വേഗത്തിലുള്ള നടപ്പും ആത്മാവിനുള്ള മരുന്നും
Mail This Article
തിരുവനന്തപുരത്തേക്കുള്ള യാത്രയിലും ഞാൻ അസ്വസ്ഥനായിരുന്നു. ട്രെയിനിൽ ഉറങ്ങാതെ കിടന്നു.
‘‘... യു വിൽ ബി പുട്ടിങ് ഹിം ടു ഡെത്ത്– ’’
പിന്നെയും പിന്നെയും അതു കാതിലലയ്ക്കുന്നു.
ഡോ. ചന്ദ്രപ്രസാദ് ശ്രീധറിൽനിന്ന് അതിനൊരു പരിഹാരനിർദേശം ഉണ്ടാകും എന്ന് എന്റെ മനസ്സ് തിരിച്ച് എന്നോട് പറയുന്നുമുണ്ട്.
ഒരു മനഃശാസ്ത്രജഞനെ ഞാൻ കാണാൻ പോകുന്നത് ആദ്യമല്ല.
എരുമക്കുഴിയെന്നു വിളിപ്പേരുകിട്ടിയ ഞങ്ങളുടെ ശങ്കരസദനത്തിൽ തങ്ങി തിരുവനന്തപുരത്ത് പഠിക്കുന്നകാലത്ത് ഉള്ളൂരു പോയി ഒരാളെ കണ്ടിട്ടുണ്ട്.
അന്നൊക്കെ ‘മനശ്ശാസ്ത്രം’ മാസിക കത്തിനിൽക്കുന്ന കാലമാണ്. മനുഷ്യനുള്ള എല്ലാത്തരം മാനസിക, വിഭ്രമാത്മക, മനോരാജ്യ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്ന പ്രസിദ്ധീകരണം. ഏതു ലേഖനം വായിച്ചാലും അതിൽ പറയുന്ന പ്രശ്നം നമുക്കുണ്ട് എന്നു അപ്പോൾത്തന്നെയോ കുറച്ചുകഴിഞ്ഞോ നമുക്കു തോന്നും.
അങ്ങനെ എനിക്കു തോന്നി എനിക്ക് ഉൽക്കണ്ഠയും പിരിമുറുക്കവും ഉണ്ടെന്ന്– ആങ്സൈറ്റി ആൻഡ് ടെൻഷൻ.
പരിഹാരവും മാസികയിൽ പറയുന്നുണ്ട്.
– ഒരു മനശ്ശാസ്ത്രജ്ഞനെ കാണുക!
മനശ്ശാസ്ത്രജ്ഞനെ കാണാനുള്ള വഴിയും മാസികയിലുണ്ട്.
അങ്ങനെ ഞാൻ പോയി. ഒരു ഉച്ച കഴിഞ്ഞ നേരം സിംഹത്തിന്റെ മടയിൽ ചെന്നു കയറി. കാർട്ടൂണിലൊക്കെ കാണുന്നപോലെ തന്നെയാണ് മനശാസ്ത്രജ്ഞൻ. ഊശാന്താടി, വട്ടക്കണ്ണട, പാതി കഷണ്ടി, ബാക്കി മുടി കുറെ വളർത്തി പിന്നോട്ട് ഇട്ടിട്ടുണ്ട്. ചുവന്ന ഷർട്ടിനു നെടുകെയും കുറുകയും കറുത്ത വീതിയുള്ള വരകൾ. അതു കറുത്ത പാന്റസിനുള്ളിൽ ടക് ഇൻ ചെയ്തിട്ടുണ്ട്.
ഞങ്ങൾ മുഖാമുഖം ഇരുന്നു.
ചോദ്യവും പറച്ചിലും.
എനിക്കു ടെൻഷൻ കൂടുന്നപോലെ തോന്നി.
റിലാക്സ് ചെയ്യലാണ് വേണ്ടതെന്നു മനശ്ശാസ്ത്രജഞൻ പറഞ്ഞു. അദ്ദേഹം എന്നെ പൊക്കമുള്ളൊരു ഡെസ്കിൽ കിടത്തി.
‘റീ.......ലാക്സ്....’ എന്നു പറഞ്ഞ് മുഖത്തിനുമീതെ കൈപിടിച്ച് ആക്‌ഷൻ തുടങ്ങി. ഹിപ്നൊട്ടൈസ് ചെയ്യുകയാണോ എന്നു ഞാൻ പേടിച്ചു. ഹിപ്നോട്ടൈസ് ചെയ്താൽ മനസ്സിലുള്ളതൊക്കെ പിടിച്ചെടുക്കാമെന്നാണല്ലോ. അദ്ദേഹം കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗവും റിലാക്സ് ആകുന്നത് ഫീൽ ചെയ്യാൻ പറഞ്ഞു.
‘‘റീലാക്സ്......’’
‘‘റിലാക്.............സ്’’
‘‘റി....ലാക്സ്’’
ആ ശബ്ദം കേട്ടു കേട്ടു ഞാൻ ഉറങ്ങിപ്പോയെന്നു വേണം കരുതാൻ.
അദ്ദേഹംതന്നെ എന്നെ ശാന്തമായി ഉണർത്തി.
കണ്ണു തുറക്കുമ്പോൾ ഒരു അവതാരം എന്ന പോലെ മുന്നിൽ മനശ്ശാസ്ത്രജ്ഞൻ കാണപ്പെട്ടു. ലോകത്ത് മറ്റൊന്നുമില്ല. വളരെ റിലാക്സ്ഡ്.
എഴുന്നേൽക്കാൻ പറഞ്ഞു.
എഴുന്നേറ്റു.
ഇതു തുടർന്നും പ്രാക്ടീസ് ചെയ്തുകൊള്ളൂ എന്നു പറഞ്ഞു.
ഞാൻ സമ്മതിച്ചു.
തുടർന്ന് എന്റെ ചോദ്യമുണ്ടായി!
‘‘ എത്രയാ...... ? ’’
‘‘ എണ്‍പതു രൂപ. ’’
‘ഒടേതമ്പുരാനേ’ എന്നു മനസ്സിൽ ഒരാർത്തനാദം ഉയർന്നുപോയി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ പോലും 50 രൂപ വരെയൊക്കെയേ വാങ്ങാറുള്ളു. ഇതിപ്പോ കേരള ഹോട്ടലിൽ ഒരു മാസത്തെ ഡിന്നർ കഞ്ഞിക്കുള്ള കാശാണു പോകുന്നത്.
എടുത്തു കൊടുത്തു.
ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ‘ഒതകാതെ പോകത്തേയുള്ളു’ എന്നു മനസ്സിൽ പ്‌രാകി.
എന്തായാലും അതോടെ എന്റെ ആങ്സൈറ്റിയും ടെൻഷനും ഒഴിവായി.
അത് കാശു പോകുന്ന ഏർപ്പാടാണ്.
ഇപ്പോഴിതാ ഞാൻ ആത്മാർഥമായും ഒരു മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടി പോവുകയാണ്. അതില്ലാതെ വയ്യ.
പത്തു പത്തരയായപ്പോൾ ഞാൻ ഡോ. ചന്ദ്രപ്രസാദിന്റെ മുന്നിലെത്തി. മനശാസ്ത്രജ്ഞൻതന്നെയായ ഡോക്ടർ കൃഷ്ണപ്രസാദ് ശ്രീധറിന്റെ അനുജനാണിദ്ദേഹം.
പത്രപ്രവർത്തകര്‍ക്കായി തിരുവനന്തപുരത്ത് നടത്തിയ ഒരു ക്യാംപിലാണ് ആദ്യം കണ്ടത്. എല്ലാ തിരക്കിനുമിടയിലും ജീവിതം, ബന്ധങ്ങൾ ഇതൊക്കെ നന്നായെങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിൽ അവിടെ അദ്ദേഹം ക്ലാസ് എടുത്തിട്ടുണ്ട്. മുന്നോട്ടു കൊണ്ടുപോകണം എന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ബലത്തിൽ പിന്നെ കോഴിക്കോട് മനോരമയിലെ പത്രപ്രവർത്തകർക്കുള്ള പ്രഭാഷണ പരമ്പരയിലും ഇക്കാര്യങ്ങൾ പറയാൻ ഞാൻ ഇദ്ദേഹത്തെ കൊണ്ടുവന്നിരുന്നു.
ഞങ്ങൾ കുറെയേറെ സംസാരിച്ചു. ‘സർജൻ പറഞ്ഞത് മാത്രം കേട്ടാൽ മതിയോ, അപ്പൻ പറഞ്ഞതും കേൾക്കണ്ടേ’ എന്ന് അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു.
‘‘എന്റെ ദേഹത്തു കത്തി കേറ്റരുത് എന്ന് ഫാദർ പറഞ്ഞതും വീണ്ടും വീണ്ടും കേൾക്കണ്ടേ?’’
രോഗിക്കു വേണ്ടത് ചികിത്സയാണെന്നിരിക്കെത്തന്നെ ഒരു ചികിത്സ വേണ്ടെന്നുവയ്ക്കാനും രോഗിക്ക് അവകാശമില്ലേ ? ആ അവകാശമല്ലേ അദ്ദേഹം ഉന്നയിച്ചത്?
– ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു.
ഇന്നിപ്പോൾ ഞാനറിയുന്നു അച്ചാച്ചൻ പറഞ്ഞത് ഒരു ‘എ സി ഡി’ ആണ്.
എന്നുവച്ചാൽ ‘അഡ്വാൻസ്ഡ് കെയർ ഡയറക്ടീവ് – Advanced Care Directive’
ആദ്യമായി ആ പ്രയോഗം കേട്ടത് രണ്ടു മാസം മുൻപൊരു ദിവസം ഡോ. അനിൽ പലേരിയിൽ നിന്നാണ്. ‘പാലിയേറ്റിവ് കെയർ’ എന്ന് 1996 ൽ ഡോ. കെ. സുരേഷ്കുമാറിൽനിന്നു കേട്ടപോലെ. അന്നതു പത്രസമ്മേളനത്തിലായിരുന്നു. ഡോ. പലേരി ഫോണിൽ വിളിക്കുകയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ കുറച്ചുകാലം ഡയറക്ടർ ആയിരുന്നു ഡോ. പലേരി. ഡോ. സുരേഷ്കുമാർ ഒഴിഞ്ഞപ്പോൾ.
‘എ സി ഡി’ സംബന്ധമായി പാലിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഒരു സെമിനാറിന്റെ വാർത്ത പത്രത്തിൽ നന്നായി കൊടുക്കണം എന്നു പറയാനാണ് ഡോ. പലേരി വിളിച്ചത്. ‘ ഓ കൊടുക്കാം ’ എന്നു പറഞ്ഞതിനൊപ്പം ഞാൻ ചോദിച്ചു:
‘‘ എന്താണ് ഈ എ സി ഡി ? ’’
‘‘ ഒടുവിൽ തന്റെ ജീവിതം എങ്ങനെ വേണമെന്നതെക്കുറിച്ച് ജീവിച്ചിരിക്കുന്ന ഒരാൾ തയാറാകുന്ന ‘വിൽ’ ആണത്’’.
അതായത് ജീവിതത്തിന്റെ സായാഹ്നകാലത്ത് തനിക്കു ചികിൽസകൾ വേണ്ടിവരുമ്പോൾ അത് എന്തൊക്കെയാകാം എന്ന് ഒരാൾ കുടുംബാംഗങ്ങൾക്കും ആശുപത്രികൾക്കുമൊക്കെയായി രേഖപ്പെടുത്തി വയ്ക്കുന്ന ഒരു പ്രമാണമാണ് എ സി ഡി. എന്തൊക്കെ പാടില്ല എന്നതിന്റെയും പ്രമാണം. സായാഹ്നജീവിത ശുശ്രൂഷാ നിർദേശങ്ങൾ എന്നു പറയാം.
എ സി ഡി എല്ലാവരും തയാറാക്കണമെന്ന സന്ദേശം എല്ലാവരിലുമെത്തിക്കാൻ പണിയെടുക്കുകയാണ് ഡോ. പലേരിയെപ്പൊലുള്ള കുറേ ഡോക്ടർമാർ. കേന്ദ്രസർക്കാർ അതിനു നിയമപ്രാബല്യം നൽകാനുള്ള പണികളും എടുത്തുകൊണ്ടിരിക്കുന്നുണ്ട്.
വിവരവും ധാരണയുമുള്ള ചില മനുഷ്യർ പക്ഷേ, പണ്ടേ അതു ചെയ്തിരുന്നു. നേരിട്ടറിയാവുന്ന കാര്യം.
ജീവിതത്തിന്റെ ഒഴുക്കിലെ ഒടുവിലത്തെ സ്വച്ഛന്ദാനന്ദത്തിന് എന്തിനു തടയണകൾ കൊണ്ടു വിഘ്നം തീർക്കണം? എസിഡി എന്തിന് എന്ന ചോദ്യത്തിന്റെ ഒന്നാമത്തെ ഉത്തരം ഈ ചോദ്യമാണ്. രണ്ടാമതൊരുത്തരം കൂടിയുള്ളത് ഡോ. പലേരി ചൂണ്ടിക്കാട്ടുന്നു:
‘‘ ഇപ്പോഴത്തെ അവസ്ഥ, ഒരാളുടെ ജീവിതത്തിലെ ആകെ ചികിൽസച്ചെലവിന്റെ 70 ശതമാനവും അവസാനത്തെ ആറു മാസം എന്നതാണ്. അത് അരുതാത്തതാണ്!’’
‘എന്റെ ദേഹത്ത് കത്തി കേറ്റരുത്’ എന്ന എ സി ഡി എന്റെ മനസ്സിൽ വീണ്ടും മുഴങ്ങുമ്പോൾ ഡോ. ചന്ദ്രപ്രസാദ് പറഞ്ഞു.
‘‘ഗിൽറ്റ് ആവശ്യമില്ല’’.
സർജറിക്കുശേഷം അമ്മയ്ക്കുണ്ടായ അവസ്ഥകൾ കണ്ടവർ അപ്പനും അതിലൂടെയൊക്കെ കടന്നുപോകേണ്ടിവരില്ലേ എന്നു ആലോചിക്കുന്നതു സ്വാഭാവികമാണ്. അങ്ങനെ ആലോചിക്കാതിരിക്കുന്നതാണ് തെറ്റ്.
സർജറി നടത്തിയശേഷം, അപ്പന്റെ അവസ്ഥ സർജൻ വിചാരിക്കുന്നതിന്റെ എതിരേയുള്ള വഴിയിലൂടെ പോയാലോ?
‘‘കൂടുതൽ ഗിൽറ്റ് ’’– അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ സന്ദിഗ്ധതകളെയും പ്രവചനാതീത രീതികളെയും കുറിച്ച് ചിലതുകൂടി പറഞ്ഞിട്ട് അദ്ദേഹം എനിക്കു ചികിൽസ വിധിച്ചു.
– രാവിലെ എഴുന്നേറ്റ് വേഗത്തിൽ നടക്കുക!
നടപ്പ് ആന്റി ഡിപ്രസന്റ് ആകുന്നു.
അക്കാലമാണ് ഞാൻ രാവിലെ നടന്ന കാലം.
–വിഷാദത്തിന്റെ തീരങ്ങളിൽനിന്നു ഞാൻ മടങ്ങിപ്പോന്നു.
ചില പ്രശ്നങ്ങളാലുള്ള ഉൽസാഹരാഹിത്യവും സങ്കടവും പേറി നടന്ന ചിലർ അക്കാര്യം എന്നോടു പങ്കുവച്ച സന്ദർഭങ്ങളുണ്ട്.
ജീവിതത്തിന്റെ സന്ദിഗ്ധതകളും പ്രവചനാതീത രീതികളും ലേശം വർണിച്ചിട്ട് ഞാനും അവരോടു പറഞ്ഞു.
–രാവിലെ എഴുന്നേറ്റു വേഗത്തിൽ നടക്കുക.
ഫലമുണ്ടായി എന്ന് അതിൽ ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്!
ഡോ. ചന്ദ്രപ്രസാദ് ശ്രീധർ എന്നോടു ഫീസ് ഒന്നും വാങ്ങിയില്ല.
ഓരോ കാലം!
കാശില്ലാത്ത കാലത്ത് കൺസൽറ്റേഷനു കണ്ണുതള്ളിക്കുന്ന ഫീസ്. എത്രവേണമെങ്കിലും കൊടുക്കാമെന്ന അവസ്ഥയിൽ ഫീസ് വേണ്ടാ!
ശരിയാണ് – ഇല്ലാത്തവനിൽ നിന്നാണ് ഉള്ളതുംകൂടി എടുക്കപ്പെടുക.
കർത്താവ് പണ്ടേ പറഞ്ഞതാണെങ്കിലും മനസ്സിലാകാൻ എത്രകാലമാണെടുത്തത്!
ചിലതു പക്ഷേ പെട്ടെന്നു മനസിലാകും. ശരീരത്തിനും മനസ്സിനുമല്ലാതെ അങ്ങനെ ചില മരുന്നുകളുണ്ട്.
തൃശൂരിൽ റിപ്പോർട്ടറായി ചെന്ന കാലത്ത് ഞാൻ സി.ആർ. കേശവൻ വൈദ്യരെ കാണാൻ ഇരിങ്ങാലക്കുടയ്ക്കു പോയിരുന്നു. പുതിയ ജില്ലയിൽ തുടങ്ങുമ്പോൾ അവിടുത്തെ പ്രമുഖരെ, മഹദ് വ്യക്തികളെ ഒക്കെ ഒന്നു പോയിക്കണ്ടു പരിചയപ്പെടുന്ന രീതിയുണ്ട് പത്രക്കാർക്ക്.
കൊളുത്തിവച്ച നിലവിളക്കുപോലെ ഒരു പ്രശാന്ത സാന്നിധ്യം.
എന്നെയല്ല, ‘മനോരമ’യെ മുഴുവൻ ആണു വൈദ്യർ സ്വീകരിച്ചത്. നമ്മൾ ചെറുതായിപ്പോകുന്ന തരം വലിയ ആദരം. ഊണ് ആകുംവരെ വൈദ്യർ വർത്തമാനം പറഞ്ഞു. ഒരുപാടു വർത്തമാനം. കോട്ടയം ജില്ലയിലെ രാമപുരത്തു നിന്ന് ഏറെ സ്വപ്നങ്ങളുമായി പുറപ്പെട്ട്, ഉറയ്ക്കാൻ ശ്രമിച്ചിടത്തൊന്നും നിൽക്കാനാകാതെ പ്രതിബന്ധങ്ങൾ കടന്നുകടന്ന് ഇരിങ്ങാലക്കുട വരെ എത്തിയ കഥ. 'ചന്ദ്രിക' എന്ന പരിമളാനുഭവം മലയാളിക്കു നൽകിയ വഴികളിലെ തന്റെ നേർക്കാഴ്ചകളുടെ കഥ. മുള്ളനുഭവങ്ങളുടെ കഥ.
ഒടുവിൽ ഞാൻ ചോദിച്ചു.
‘‘ഇതിനൊക്കെയിടയ്ക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ പറ്റി?’’
‘‘അത്... നമ്മൾ ആർക്കെങ്കിലും ഒരു ആയിരം രൂപയുടെ ഉപകാരം ചെയ്താൽ രണ്ടായിരം രൂപയുടെ ഉപദ്രവം തിരിച്ചു ചെയ്യാനുള്ള അവകാശം അയാൾക്കുണ്ടെന്നുള്ളത് നമ്മൾ ആദ്യമേ അങ്ങ് അംഗീകരിക്കണം. അങ്ങനെയായാൽ പിന്നെ ഒരു സങ്കടമോ കല്മഷമോ ഒന്നും തോന്നില്ല.’’
ചിരിച്ചതിനൊടുവിൽ വൈദ്യർ കൈ മന്ദമായൊരു വേഗത്തിൽ നീട്ടിയുയർത്തിക്കൊണ്ടു പറഞ്ഞു.
‘‘ജീവിതം ‘ഇങ്ങ....നെ’ മരണത്തിലേക്കുള്ളൊരു യാത്രയാണ്. വേണ്ടാത്തതിനൊന്നും വഴിയിൽ സമയം കളയരുത്.’’
ആത്മാവിന് മരുന്നാകുന്ന വാക്കുകൾ.
ജീവിതമെന്ന യാത്ര മരണത്തിലേക്കാണെങ്കിൽ അതിനെ തള്ളിമാറ്റി നമുക്കെത്ര മുന്നോട്ടു പോകാൻ പറ്റും? എങ്ങോട്ടു പോകാൻ പറ്റും?
അമ്മയും അപ്പനും നേരത്തേയാണു പോയതെന്നു ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എഴുപത്തിനാലു വയസും എഴുപത്തൊൻപതു വയസും അത്ര കൂടുതൽ അല്ലെന്ന തോന്നൽ.
ഇത് കുറിച്ചു തുടങ്ങുന്ന ദിവസം (2019 ഓഗസ്റ്റ് 5) രാവിലെ ഞാൻ ഡോ. പി.എ. ലളിതയെ വിളിച്ചപ്പോൾ അവർ പറയുന്നു:
‘‘എന്റെ അമ്മ മുപ്പത്തൊൻപതാമത്തെ വയസിൽ മരിച്ചുപോയതാണ്.’’
ഒരു സഹപ്രവർത്തകന്റെ അപ്പൻ പ്രമേഹം കടുത്ത് ഡോക്ടറുടെ ആശുപത്രിയിലുള്ള കാര്യം ഒന്നോർമിപ്പിക്കാൻ വിളിച്ചതാണു ഞാൻ. ഡോക്ടർക്കാണെങ്കിൽ അർബുദം വന്നൊഴിഞ്ഞതിന്റെ അസ്വസ്ഥതകളുണ്ട്. പ്രമേഹത്തിന്റെ തിരിവും മറവുമൊക്കെ വിശദീകരിച്ചിട്ടാണ് സ്വന്തം അമ്മ പ്രമേഹം വന്നു മരിച്ചുപോയ കഥ ഡോക്ടർ പറയുന്നത്.
അപ്പോൾ എന്റെ മനസ്സിലൂടെ പല മുഖങ്ങൾ കടന്നുപോയി.
മനസ്സിൽ വരുന്ന മുഖങ്ങളെയെല്ലാം കുറിക്കാനാവുന്നില്ല.
‘നിന്നെ കാണാൻ ഞാൻ കോഴിക്കോട്ടു വരുന്നുണ്ട്’ എന്നു പറഞ്ഞിട്ട് ഒരിക്കലും വരാതിരുന്ന സ്കൂളിലെ കൂട്ടുകാരൻ പ്രകാശ്! മെഡിക്കൽ റെപ് ആയിരുന്നു.
മകന്റെ സഹപാഠിയൊരാൾ ഇന്റേൺഷിപ്പിനു തിരുവനന്തപുരത്തുനിന്ന് ഈയിടെ കോഴിക്കോട്ടു വന്നപ്പോൾ വീട്ടിൽ തങ്ങി– ധീരജ്. കുശലത്തിനിടെ ഞാൻ വീട്ടുകാര്യങ്ങൾ ചോദിച്ചുപോകെ അവൻ പറഞ്ഞു:
‘‘എന്റച്ഛൻ കുഞ്ഞിലേ മരിച്ചുപോയതാണ്.’’
‘‘ക്ഷമിക്കൂ കുഞ്ഞേ’’– മനസ്സ് അവനോടു മാപ്പു ചോദിച്ചു.
മരണമെന്ന ഓർമ മനസ്സിൽ ഒരു കനം കോരിയിടുന്നു. അപ്പോഴും ജീവിതംപോലെ അതു പ്രധാനവുമായിരിക്കുന്നു!
മുന്നിൽ വരുന്ന വാർത്തകളിൽ ഏറ്റവും ഭാരമാർന്നതു മരണവാർത്തകളാകുന്നു. നാട്ടിൽനിന്നു വരുന്ന വിളികളിൽ ഒരു മരണമുണ്ടോ എന്നു മനസ്സ് എപ്പോഴും ജാഗരൂകമാകുന്നു. ഉള്ളപ്പോൾ ആരെങ്കിലും അതു വിളിച്ചറിയിക്കുന്നു– സ്റ്റുഡിയോയിലെ സണ്ണിയോ ആർട്ടിസ്റ്റ് വർഗീസോ.... അങ്ങനെ ആരെങ്കിലുമോ. ശോകത്തിന്റെ ഒരു തരി ഉള്ളിൽ കൈ കൂപ്പുന്നു.
ആസന്നമരണനായ തന്നെ കാണാൻ വന്നവരെയെല്ലാം ചിരിപ്പിച്ചുവിട്ട ഒരാളുണ്ട്– ജോണിച്ചേട്ടൻ.
മലയാള മനോരമയുടെ തൃശൂരിലെ സർക്കുലേഷൻ ചുമതലക്കാരനായിരുന്ന എം.ഡി. ജോണി. തൃശൂർ പ്രസ്ക്ളബ് വാടകയ്ക്കു കൊടുത്തിരുന്ന മുറികൾ തുച്ഛമായൊരു പകിടി മാത്രം ക്ളബിനു നൽകി മറിച്ചുകൊടുക്കുമെന്ന ഒരു സാഹചര്യം വന്നപ്പോൾ അതു തടയാനുള്ള നീക്കങ്ങളിൽ രൂപീകരിച്ച മൂന്നംഗ കമ്മിഷനിൽ ഞാനും ഉണ്ടായിരുന്നു. അന്നു തൃശൂർ റൗണ്ടിലെ ഓരോ 100 മീറ്ററിലും കടമുറികൾക്കുള്ള പകിടിത്തുക എത്രയെന്ന് എനിക്കു കണ്ടുപിടിച്ചു തന്നത് ജോണിച്ചേട്ടനായിരുന്നു. അത്രത്തോളം ഞാൻ ചോദിച്ചിരുന്നില്ല.
ഒരു തൃശൂർ നസ്രാണിക്കു ചേരുംമട്ടിൽ എല്ലാറ്റിലും ജോണിച്ചേട്ടൻ തമാശ ചേർക്കുമായിരുന്നു.
ജോണിച്ചേട്ടനു വയ്യാതായി. കണ്ണിനു കാഴ്ച തീരെ ഇല്ലാതായി.
ജോണിച്ചേട്ടനെ ‘കാണാൻ’ ആളുകൾ ഓടിയോടി എത്തിത്തുടങ്ങി.
ആൾ വന്നതു ജോണിച്ചേട്ടൻ അറിയും. ആരെന്ന് അറിയാനാവില്ല.
‘‘ആരാ?’’ –ജോണിച്ചേട്ടൻ ഉച്ചത്തിൽ ചോദിക്കും.
‘‘ഞാൻ സുഗുണനാ...’’ വന്നയാൾ ഉച്ചത്തിൽ പറയും.
‘‘നീ ചത്തില്ലേടാ?’’
വന്നയാളും ചിരിക്കും ജോണിച്ചേട്ടനും ചിരിക്കും. എല്ലാവർക്കും കിട്ടി ഈ ഡോസ്.
കനം വച്ചൊരു മനസ്സുമായി ജോണിച്ചേട്ടനെ കാണാനെത്തിയവരെല്ലാം ചിരിച്ചുകൊണ്ടാണ് മടങ്ങിയത്.
വല്ലാത്ത സുകൃതം! അവിടെ ജോണിച്ചേട്ടൻ ഒരു വൈദ്യനായി.
ചികിൽസയുടെ വഴി എനിക്കിനി എത്ര ബാക്കിയുണ്ടെന്നറിയില്ല.
ഒരു പക്ഷേ ഇനിയായിരിക്കാം അതു കൂടുതൽ.
വലിയ തലേക്കെട്ടും ഭാണ്ഡത്തിലെ മരപ്പെട്ടിയിൽ മരുന്നുകൂട്ടുകളുമായി എങ്ങുനിന്നോ വന്ന് എങ്ങോട്ടോ മറഞ്ഞ ഒരു ലാടവൈദ്യൻ മനസ്സിന്റെ കണ്ണാടിയിൽനിന്നു മീശ തടവുന്നു.
അയാൾക്ക് പിന്നാലെ ഒരു ഘോഷയാത്ര.
–വൈദ്യൻമാരാണ്.
ഒടുവിലുള്ളത് ഒരു യന്ത്രമനുഷ്യൻ–റോബട്ട്!
ഒരു ‘എ സി ഡി’ കുറിക്കാൻ സമയം ശേഷിക്കുന്നുണ്ടോ?
അറിയില്ല.
അറിയില്ല.
ഇതി ചികിൽസായനം സമാപ്തം.
ലോകാ സമസ്താ സുഖിനോ ഭവന്തു!!!