിയേക്കുക.

തുടർന്നാണ് അച്ചാച്ചാൻ ഡോ. ആർ. കൃഷ്ണന്റെ പേഷ്യന്റായത്. മെഡിക്കൽ കോളജ് അധ്യാപകനും ആശുപത്രിയുടെ മുൻ സൂപ്രണ്ടും.  ‘ഡോപ്പമൈൻ’ ആണ് പാർക്കിൻസോണിസത്തിനു മരുന്ന്. ‘സിൻഡോപ്പ ' എന്നു പേരുള്ള മരുന്നു തുടങ്ങി.  ഒപ്പം ഷുഗറിന്റെ പ്രശ്നങ്ങൾക്കുള്ള ചികിത്സയും കൃഷ്ണൻ ഡോക്ടർ ഏറ്റെടുത്തു.

കൃഷ്ണൻ ഡോക്ടറെ അച്ചാച്ചനു വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. ഡോക്ടറെ കാണാൻ  പോകുന്നതിൽ ഒരിക്കലും മടി ഇല്ലായിരുന്നു. എന്നല്ല, ഒരു ഉൽസാഹവും ഉണ്ടായിരുന്നു. രോഗം എന്ത്, മരുന്ന് എന്തിന് എന്നതൊക്കെ ഡോക്ടർ കൊച്ചു കഥയായൊക്കെയാണു വിശദമാക്കുക.

‘പഴയപോലെ വേഗത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല’ എന്നു പറഞ്ഞാൽ ഡോക്ടർ ചോദിക്കും.

“ പണ്ടു പന്തു കളിച്ചപ്പോൾ എത്ര വേഗത്തിലാണ് ഓടിയത് ? ”

മറുപടി ഒരു ചെറുചിരി.

“ ആ വേഗത്തിൽ ഇപ്പോ ഒാടാമോ ? ”

അതിനും ചിരി.

കാലം കടന്നുപോകുമ്പോൾ കര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് ഡോക്ടർ ഒടുവിൽ പറഞ്ഞുവയ്ക്കും. അതൊന്നും ഓർക്കേണ്ട.

അച്ചാച്ചാൻ മൗനമായി അത് അംഗീകരിക്കും.

എന്തായാലും ഇനി തണ്ണിത്തോട്ടിൽ രണ്ടാളും ഒറ്റയ്ക്കു തുടരുക എന്നത് സാധ്യമല്ല എന്നു ഞങ്ങൾ മക്കൾക്കെല്ലാം ബോധ്യമായി. എന്നാൽ കോഴിക്കോട്ടൊക്കെ വന്നു നിൽക്കാൻ അച്ചാച്ചാനും അമ്മയ്ക്കും വൈമനസ്യവുമുണ്ട്. വളരെ സ്വാഭാവികം.

പരിചയക്കാരാരുമില്ല. 

ഒന്നു മിണ്ടാനും പറയാനും ഒരു ലോകമില്ല.

കൽക്കട്ടയിലുള്ള മൂത്ത ജ്യേഷ്ഠൻ പയ്യനാമണ്ണിൽ വയ്ക്കുന്ന വീടിന്റെ പണി വേഗം പൂർത്തിയാക്കി അമ്മയെയും അച്ചാച്ചനെയും ഉടനെ അങ്ങോട്ടു മാറ്റുക എന്നതിൽ പെട്ടെന്നു തീരുമാനമുണ്ടായി.

അച്ചാച്ചന്റെ അനുജന്‍, ഞങ്ങളുടെ ഉപ്പാപ്പനും കൊച്ചമ്മയും തൊട്ടടുത്തു താമസം. അച്ചാച്ചന്‍ കുട്ടിക്കാലം കുറെ ചെലവഴിച്ച നാട്. എല്ലാവരും പരിചയക്കാർ. അൽപ്പം  അപ്പുറത്ത് അച്ചാച്ചന്റെ പെങ്ങളും അളിയനുമുണ്ട്. ആശുപത്രിയിലൊക്കെ പോകേണ്ടിവന്നാൽ എളുപ്പം. രണ്ടാളും പയ്യനാമണ്ണിലേക്കു മാറി.

മാറി എത്തുന്നതിനു മുൻപ് അമ്മയ്ക്കു വയറിനു ചില്ലറ അസ്വസ്ഥതകൾ ഉണ്ടായി. വയറുനോവ്.   വയറൊഴിയാൻ ലേശം ബുദ്ധിമുട്ട്. പരിചയമുള്ള വൈദ്യൻമാരിൽ നിന്ന് നോവു മാറാനും വയറൊഴിയാനും ചികിത്സ. കുറെ കഴിഞ്ഞേ ഞങ്ങൾ ഇതറിയുന്നുള്ളു.

എങ്കിലും പുതിയ മാറ്റത്തോടു ചേർന്ന് കൊച്ചുചില പദ്ധതികൾ അമ്മ മനസ്സിൽ രൂപപ്പെടുത്തി. ജീവിതത്തിൽ പ്രാരബ്ധങ്ങൾ ഒന്നുമിനിയില്ല. ആകുലപ്പെടാൻ ഒന്നുമില്ല. അമ്മ മനസ്സു പങ്കുവച്ചതിനെക്കുറിച്ച് കൊച്ചമ്മ ലിസിമ്മാമ്മ പിന്നെ പറഞ്ഞു: ‘‘പള്ളിക്കാര്യങ്ങൾക്കൊക്കെ കൂടുതൽ പോകണം. സേവികാസംഘത്തിലൊക്കെ കൂടുതൽ സജീവമാകണം എന്നൊക്കെയായിരുന്നു അമ്മാമ്മയ്ക്ക് ആഗ്രഹം. വേറെ ഒന്നും ചിന്തിക്കാനില്ലല്ലോ.’’

മാർത്തോമ്മാ സഭയിലെ സ്ത്രീകളുടെ സന്നദ്ധ സംഘടനയാണ് സേവികാസംഘം. 

പക്ഷേ, വയറിലെ അസ്വസ്ഥത ശല്യം തുടർന്നു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പോകുന്നു. ഡോക്ടർ മരുന്നു നൽകുന്നു. ശേഷം കുറച്ചാശ്വാസം. പിന്നെയും ആദ്യ ലക്ഷണങ്ങളുടെ മടങ്ങിവരവ്. വീണ്ടും ഡോക്ടർക്കു മുന്നിൽ. ഡോക്ടർ വയറമർത്തി നന്നായി പരിശോധിക്കുന്നു. വീണ്ടും മരുന്നു കുറിക്കുന്നു. അതിനൊടുവിൽ ഞാനൊന്നു ചേദിച്ചു.

“ ഡോക്ടർ, സ്കാൻ ചെയ്യുകയോ മറ്റോ.... ” 

“ ഏയ് അതൊന്നുമിപ്പം ആവശ്യമില്ല. അമ്മച്ചിക്കങ്ങനെ വല്യ കുഴപ്പമൊന്നുമില്ല.  മാറിക്കോളും... ” 

ഡോക്ടർ അമ്മയോടും പറഞ്ഞു ചിരിച്ചു. അമ്മയും ചിരിച്ചു.

 പ്രശ്നങ്ങൾ പക്ഷേ, ഏറുകയായിരുന്നു. മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന നയത്തിൽ അതു കുറെ സഹിച്ചെന്നുറപ്പ്. വയറൊഴിയാത്ത പ്രശ്നം നാട്ടിലുള്ള മകൾ കാണാൻ വന്നപ്പോൾ പറഞ്ഞു. അളിയൻ റാന്നിയിലൊരു വൈദ്യരിൽ നിന്ന് അതിനൊരു ലേഹ്യം എത്തിച്ചു കൊടുത്തു. 

അതു കഴിച്ചതും അമ്മ ഭീകരമായൊരവസ്ഥയിലേക്കു പതിച്ചു. വയറ്റിൽ മരുന്നുണ്ടാക്കുന്ന എല്ലാ കോലാഹലങ്ങളും. ഒന്നും പുറത്തേക്കു പോകുന്നുമില്ല. ആ തീവ്രയാതനയിൽ അമ്മയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു.

കോഴിക്കോട്ടു നിന്ന് ഞാനും കുട‍ുംബവും ആ രാത്രി കടന്നു പലർച്ചെ പുഷ്പഗിരിയിലെത്തുമ്പോൾ അമ്മയ്ക്ക് സർജറി തീരുമാനിച്ചു കഴിഞ്ഞിരുന്നു.

കോളൻ കാൻസർ ആണ്.

വൻകുടലിൽ അർബുദത്തിന്റെ ആക്രമണം.

എല്ലാ പ്രയാസങ്ങളിലൂടെയും അമ്മ കടന്നുപോകുമ്പോഴും ഇങ്ങനെയൊന്നൂഹിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ എന്നെ മനസ്സാ ശകാരിച്ചു, ശപിച്ചു. 

പിറ്റേന്ന് ഡോക്ടർ റോജൻ കുരുവിള ശസ്ത്രക്രിയ നടത്തി. അമ്മയുടെ രക്തം  എ നെഗറ്റീവ് ആണ്. അപൂർ‍വ ഗ്രൂപ്പ്. അതിന് ഓടിയെത്തി രക്തം തന്നു സഹായിച്ചവർ പലർ. ആ സുമനസുകളെ മനസാ നമസ്ക്കരിച്ച്   നന്ദിപറഞ്ഞു. വാർഡിലേക്കു മാറ്റിയശേഷം ഡോക്ടർ എന്നെ വിളിപ്പിച്ചു. അമ്മയുടെ വൻകുടലിൽ നിന്നു മുറിച്ചു മാറ്റിയ കഷണം കാണിച്ചു തന്നു. കുടലിനെ ചുറ്റി ഒരു പൂവിനെ ഒർമിപ്പിക്കും വിധം മാംസത്തിന്റെ ഇതളുകൾ. ആമ്പൽപോലെ, താമരപോലെ. 

കുടലിന്റെ ഉൾച്ചുറ്റുവട്ടത്തെ അതു ഞെരുക്കി  ചെറുതാക്കിയിരിക്കുന്നു. 

മുറിച്ച കുടലിന്റെ മുകളറ്റം വയറ്റത്ത് ചെറിയ ദ്വാരമുണ്ടാക്കി അവിടേക്കു തിരിച്ചുവച്ച് വയറിലെ ദ്വാരത്തിനു മീതേ കൊളസ്റ്റമി ബാഗും വച്ചാണ് അമ്മ വീട്ടിലേക്കു പോന്നത്. കുടലിൽ നിന്നുള്ളതൊക്കെ ഇനി അതിലേക്കാണു പോകുക.

വേഗം ആരോഗ്യവതിയായി അമ്മയ്ക്ക് കീമോതെറപ്പിയിലേക്കു മാറേണ്ടതുണ്ടായിരുന്നു.

അടുത്ത ഘട്ടം ചികിത്സ നടത്തി സുഖപ്പെട്ടു വന്നശേഷം കുടൽ കൂട്ടിച്ചേർക്കാമെന്ന് ഡോക്ടർ റോജൻ അമ്മയോടു പറഞ്ഞു. അതോടെ കൊളസ്റ്റമി ബാഗ് ഒക്കെ മാറ്റാം. ആ ദിവസം വേഗം വരുന്നത് അമ്മ മനസ്സിൽ കാണുന്നത് എനിക്കു കാണാമായിരുന്നു.

കോളൻ കാൻസർ ' ക്യുവർ റേറ്റ്’  ഉയർന്നതാണെന്നു ചൂണ്ടിക്കാട്ടി ഡോക്ടർ എന്നെയും പ്രചോദിപ്പിച്ചു, ആശ്വസിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലെ അർബുദ വിഭാഗത്തിൽ ചികിൽസ എന്നുറപ്പിച്ചു. ഡോ. പി.ആർ. ശശീന്ദ്രന്റെ മേൽനോട്ടത്തിൽ. ഡോക്ടറോടു ഞാൻ മുൻകൂട്ടി സംസാരിച്ചു.   അടുത്ത ദിവസം ഒപിയിലെത്താൻ അദ്ദേഹം നിർദേശിച്ചു. പിറ്റേന്നു രാവിലെ നേരത്തേ തന്നെ അമ്മയെയും കൂട്ടി പെങ്ങളും അളിയനും ഞാനും ഭാര്യയും മെഡിക്കൽ കോളജിലെത്തി.

ചീട്ടെടുത്ത് ഒപിയിലേക്കു നീങ്ങുമ്പോൾ എനിക്കൊരു തോന്നലുണ്ടായി. ആദ്യമേ അവിടെ പോയി ഒന്നു നോക്കണം. എന്താണവിടുത്തെ സ്ഥിതി എന്നറിയാൻ ഒരു ആകാംക്ഷ. ഇതുവരെയും അമ്മയ്ക്കറിയില്ല രോഗം കാൻസർ ആണെന്ന്.

വഴിതേടി നീണ്ട ഇടനാഴിയിലൂടെ ഞാൻ എത്തുമ്പോൾ ഒരു വാതിലിന്റെ മുന്നിൽ മുന്നോട്ടു നീണ്ട് ചുവപ്പുനിറത്തിൽ വെള്ള അക്ഷരങ്ങളുമായി ഒരു ചെറുബോർഡ്. 

‘കാൻസർ വിഭാഗം.’

 ചങ്കിൽ ഒരിടികിട്ടിയപോലെ തോന്നി. അങ്ങനെയൊരു ബോർഡ് ആവശ്യമുണ്ടോ എന്ന് ആരോടെന്നില്ലാതെ ഉള്ളിൽ ചോദിച്ചു. ഒരു പരിശോധനയ്ക്കായി ഒരാൾ ആദ്യം വരുമ്പോൾ തളർത്തിക്കളയുന്ന ഒരു ബോർഡ്. 

എന്റെ കയ്യിൽ അന്നത്തെ ‘മനോരമ’ പത്രം ഉണ്ടായിരുന്നു. നടുവെയുള്ള മടക്ക് കണക്കാക്കി പത്രം  മീതേ ഇട്ടു ഞാൻ ബോർഡ് മറച്ചു.

തിരികെയെത്തി അമ്മയെയും കൂട്ടി ഞങ്ങൾ ഒപിയിൽ ഡോക്ടർമാരുടെ മുറിക്കു പുറത്തിരുന്നു. ആളുകൾ വന്നുകൊണ്ടിരുന്നു. ചികിൽസയുടെ, അവശതയുടെ, പല തലത്തിലുള്ളവർ. വയലറ്റ് മഷികൊണ്ട് മുഖത്തും തലയിലുമൊക്കെ മാർക്ക് ചെയ്തിട്ടുള്ളവർ.

ഞാനോർത്തു. അമ്മയുടെ അപ്പച്ചൻ, എന്റെ വല്യപ്പച്ചൻ തിരുവനന്തപുരം ആർസിസിയിൽ പോയി മടങ്ങിവന്നപ്പോൾ മുഖത്ത് കഴുത്തുവരെയും താഴ്ത്തി ഇങ്ങനെ ജൻഷ്യൽ വയലറ്റിന്റെ വരകൾ ഉണ്ടായിരുന്നു. റേഡിയേഷനുള്ള എലുകയും അതിരും കുറിക്കുന്ന വരകൾ.

ഇഞ്ചക്‌ഷനുകളിലേക്കും കീമോ തെറാപ്പിയിലേക്കും പോകുകയാണ് അടുത്തപടി. ആദ്യ ദിവസങ്ങളിലെ കീമോ മെഡിക്കൽ കോളജിൽ തന്നെ ചെയ്തു.  ഒന്നാമത്തെ കീമോ തെറപ്പി വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാമത്തേതിൽ അസ്വസ്ഥതകൾ ഉളവായി. ഓക്കാനം, പരവേശം.

മൂന്നാമത്തേത് അമ്മയ്ക്ക് പീഡനമായി തോന്നി. ഛർദ്ദി, വയറ്റിളക്കം, ദേഹമാകെ പുകച്ചിൽ. 

അമ്മ ക്ഷോഭിച്ചു.    

‘‘ഇതെന്തു ചികിൽസയാടാ. ഇനിയുമിതാണെങ്കിൽ വേണ്ടാ. നീയെന്നെ ഗുണപ്പെടുത്തണ്ടാ.’’

ഞാൻ ഡോക്ടറെ കണ്ടു കാര്യങ്ങൾ പറഞ്ഞു. 

‘‘ പറ്റുന്നതിലേറ്റവും മൈൽഡ് ആയ മരുന്നാണ് അമ്മയ്ക്കുപയോഗിക്കുന്നത്’’ എന്നു മറുപടി. മെഡിക്കൽ കോളജ് വരെ വരേണ്ടതില്ലെന്നും ശേഷം കീമോകൾ പുറത്തു ചെയ്യാമെന്നും ഡോക്ടർ  നിർദേശിച്ചു.

മരുന്നു വാങ്ങി നൽകുക. പ്രോട്ടോക്കോൾ കൃത്യമാണ്. അതുപ്രകാരം എവിടെയും ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ തുടർന്നുള്ള  കീമോകൾ ഏറ്റവുമടുത്ത രാജേന്ദ്ര ഹോസ്പിറ്റലിൽ ചെയ്തു. ആദ്യഘട്ടം കഴിഞ്ഞ ഇടവേള. അമ്മയ്ക്ക് അസ്വസ്ഥതയെല്ലാം മാറി. ആരോഗ്യം വീണ്ടെടുത്തു. റേഡിയേഷൻ സാധിക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അമ്മയെ ധൈര്യപ്പെടുത്തി. ഒറ്റയ്ക്കു കണ്ട് ഞാൻ സംസാരിക്കുമ്പോഴും എല്ലാം മെച്ചപ്പെടുന്നു എന്നു ഡോക്ടർ പറഞ്ഞു. എന്നാലും തിരിച്ചുള്ള സാധ്യതകളും സൂചിപ്പിച്ചു. 

ഒടുവിൽ ഡോക്ടർ പറഞ്ഞൊരു വാക്യം എന്റെ മനസ്സിൽ ഇരുൾ വീഴ്ത്തി.

‘‘ആഫ്റ്ററോൾ, ഷി ഈസ് മോർ ദാൻ സെവന്റി’’. അതൊരു മുള്ളായി അങ്ങനെ മനസ്സിനെ നോവിച്ചുകൊണ്ടിരുന്നു.

കീമോ പൂർത്തിയായി ദേഹപുഷ്ടിക്കുള്ളതടക്കം മരുന്നുകളുമായി മുന്നോട്ട്. അമ്മ സന്തോഷവതിയായി. ആദ്യ ഓപ്പറേഷനുശേഷം ആറു മാസത്തോളമായി. ഞങ്ങൾ വീണ്ടും തിരുവല്ല പുഷ്പഗിരിയിലെത്തി. കുടൽ യോജിപ്പിക്കാനുള്ള ഓപ്പറേഷനും തയ്യാറായിട്ട്. കൊളസ്റ്റമി ബാഗ് ഒഴിവാകും എന്ന പ്രതീക്ഷയും ഉണ്ട് അമ്മയ്ക്ക്. പരിശോധനകൾ, സ്കാൻ. എല്ലാറ്റിനുമൊടുവിൽ ഡോക്ടർ റോജൻ അമ്മയോടു പറഞ്ഞു. ‘‘അമ്മച്ചീ, നമുക്കിതു യോജിപ്പിക്കാവുന്ന സ്ഥിതിയിലല്ല കാര്യങ്ങൾ.’’ 

‘‘പറ്റില്ല, അല്ലേ...’’

ഡോക്ടർ തലയാട്ടി.

തിരികെ ഞങ്ങൾ കോഴിക്കോട്ടേക്കു പോന്നു. കൊച്ചുമക്കളുമൊത്തു കളിചിരിയും വായനയുമൊക്കെയായി കുറച്ചു നല്ലകാലം. പിന്നെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

ശരീരം മെലിഞ്ഞു തുടങ്ങി. പ്രസരിപ്പു നഷ്ടമായിത്തുടങ്ങി. വേദന ഏറിത്തുടങ്ങി. വേദനസംഹാരികളാലുള്ള ക്ഷീണം വേറെ. ജർമനിയിലുള്ള പെങ്ങൾ അവിടെനിന്ന് വേദനയ്ക്ക് കഴിക്കാൻ  ഒരിനം തുള്ളിമരുന്ന്  എത്തിച്ചുതന്നു. ക്ഷീണിപ്പിക്കാതെ അതു വേദന കുറച്ചു. 

ഞാൻ ബദൽ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങി. ഓർമയിൽ പണ്ടു തൃശൂരിൽ റിപ്പോർട്ടറായിരിക്കെ കുന്നംകുളത്തിനടുത്ത് ആൽത്തറയിൽ ഒരിടത്ത് കാൻസർ രോഗികൾക്ക്  ആശ്വാസമേകുന്ന ഒരു ചികിൽസയെക്കുറിച്ച് അറി‌ഞ്ഞിരുന്നു. കുന്നംകുളത്തെ മനോരമ പ്രതിനിധി ദിലീപിനെ വിളിച്ചു വഴിയറിഞ്ഞ് ഞാൻ ആൽത്തറയിലെത്തി. തലയിൽ തേക്കാനുള്ള എണ്ണയായാണ് മരുന്ന്. ഉള്ളിൽ കഴിക്കാനുള്ളതുമുണ്ട്. പുലർച്ചെ തലയിൽ എണ്ണ തേച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് തലേന്നേ തിളപ്പിച്ചിട്ടിട്ടുള്ള വെള്ളത്തിൽ കുളിക്കണം. അങ്ങനെയങ്ങനെ.

കീമോതെറപ്പി ചെയ്യാതെ വേണ്ടിയിരുന്നു ചികിൽസ എന്ന് അവർ പറഞ്ഞു. ഞാനതു മൈൻഡ് ചെയ്തില്ല. ചികിൽസയുടെ ചിട്ടവട്ടങ്ങൾ അമ്മക്കിഷ്ടപ്പെട്ടു. വേദന കുറച്ചുനിർത്താൻ എന്തായാലും ആൽത്തറയിലെ മരുന്ന് പ്രയോജനപ്പെട്ടു എന്നത് അനുഭവം. രണ്ടാഴ്ചയിലൊരിക്കൽ ഞാൻ ആൽത്തറയിലേക്കു പൊയ്ക്കൊണ്ടിരുന്നു. വേദന പലവഴിക്കും കുറച്ചു നിർത്തുമ്പോഴും അമ്മയുടെ സ്ഥിതി മോശമാകുകയായിരുന്നു.

ശരീരത്തിനുള്ളിൽനിന്ന് ഡിസ്ചാർജ് വരാൻ തുടങ്ങി. ശരീരത്തിന്റെ ഉൾത്തലങ്ങളെയാകെ ദ്രവിപ്പിച്ചൊഴുകിയെത്തുന്ന കൊഴുത്ത ദ്രാവകം. അതിനു ഘോരമായ ഗന്ധം. അമ്മയ്ക്ക് മനസ്സുമടുത്തു. ഭക്ഷണത്തോടും മടുപ്പുതോന്നി. പൊടിയരിക്കഞ്ഞി മാത്രമായി ആഹാരം. ഇടയ്ക്കൊരു ദിവസം അമ്മ പറഞ്ഞു. ‘‘എനിക്കു കിണറ്റീന്നു കോരിയ വെള്ളം വേണം’’. അതുവരെയും കുടിച്ചിരുന്ന പൈപ്പുവെള്ളത്തിന് അരുചിയും രുചിയില്ലായ്മയാവും. അടുത്തുള്ള വരദ ടീച്ചറുടെ വീട്ടിലെ കിണറ്റിൽ നിന്നായി പിന്നെ അമ്മയ്ക്ക് കുടിക്കാനുള്ള വെള്ളം.

ഇതിനിടെ ഒരു വിഷു വന്നു. കോഴിക്കോട്ട് വിഷുവിന് പല ദിവസം പടക്കം പൊട്ടും. നിരന്തരമായ പടക്കം പൊട്ടൽ. അത് അമ്മയ്ക്ക് വലിയ പീഡാനുഭവമായി. നന്നേ കുറഞ്ഞ ഉറക്കം തീർത്തും ഇല്ലാതായി. ഓരോ അമിട്ടും പൊട്ടുമ്പോൾ അമ്മ നിലവിളിച്ചു. മാലപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങുമ്പോൾ അമ്മ കേണുപോയി. അവ തീരുമ്പോൾ ശ്വാസം നിലച്ചപോലെയായി. ഞങ്ങൾ മാറിമാറി അടുത്തിരുന്ന് അമ്മയെ പൊത്തിപ്പിടിച്ചു.

സഹിക്കുകയല്ലാതെ ആരോടും ഒന്നും പറയാനാകാത്ത സ്ഥിതി. നമ്മുടെ ഓരോ ഉല്ലാസങ്ങളും എവിടൊക്കെ ആർക്കൊക്കെ ദുരിതവും ദുരന്തവും സൃഷ്ടിക്കുന്നുണ്ടാവും എന്ന്  ഇന്നും ഓർക്കും ഞാൻ. 

എല്ലാത്തരം ഉൽസവങ്ങളോടും അന്നെനിക്ക് വിരക്തി തോന്നി. ഒന്നിനോടു ചേർന്നും എന്റെ മനസ്സിൽ പൂത്തിരിയും മത്താപ്പും കത്താതായി. 

ഡിസ്ചാർജ് കൂടിക്കൂടി വന്നു. ഒരുപാട് തുണികൾ വലിയ കണഷങ്ങളാക്കി ഞങ്ങൾ കരുതിവച്ചു. കട്ടിൽ വിരിപ്പുകൾ മാറ്റി ഒന്നിടുമ്പോൾ അപ്പോൾ തന്നെ വീണ്ടും മാറ്റേണ്ടിവരാം. ശരീരത്തിനടിയിൽ വച്ചു കൊടുക്കുന്ന തുണികൾ ഇടവേളയില്ലാതെ മാറ്റണം, കഴുകണം. മഴക്കാലം. തുണികൾ ഉണക്കിയെടുക്കാനാകുന്നില്ല, ഇസ്തിരിയിട്ടുണക്കി.

ഒരു വെയിൽത്തെളിച്ചത്തിൽ മുറ്റത്ത് അയയലിട്ട തുണികൾ തോർന്നു വരുമ്പോഴേക്കും അവയ്ക്കുമേലെ മഴ ആർത്തുവീഴുന്നതു കണ്ടു ഭാര്യ വിങ്ങിപ്പൊട്ടി. മഴയും ശത്രുവാകുകയാണ്.

‌ഇടയ്ക്ക് അതിവേദന വരും. ഏതു മരുന്നിന്റെയും ഒഴിഞ്ഞ ഇടവേള കണ്ട് അർബുദം അതിന്റെ ഞറുക്കുകാൽ മുറുക്കും. ഒടുവിൽ എന്റെ മനസ്സിലൂടെ ഇടിവാൾ പോലെ ഒരു ചിന്ത കടന്നുപോയി. 

– അമ്മ അങ്ങു മരിച്ചാൽ മതിയായിരുന്നു.

അപ്പോഴും ആൽത്തറയിൽ പോയി ഞാൻ മരുന്നെണ്ണ കൊണ്ടുവരുന്നുണ്ടായിരുന്നു.  ചെറിയ എണ്ണക്കുപ്പികൾ തോൾ സഞ്ചിയിലാക്കി ബസിൽ ഇരിക്കുമ്പോൾ അമ്മയുടെ ദയനീയ ചിത്രം മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു. അമ്മ നന്നേ മെലിഞ്ഞുപോയിരിക്കുന്നു. ചൂട്ടുപോലെ ഉണങ്ങിപ്പോയിരിക്കുന്നു. 

മറ്റൊരു പത്രത്തിലെ മുതിർന്നൊരു പത്രപ്രവർത്തകന്റെ  ഭാര്യ മരിച്ചപ്പോൾ പ്രസ്സ് ക്ലബിൽ നിന്നു പലർക്കൊപ്പം ഞാനും കാണാൻ പോയിരുന്നു. കാൻസർ ആയിരുന്നു. ‘‘അയ്യോ, ചൂട്ടുപോലെ ആയിപ്പോയല്ലോ’’ എന്നൊരു ചിന്ത  എന്റെ മനസ്സിലൂടെ അന്നു പാഞ്ഞത് വീണ്ടും ഓർമവന്നു.  

ഈ മരുന്ന് എന്തിന്!

ഇതുകൊണ്ടെന്തു ഫലം? 

‘‘ദൈവമേ ഇനി കാണാൻ വയ്യ. ഞാനങ്ങു വീട്ടിൽ ചെല്ലുമ്പോഴേക്കും അമ്മ മരിച്ചിരുന്നെങ്കിൽ’’. അറിയാതൊന്നു മനസ്സു പിടഞ്ഞു. അടുത്തിരുന്നയാൾ വല്ല പ്രശ്നവുമുണ്ടോ എന്നു ചോദിച്ചു. ഒന്നുമില്ലെന്നു കണ്ണടച്ചു.

അടുത്ത ദിവസങ്ങളിലൊന്നിൽ നാട്ടിൽനിന്നു ബന്ധുക്കൾ ചിലർ അമ്മയെ കാണാൻ വന്നു. മാവൻ, മാവി, ഉപ്പാപ്പൻ, കൊച്ചമ്മ, കസിൻസ്. 

വന്നവരുടെ ഒരുകൂടിയാലോചനയ്ക്കു ശേഷം, ഉച്ചകഴിഞ്ഞപ്പോൾ ഏഴംകുളത്തെ മാവൻ  എന്നോടു പറഞ്ഞു. ‘‘എടാ മോനേ, നാത്തൂനെ നമുക്കങ്ങു കോന്നിയിലേക്കു കൊണ്ടുപോകാം.’’ ഉപ്പാപ്പന്‍ നന്നേ നേർ‍ത്ത ശബ്ദത്തിൽ ആവർത്തിച്ചു: ‘‘ ചേടത്തിയെ നമുക്കങ്ങു കൊണ്ടുപോകാം.’’

അന്ന് സന്ധ്യയോടെ അമ്മയെ ഒരു ആംബുലൻസിൽ കോന്നിയിലേക്കു കൊണ്ടുപോയി. 

ഇറങ്ങിപ്പോന്ന പയ്യനാമണ്ണിലെ വീട്ടിൽ അമ്മ തിരികെ. അമ്മയ്ക്ക് അതു മനസ്സിലായോ എന്നറിയില്ല. ഒരു പകൽ. ഒരു രാത്രി. അടുത്ത പുലർച്ചെ അമ്മ മരിച്ചു. 2001 ജൂൺ 17.

ഒരു ജൻമത്തിനാകാവുന്ന വേദനകൾ എല്ലാം വഹിച്ച്. 

ചികിൽസകളിലേക്ക് എന്റെ മനസ്സ് തിരിഞ്ഞോടി. 

എല്ലാം എന്തിനായിരുന്നു? 

എന്തു ഫലം? 

വിലാപച്ഛായയിൽ അവിടെ ഉയർന്ന പ്രാർഥനാഗീതങ്ങൾ ഓരോന്നിനോടും എന്റെ മനസ്സ് അതു ചോദിച്ചുകൊണ്ടിരുന്നു.

ഇന്നും ചോദിക്കുന്ന ചോദ്യങ്ങൾ. 

ഉത്തരമായി ഒരു പക്ഷേ ഇന്ന് ഇതെഴുതുന്ന ദിവസം തന്നെ എന്റെ മുന്നിൽ ഒരു വാർത്താശകലം വന്നു വീണു – കൂടുതൽ ഫലപ്രദമായ കാൻസർ മരുന്നുകൾ വന്നുകൊണ്ടിരിക്കുന്നു. ചിലതിനെ തടയാവുന്ന ഒറ്റ ഡോസ് വാക്സിൻ തന്നെയും കണ്ടെത്തിയിരിക്കുന്നു. 

തിരുവനന്തപുരം ഐസറിൽ നിന്നു വേറെ ഗവേഷണഫലം– കീമോതെറപ്പിയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ മാർഗങ്ങളാകുന്നു.

എല്ലാ ഇരുമകൾക്കും മേലേ, ജീവിതത്തിനു മുന്നിൽ എപ്പോഴും പ്രതീക്ഷയുടെ വെളിച്ചക്കീറുകൾ തെളിഞ്ഞുകൊണ്ടേയിരിക്കും. തെളിഞ്ഞുകൊണ്ടേയിരിക്കട്ടെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com