കാൽ വിരലുകൾക്കിടയിലെ അണുബാധ സൂക്ഷിക്കണേ
Mail This Article
കാൽ വിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടി ഒരു പാട് പേർ ക്യാംപുകളിൽ എത്താൻ സാധ്യതയുണ്ട്. ഫംഗസ് ഇൻഫെക്ഷൻ ആണെന്നുള്ള ധാരണയിൽ ക്ലോട്രിമസോൾ ഓയിന്റ്മെന്റ് ആരംഭിക്കുകയാണ് സാധാരണ ചെയ്യുക.
ചെളി വെള്ളത്തിൽ ഏതാനും ദിവസം ചെലവഴിക്കുമ്പോൾ പല തരം ലാർവകൾ (കൊക്കപ്പുഴുവിന്റെ, ഉരുളൻ വിരയുടെ അത് പോലെ അനേകം പരാദങ്ങളുടെ) കാൽ വിരലുകൾക്കിടയിലൂടെ കൂടെ കയറാൻ സാധ്യതയുണ്ട്, അവരുടെ എൻട്രി പോയിന്റ് ആണീ ഭാഗം. അവയുടെ ജീവിത ചക്രത്തിൽ നമ്മുടെ തൊലിയിലൂടെ അതും ഏറ്റവും നേർത്ത ഭാഗത്തിലൂടെ അവ കയറി പോകും. പോകുന്ന ഭാഗത്തു നല്ല ചൊറിച്ചിലും ചുവപ്പും ഉണ്ടാവും. അവിടെ അണുബാധ ഉണ്ടായില്ല എങ്കിൽ ഏതാനും ദിവസം കൊണ്ട് ഇത് തനിയെ മാറും.
അതെ പോലെ തന്നെ നനവിൽ ഏറെ നാൾ കഴിയുന്നവർക്ക് ഫംഗസ് കൊണ്ട് കാൽവിരലുകളിൽ ചൊറിഞ്ഞു പൊട്ടി വിണ്ടു കീറാം അപ്പൊ അവ തമ്മിൽ തിരിച്ചറിയേണ്ടേ ?
വേണം.
ഫംഗസ് കൊണ്ടുള്ള തൊലിയിലെ പ്രശ്നങ്ങൾ ഏതാനും ദിവസം കൊണ്ട് വരില്ല. അതിനു നനവുള്ള ചുറ്റുപാടിൽ ഇത്തിരി കൂടുതൽ ദിവസങ്ങൾ എടുക്കും. ഫംഗസ് കൊണ്ടുള്ള തൊലിപ്പുറമേ ഉള്ള കാര്യം വിരലുകൾക്കിടയിൽ ഉൾഭാഗത്ത് മാത്രമല്ല നഖത്തിന്റെ ചുറ്റിലും വിരലിനു മേൽഭാഗത്തും ഉണ്ടാവും.
Clotrimazole ointment ചിലപ്പോൾ ആവശ്യത്തിന് തികഞ്ഞില്ല എന്നുവരാം. അങ്ങനെയുള്ള അവസരത്തിൽ എന്താണ് ചെയ്യേണ്ടത് ?
ഉപ്പു വെള്ളത്തിൽ കഴുകി, ചൊറിച്ചിൽ ഉണ്ടെങ്കിൽ ആന്റി ഹിസ്റ്റാമിനിക്ക് മരുന്നുകൾ കൊടുക്കാം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകൾ ആരംഭിക്കണം. ഇവ രണ്ടും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മതി.
എല്ലാവരും ചെയ്യേണ്ട, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കാൽവിരലുകൾ വൃത്തിയായി, ഡ്രൈ ആയി സൂക്ഷിക്കുക. വെള്ളത്തിൽ ഇറങ്ങി തിരിച്ചു കയറുമ്പോൾ തുണി കൊണ്ട് നന്നായി ഒപ്പി തുടയ്ക്കുക, സാധിക്കുമെങ്കിൽ സോപ്പ് തേച്ച് കഴുകിയശേഷം തുടയ്ക്കുക.
വളം കടി എന്ന പ്രശ്നം ഉണ്ടാകാതിരിക്കുന്നതാണ് ഉണ്ടായതിനുശേഷം പരിഹരിക്കുന്നതിനേക്കാൾ എളുപ്പം.
പണ്ട് വളംകടിക്ക് ഉപയോഗിച്ചിരുന്നത് ഒരു നീല മരുന്ന് ആയിരുന്നു, ജെൻഷ്യൻ വയലറ്റ്. അതിപ്പോൾ അത്ര ഉപയോഗിച്ചു കാണാറില്ല.