ADVERTISEMENT

വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ  കിണർ   പൂർണമായോ ഭാഗികമായോ മലിനമാകാൻ (contaminate) സാധ്യത ഉണ്ട്. കക്കൂസ് മാലിന്യങ്ങൾ, ഓടവെള്ളം, പക്ഷി മൃഗാദികളുടെ വിസർജ്ജ്യങ്ങൾ ഇവ കൊണ്ടെല്ലാം വെള്ളം മലിനമായിരിക്കാം.

ഇവയിലെല്ലാം പല തരത്തിലുള്ള ബാക്ടീരിയകൾ, വൈറസുകൾ, ആൽഗകൾ എന്നിങ്ങനെ ആരോഗ്യത്തിനു ഹാനികരമായ പല സൂക്ഷ്മ ജീവികളും ധാരാളമായി കാണാം.

ഉടനടി ചെയ്യേണ്ടതായ ചില കാര്യങ്ങൾ ആണ് പങ്കു വയ്ക്കുന്നത്.

1. കിണറിന്റെ പരിസരം ആദ്യം സഞ്ചാര യോഗ്യമാക്കുക.

2. കിണറിന്റെ അടുത്തേയ്ക്ക് പോകുന്നത് സുരക്ഷതമാണോ എന്ന് ഉറപ്പു വരുത്തുക. ചിലപ്പോൾ തിട്ട ഇടിഞ്ഞു, കിണറ്റിലേക്ക് വീഴാം. കിണറുകളുടെ ഭിത്തി ദുർബലപ്പെട്ടിട്ടുണ്ടാവാം. ഇതെല്ലാം ഉറപ്പു വരുത്തിയിട്ടേ കിണറിന്റെ അടുത്തേക്കു പോകാവൂ.

3 . കിണറ്റിൽ പൊങ്ങിക്കിടക്കുന്ന ചപ്പു ചവറുകൾ, കുപ്പികൾ ഇവ എടുത്തു മാറ്റുക.

4. പറ്റുമെങ്കിൽ, വെള്ളം ഒരു പമ്പു വച്ച് പൂർണമായും നീക്കം ചെയ്യുക (ഏറ്റവും ഉത്തമമായ കാര്യം ഇതാണ്). ഇതു സാധ്യം അല്ലെങ്കിൽ പറ്റുന്ന അത്രയും ആഴത്തിലുള്ള വെള്ളം തേകി കിണർ വൃത്തി ആക്കുക. ഇത് വളരെ പ്രധാനമാണ്. കുടിവെള്ളം തീർത്തും മലിനമായിട്ടുണ്ടാവാം.

5. രാസമാലിന്യങ്ങൾ കലർന്നിട്ടുണ്ടെന്നു സംശയം ഉണ്ടെങ്കിൽ കിണർ പൂർണമായും വറ്റിക്കണം

6. ഇനിയാണ് പ്രധാന കാര്യം. കലങ്ങിയ (turbid) വെള്ളം ആണെങ്കിൽ അത് പൂർണമായും അടിഞ്ഞു, തെളി വെള്ളം ആയതിനു ശേഷമേ അണുനാശനി ഉപയോഗിക്കാവൂ. അല്ലെങ്കിൽ അണുനാശനം പൂർണം ആകില്ല. വെള്ളം കലങ്ങിയത് എന്ന് വച്ചാൽ, അതിൽ സൂക്ഷ്മ ജീവികൾ ആകാം, ജൈവ പദാർത്ഥങ്ങൾ ആകാം, അല്ലെങ്കിൽ നേർത്ത മണ്ണ് കലങ്ങിയത് ആവാം. വെള്ളത്തിന്റെ കലക്കത്തിന്റെ അളവ് പറയുന്ന യൂണിറ്റ് ആണ് NTU, (nephelometric turbidity units). കുടിവെള്ളത്തിന് 1 NTU വിൽ താഴെ ആയിരിക്കണം എന്നാണ് അന്താരഷ്ട്ര പ്രസിദ്ധീകരങ്ങൾ പറയുന്നത്. 2 NTU വരെയും കുഴപ്പമില്ല എന്ന് പറയാം. പക്ഷേ അണു നശീകരണത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന് നിർബന്ധമായും 20 NTU വിൽ താഴെ ആയിരിക്കണം. അടുത്തുള്ള കൃഷി ഓഫീസറെയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസർ മാരേയോ ഇതിനായി സമീപിക്കാം.

Turbidity മീറ്ററുകൾ അടുത്തുള്ള ലാബുകളിൽ ലഭ്യമാക്കണം. ഇത് വലിയ വിലപിടിപ്പുള്ള ഉപകരണം അല്ല. അല്ലെങ്കിൽ ഒരു ഗ്ലാസ്സിൽ വെള്ളം എടുത്ത ശേഷം അതിൽ ഖര മാലിന്യങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്താം. വെള്ളത്തിന്റെ കലക്കൽ പലപ്പോഴും മണ്ണ് കൊണ്ട് ആണെങ്കിൽ ഒരാഴ്ച കൊണ്ട് പൂർണമായും 'സെറ്റിൽ' ആകും. അതുകൊണ്ട് ധൃതി പിടിക്കാതെ ഒരാഴ്ച എങ്കിലും സെറ്റിൽ ആകാൻ ഇടുക. എന്നിട്ടും തെളി ആയില്ലെങ്കിൽ അത് ഓർഗാനിക് മാറ്ററുകൾ അല്ലെങ്കിൽ ജൈവ വസ്തുക്കൾ ആകാം. അപ്പോൾ തീർച്ചയായും കിണർ വറ്റിച്ചു വെള്ളം പൂർണമായും നീക്കം ചെയ്തിട്ടേ അണുനശീകരണത്തിന് ശേഷം കുടി വെള്ളം ആയി ഉപയോഗിക്കാവൂ. ചിരട്ടക്കരി ഒക്കെ പഴമക്കാർ കിണറ്റിൽ ഇടുന്നത് വെള്ളത്തിന്റെ 'കലക്കൽ' മാറ്റാനാണ്. കരി ഒരു നല്ല adsorbant (അധിശോഷണം ചെയ്യുന്ന വസ്തു), പക്ഷേ ഒരു 'ഫലപ്രദമായ' അണു നാശിനി അല്ല.

7. അണുനാശനം: വെള്ളം തെളി ആയാൽ ഉടനെ അണുനാശനം നടത്താം. ഇപ്പോൾ നമുക്ക് ലഭ്യം ആയതിൽ ഏറ്റവും ഫലപ്രദമായ മാർഗം 'ക്ലോറിനേഷൻ' ആണ്. അത് സാമാന്യം എളുപ്പം ആയി 'ബ്ലീച്ചിങ് പൗഡർ (Bleaching powder, or chlorinated lime)' ഉപയോഗിച്ചു പ്രാവർത്തികം ആക്കുകയും ചെയ്യാം. ബ്ലീച്ചിങ് പൗഡറിൽ നിന്നും ഏകദേശം 30% ക്ലോറിൻ വാതകം ലഭ്യമാണ്. പക്ഷേ WHO പറയുന്ന ഈ കാര്യം കൂടി ശ്രദ്ധിക്കുക (TREATMENT UNDER RURAL CONDITIONS) 'the strength of this powder rapidly vanishes after the can is opened, or in cans that have been stored for a long time. In using chlorinated lime, it is best to use I the whole can at once, immediately after opening, in making up a stock solution." അതായത് ചുരുക്കി പറഞ്ഞാൽ ബ്ലീച്ചിങ് പൗഡറിന്റെ ക്യാൻ (സീൽ ചെയ്ത കുപ്പി) ഓപ്പൺ ചെയ്ത ഉടനെ ഉപയോഗിക്കുക. തുറന്നു വച്ചാൽ അതിൽ നിന്നും അന്തരീക്ഷത്തിലുള്ള ഈർപ്പവും ആയി പ്രവർത്തിച്ചു ക്ലോറിൻ വാതകം നഷ്ടമാകും. ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണു നാശിനി ആയി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O ---> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം. 1 % ആക്റ്റീവ് ക്ലോറിൻ ലായനി തയാറാക്കുന്ന വിധം. ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ മൂന്നു, നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലീറ്റർ വെള്ളം ഒഴിക്കുക. ഏകദേശം പത്തു പതിനഞ്ചു മിനിറ്റ് വച്ചതിനു ശേഷം ഈ ലായനി ഉപയോഗിക്കാം. കിണർ ഒരു സിലണ്ടർ ആയി കണക്കാക്കാം. സിലിണ്ടറിന്റെ volume (വ്യാപ്തം) pi(r square) h. ഇത് ഉപയോഗിച്ച് നിങ്ങളുടെ കിണറ്റിലെ വെള്ളത്തിന്റെ അളവും ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിക്കു കണക്കാക്കവുന്നതേ ഉള്ളൂ. 

8 പൈപ്പുകൾ, വാട്ടർ ടാങ്ക് എന്നിവ വെള്ളം അടിച്ചു കളഞ്ഞു രണ്ടു മൂന്നു പ്രാവശ്യം എങ്കിലും ക്ലീൻ ചെയ്യാൻ മറക്കാതെ ഇരിക്കുക.

9. തിളപ്പിക്കൽ: വെള്ളം 'ക്ലോറിനേഷൻ' നടത്തി അണുനാശനം നടത്തി എങ്കിലും ഒരു ആറു മാസത്തേക്ക് ഉറപ്പായും തിളപ്പിച്ചേ കുടിക്കാവൂ. അഞ്ചു മിനിറ്റെങ്കിലും വെള്ളം തിളയിൽ നിൽക്കാൻ അനുവദിക്കുക. തിളപ്പിക്കൽ ഒരു നല്ല അണുനാശന പ്രക്രിയ ആണ്. മിക്കവാറും സൂക്ഷ്മ ജീവികളെ എല്ലാം തിളപ്പിക്കൽ പ്രക്രിയ കൊണ്ട് ഒഴിവാക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com