ADVERTISEMENT

2019 ഓഗസ്റ്റിൽ കേരളം വീണ്ടും പ്രളയത്തിൽ അകപ്പെട്ടപ്പോൾ ആയിരക്കണക്കിനു സന്നദ്ധപ്രവർത്തകരാണ് കൈമെയ് മറന്നു സംസ്ഥാനത്തെ ദുരന്തത്തിൽ നിന്ന് കര കയറ്റാൻ ഒത്തുചേർന്നത്. ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയും അവിടങ്ങളിലേക്ക് ആവശ്യവസ്തുക്കളും സേവനങ്ങളും ലഭ്യമാക്കിയും മലയാളികൾ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിട്ടു.

പ്രളയകാലത്ത് രാപകൽ ഇല്ലാതെ സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ മൂന്നു മിടുക്കി ഡോക്ടർമാരും ഉണ്ടായിരുന്നു. ഷിംന അസീസ്, അശ്വതി സോമൻ, ഷിനു ശ്യാമളൻ എന്നിവരാണ് അവർ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഈ മൂന്നു മാലാഖമാർ തമ്മിലുള്ള സാമ്യം, അവരുടെ സാമൂഹികപ്രതിബദ്ധതയും ദുരിതബാധിതർക്കു വേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കാനുള്ള സന്നദ്ധതയും ദുരന്തമുഖത്ത് ഒട്ടേറെ പേർക്ക് ആശ്വാസമായി.

മലപ്പുറം നിലമ്പൂരിൽ ഉരുൾപൊട്ടൽ മൂലം എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ എത്തിയ ആദിവാസികൾക്കിടയിലായിരുന്നു അശ്വതി സോമന്റെ പ്രവർത്തനം. ദുരിതബാധിത മേഖലകളിലേക്കുള്ള മരുന്നുകൾ ശേഖരിക്കുകയും തരം തിരിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്ന മഞ്ചേരി ഗവൺമെന്റ് ബോയ്സ് സ്‌കൂളിലെ ശേഖരണകേന്ദ്രം നയിച്ചത് ഡോ. ഷിംനയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ്. അതേസമയം, ഉരുൾപൊട്ടൽ നാശം വിതച്ച പുത്തുമലയിലെ ദുരിതബാധിതർക്ക്, സബ്കലക്ടറുടെ സഹായത്തോടെ ഒരു മെഡിക്കൽ ഹെൽപ് ഡെസ്ക് തുറന്നുകൊണ്ടാണ് ഷിനു ശ്യാമളൻ ദുരിതനിവാരണത്തിൽ തന്റെ പങ്ക് വഹിച്ചത്.

ദുരന്തം സംഭവിച്ച് ഒരു മാസത്തോളമാകുമ്പോൾ മൂന്നു ഡോക്ടർമാരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ashwathi-soman

കാടും മലയും കയറി അശ്വതി

തുടർച്ചയായ മഴയും പ്രളയവും ഉരുൾപൊട്ടലും അശ്വതിക്കു സമ്മാനിച്ചത് ഉറക്കവും വിശ്രമവും ഇല്ലാത്ത കുറെ ദിവസങ്ങളാണ്. കോഴിക്കോട് സ്വദേശിനിയായ അശ്വതി കേരള സർക്കാരിനു കീഴിൽ നിലമ്പൂരിലെ ട്രൈബൽ മെഡിക്കൽ ഓഫിസറാണ്. 

"ഉരുൾപൊട്ടൽ ആരംഭിച്ചതോടെ കാട്ടിലുള്ള ആദിവാസി ഊരുകളും നാടുമായി യാതൊരു ബന്ധവും ഇല്ലാതെയായി. മഴ തുടർന്ന അത്രയും ദിവസം അവർക്ക് വെള്ളവും ഭക്ഷണവും ഇല്ലാതെ കഴിഞ്ഞുകൂടേണ്ടി വന്നു. സമയോചിതമായ ഇടപെടലും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹകരണവും കൊണ്ടാണ് അവർക്ക് മികച്ച ചികിത്സയും ഭക്ഷണവും എത്തിക്കാൻ സാധിച്ചത്," അശ്വതി പറയുന്നു.

aswathy-team-nilambur

അശ്വതിയുടെ നേതൃത്വത്തിലുള്ള മൊബൈൽ ഡിസ്പെൻസറി സംഘം ജീവൻ പണയം വച്ചാണ് ഒറ്റപ്പെട്ടു കിടന്ന പല ആദിവാസി ഊരുകളിലേക്കും ചികിത്സയെത്തിച്ചത്. വഴുക്കുള്ള പാറകൾ താണ്ടി, ട്രെക്കിങ് റോപ്പ്‌സ് വരെ ഉപയോഗിച്ചാണ് അവർ പലയിടങ്ങളിലും സേവനമെത്തിച്ചത്. അശ്വതിയുടെ അഭിപ്രായത്തിൽ, സാഹസികമെങ്കിലും ഏറെ കൃതാർഥത സമ്മാനിച്ച അനുഭവങ്ങളായിരുന്നു അവ.

മഴ മാറിയെങ്കിലും അശ്വതിയുടെ ജോലി തീരുന്നില്ല. റിലീഫ് ക്യാംപുകളിൽ ഓടിയെത്തി, ഭക്ഷണവും മരുന്നുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, മരണത്തെ മുഖാമുഖം കണ്ടവരോട് സംസാരിച്ച്, ആവശ്യമെങ്കിൽ വൈദ്യസഹായം എത്തിച്ച് ഓടിനടക്കുകയാണ് അശ്വതി.

"ദുരന്തം ഏല്പിച്ച മാനസിക ആഘാതം മറികടക്കാൻ പലർക്കും മനഃശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവന്നേക്കാം. ഉരുൾപൊട്ടലും മഴയും ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച കവളപ്പാറയിലെ നാട്ടുകാർക്ക് മാനസിക ആഘാതത്തിൽനിന്നു കര കയറാൻ ഒരു ദശാബ്ദമെങ്കിലും പിടിക്കുമെന്നാണ് അശ്വതി അഭിപ്രായപ്പെടുന്നത്.

"സ്വന്തം ചേട്ടനും അമ്മൂമ്മയും മലവെള്ളത്തിൽ ഒലിച്ചുപോകുന്നത് നേരിൽ കണ്ട ഒരു ബാലൻ മൂന്നു ദിവസമായി ഉറങ്ങാതെ മരവിച്ച് ഇരിക്കുന്നത് കണ്ടിരുന്നു. ആദിവാസികൾ പലരും ക്യാംപുകളിൽ തങ്ങാൻ കൂട്ടാക്കാതെ തിരിച്ച് കാട്ടിലേക്കു കയറിപ്പോയി. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം ചെയ്ത ഫോറൻസിക് സർജന്മാരുടെ മനോനിലയാണ് ഏറ്റവും കഷ്ടം. തലയും കൈകാലുകളും ഉടലുമെല്ലാം വെവ്വേറെയായി ലഭിക്കുമ്പോൾ കൂട്ടിവച്ച് ചേർച്ച നോക്കേണ്ട അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്," അശ്വതി പറഞ്ഞു.

shimna-and-team

ഷിംനയും അസ്വസ്ഥയാണ്

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അധ്യാപികയാണ് ഷിംന അസീസ്. ദുരിതബാധിത മേഖലകളിലേക്കുള്ള മരുന്നുകൾ ശേഖരിക്കുകയും തരം തിരിച്ച് വിതരണം ചെയ്യുകയും ചെയ്ത മഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്‌കൂളിലെ ശേഖരണകേന്ദ്രം നയിച്ചത് ഡോ.ഷിംനയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൗൺസിലിങ് നൽകിയും വൈദ്യസഹായം എത്തിച്ചും ഷിംന ദുരന്തമുഖത്ത് സജീവ സാന്നിധ്യമായി. 

manjery-govt-boys-school

"2018 ലെ പ്രളയത്തിൽ ജലനിരപ്പ് ഉയരുന്നത് നമുക്ക് നേരിട്ടു കാണാമായിരുന്നു. പ്രളയമാണ്, രക്ഷപ്പെടണം, പ്രകൃതിക്ഷോഭമാണ് എന്നെല്ലാം മനസ്സിലാക്കാൻ സമയമുണ്ടായിരുന്നു. ഉരുൾപൊട്ടൽ അങ്ങനെയല്ല. ഉറങ്ങിക്കിടക്കുമ്പോഴോ വീട്ടിൽ സ്വസ്ഥമായി ഇരിക്കുമ്പോഴോ ഒക്കെയാണ് പൊടുന്നനെ ദുരന്തം സംഭവിക്കുന്നത്. വൈറൽ പനി ബാധിച്ച ഒരു മൂന്നു വയസ്സുകാരനെക്കൊണ്ട് ഒരു അമ്മ എന്റെയടുത്ത് വന്നു. കുട്ടി ഒരക്ഷരം മിണ്ടുന്നില്ല. തകർന്നടിഞ്ഞ വീട്ടിൽ നിന്ന് അവന്റെ അച്ഛന്റെയും ചേച്ചിയുടെയും മൃതദേഹങ്ങൾ വലിച്ചെടുക്കുന്നത് കണ്ട അവന്റെ അമ്മ അലമുറയിട്ടു കരയുന്നത് നിശബ്ദനായി നോക്കി നിന്ന ശേഷം അവൻ ഒന്നും തന്നെ മിണ്ടിയിട്ടില്ല. അങ്ങനെയാണ് പനി പിടിച്ചതും. അമ്മ മലവെള്ളത്തിൽ ഒലിച്ചുപോകുന്നത് കണ്ടുനിന്ന ഒരു അഞ്ച് വയസ്സുകാരനും അവിടെ ഉണ്ടായിരുന്നു," ഷിംന ഓർത്തെടുക്കുന്നു.

എങ്ങനെയാണ് ഈ കുട്ടികളെല്ലാം ഈ ട്രോമ മറികടക്കാൻ പോകുന്നത് എന്നതാണു ഷിംനയെ ആകുലയാക്കുന്നത്. പോസ്റ്റ് ട്രോമാറ്റിക്ക് ഡിപ്രഷനാണ് കേരളം ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമെന്നു ഷിംന കൂട്ടിച്ചേർത്തു.

shinu-with-flood-victims-kavalappara

പകർച്ചവ്യാധികൾ കരുതിയിരിക്കണമെന്നു ഷിനു

shinu-umesh

തൃശൂർ സ്വദേശിയായ ഷിനു ശ്യാമളൻ കണ്ണൂർ പുളിങ്ങോമിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് ഡോക്ടറാണ്. പ്രകൃതിക്ഷോഭം റിപ്പോർട്ട് ചെയ്യപ്പെട്ടയുടനെ പുത്തുമലയിലേക്ക് ഒരു വലിയ ബാഗ് നിറയെ പ്രഥമ ശുശ്രൂഷാ മരുന്നുകളുമായി ഷിനു യാത്ര തിരിച്ചു. സബ്കലക്ടർ ഉമേഷിന്റെ സഹായത്തോടെ പുത്തുമല ഗ്രാമത്തിൽ ഒരു മെഡിക്കൽ ഹെൽപ് ഡെസ്ക് തുടങ്ങിയ ഷിനു, ഉരുൾപൊട്ടലിൽനിന്ന് രക്ഷപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയും ക്യാംപുകളിൽ പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിച്ചും പ്രവർത്തിച്ചു. 

shinu-shyamalam-kavalappara

"തീവ്രപരിചരണം വേണ്ടുന്ന ദുരന്തബാധിതരൊന്നും അവിടെയുണ്ടായിരുന്നില്ല. എലിപ്പനിയും വൈറൽ ഇൻഫെക്‌ഷനുകളും തടയാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്. രോഗാണുക്കൾ കറങ്ങിനടക്കുന്ന ഇടങ്ങളാണ് പ്രളയദുരിതാശ്വാസ ക്യാംപുകൾ. മലിനജലവുമായുള്ള സ്ഥിരസമ്പർക്കം വളംകടി, ഫംഗൽ ഇൻഫെക്‌ഷനുകൾ തുടങ്ങിയവ ക്ഷണിച്ച് വരുത്തും. കഴിഞ്ഞ പ്രളയത്തിന് ശേഷം നൂറുകണക്കിന് എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ അമ്പതോളം എണ്ണം മരണത്തിൽ കലാശിച്ചു." 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com