തോൾവേദന; കാരണവും പരിഹാര മാർഗവും
Mail This Article
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലനമുള്ള സന്ധിയാണല്ലോ തോൾ സന്ധി. കയ്യുടെ ഒട്ടനവധി ചലനങ്ങൾക്ക് ഈ ദൃഢസന്ധി സഹായിക്കുന്നുണ്ട്. കഴുത്തിൽ നിന്നു പുറപ്പെടുന്ന മാംസപേശികളും തോളിനു പുറകുവശത്തെ കൈപ്പലകയെ പൊതിയുന്ന മാംസപേശികളും ചേർന്നതാണ് തോൾ സന്ധി. കയ്യുടെ മുകളിലെ അസ്ഥിയുടെ ഉരുണ്ടഭാഗം ഇതിൽ കിടന്നു തിരിയുന്നതുകൊണ്ടാണ് കൈക്ക് ഒട്ടനവധി രീതിയിലുള്ള ചലനങ്ങളുണ്ടാക്കാൻ കഴിയുന്നത്.
പലവിധ കാരണങ്ങൾകൊണ്ട് ഈ മാംസപേശികൾക്കു സങ്കോചമുണ്ടാകാം. അപ്പോൾ താൽക്കാലികമായോ പൂർണമായോ ഈ സന്ധിയുടെ ചലനം നിലച്ചു പോകാം. അതു മാംസപേശികൾക്കു ചതവു പറ്റിയതുകൊണ്ടാകാം. കാരണം ചലനപേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞതു കൊണ്ടാകാം. മാംസപേശികളെ നിയന്ത്രിക്കുന്ന നാഡികൾക്കും തകരാറു സംഭവിച്ചതുകൊണ്ടാകാം. പ്രമേഹം നിയന്ത്രിക്കാത്തതു കൊണ്ടുമാവാം.
തോൾ സഞ്ചിയിലെ എല്ലുകൾ തേഞ്ഞു പോയതുകൊണ്ടും തുടർച്ചയായി തോൾസന്ധിക്ക് ഡിസ്‌ലൊക്കേഷൻ വരുന്നതുകൊണ്ടുമാകാം. തുടക്കത്തിൽത്തന്നെ ചികിത്സിച്ചില്ലെങ്കിൽ ചലനശേഷി വരെ നഷ്ടപ്പെടാം. വിവിധ തരം കിഴികൾവച്ചും തൈലം പുരട്ടി ചൂടുവച്ചും ചെറിയ തോതിൽ വ്യായാമം ചെയ്തും, നാഡീഞരമ്പുകളെ ബലപ്പെടുത്തുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്ന ഔഷധങ്ങളും സൂപ്പും കഴിച്ചും ഒരു പരിധിവരെ ഈ രോഗാവസ്ഥയെ മറികടക്കാം.