ADVERTISEMENT

ഞാൻ ഡിമൻഷ്യ ചാംപ്യൻ ആണ്...ഡിമൻഷ്യയുമായി പൊരുതിയ അ‍ഞ്ചു വർഷങ്ങൾ ആലോചിക്കുമ്പോൾ മിസ് കേരള അത്ര വലിയ ഡീൽ അല്ല.... അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചാംപ്യൻഷിപ്പ് ഡിമൻഷ്യ തന്നെയാണെന്നു നിസംശയം പറയാം – മിസ് കേരള ഫിറ്റ്നസ് ക്വീൻ ആയിരുന്ന ജിനി ഗോപാൽ അച്ഛനു ബാധിച്ച മാറവി രോഗത്തെയും അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്നങ്ങളെയും കുറിച്ചു പറയുന്നു.

അച്ഛനും അമ്മയും ഞാനും മാത്രമുള്ള സാധാരണ കുടുംബം. മിക്കവാറും പെൺകുട്ടികളെപ്പോലെ ഞാനും അച്ഛൻ ഫാൻ ആണ്. അച്ഛൻ വളരെ സാത്വികനായിരുന്നു. പക്വതയും വ്യക്തിത്വവുമുള്ളയാൾ. പുകവലിയോ മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളോ ഇല്ല. നല്ല ആരോഗ്യവാൻ, പരന്ന വായന, അസാമാന്യമായ ഓർമശക്തി. പല കാര്യങ്ങളുടെയും എൻസൈക്ലോപീഡിയ. ഒന്നിലും പതറാത്ത നല്ല ഉൾക്കരുത്തുള്ള ആൾ. സർവോപരി നല്ല അച്ഛൻ. 

അച്ഛൻ എന്റെ  ആത്മസുഹൃത്തുകൂടി ആയിരുന്നു. പല കാര്യങ്ങളിലും ഒരു ശരാശരി അച്ഛനിൽ നിന്നു വേറിട്ടുനിന്നു എന്റെ അച്ഛൻ. സാധാരണ അച്ഛൻമാർ പറയാറുള്ള പല 'നോ' കളും അച്ഛൻ എന്നോടു പറഞ്ഞില്ല. അതേസമയം ചിലപ്പോൾ കർക്കശക്കാരനുമായി. തർക്കുത്തരം പറഞ്ഞ് ഞാൻ അടിവാങ്ങി പിണങ്ങി ഉറങ്ങിക്കഴിയുമ്പോൾ അടുത്തുവന്നിരുന്നു തലയിൽ തലോടി പുതപ്പിച്ചു പോകും. ഞാൻ അറിയാത്തപോലെ കിടക്കും. ഞാൻ പറയാതെ എന്റെ മനസ്സ് അച്ഛനറിയാം. അച്ഛനെ എത്ര സ്നേഹമാണോ അത്ര പേടിയുമാണെനിക്ക്. 

അച്ഛൻ വളരെ ചെറുപ്പത്തിൽതന്നെ എന്നിൽ ലക്ഷ്യബോധം സൃഷ്ടിച്ചു. ഭയമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചു. ബുദ്ധിയുള്ള പെൺകുട്ടി ആവാൻ ഉപദേശിച്ചു. എന്നിൽ ഇച്ഛാശക്തി വളർത്തിയെടുത്തു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതൊക്കെ ആയിത്തീരാനും എനിക്ക് സാധിച്ചു. അതായിരുന്നു രണ്ടു പേരുടെയും സന്തോഷം. ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ഏക അഭിപ്രായവ്യത്യാസം, ഞാൻ ഒരു സർക്കാർ ജോലി നേടണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്, പക്ഷേ ഞാൻ തിരഞ്ഞെടുത്തത് ബിസ്സിനസ്സും. അവിടെയും എനിക്ക്  വിജയിക്കാനായതിനാൽ ആ പരിഭവവും തീർന്നു.

ഞാൻ വീട്ടിൽനിന്നു പോന്ന ശേഷം അച്ഛനാണ് രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കുന്നത്. ദിവസവും ഒരുപാടു വട്ടം വിളിക്കും. ഓരോ നേരവും ഞാൻ കഴിച്ചോ എന്നു ചോദിച്ചതിനു ശേഷമേ കഴിക്കാറുള്ളു. ഞാൻ എവിടെ ആയിരുന്നാലും എന്നെ നിയന്ത്രിക്കുന്ന ചരട് അച്ഛന്റെ കൈയിലായിരുന്നു. വീട്ടിൽനിന്നു ഞാൻ മാറി നിന്നത് അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 

ഞാൻ ജോലിചെയ്താണ് പഠിച്ചത്. എനിക്കു പലതരം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ആ കാലത്ത്. അപ്പോഴൊക്കെ അച്ഛൻ ഒരുപാട് വിഷമിച്ചിരുന്നു. എന്റെ ലക്ഷ്യങ്ങളിൽനിന്നു ഞാൻ മാറിയില്ല. എന്നെക്കാളും ഞാൻ അച്ഛനെയാണ് സ്നേഹിച്ചത്. അച്ഛന്റെ സന്തോഷങ്ങൾക്കു വേണ്ടിയാണ് ഞാൻ എല്ലാം നേടിയത്. ഇന്നത്തെ ഞാൻ ആയത്. 

തന്മാത്ര എന്ന ലാലേട്ടൻ ചിത്രത്തിലൂടെയേ മിക്ക മലയാളികൾക്കും അൽസ്ഹൈമേഴ്സ് എന്ന അവസ്ഥയുടെ ഭീകരത അറിയൂ. ഓർമയുടെ ഇതളുകൾ ഊർന്നു പോകുക, വാടിപ്പോകുക അതാണ് അവസ്ഥ. രോഗി അറിയുന്നില്ല. "realative illness" എന്നതാണ് വാസ്തവം. ഞാൻ യുവ സംരംഭക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് അച്ഛന് സുഖമില്ലെന്ന് അറിയുന്നത്. ഏതൊരു അസുഖവും മാറും എന്ന വിശ്വാസത്തിൽ ആണ് ചികിൽസിക്കുന്നത്. പക്ഷേ ഡിമെൻഷ്യ അങ്ങനെയല്ല.. അത് progress ചെയ്തു വരും. കാര്യമായ preventing മെഡിസിൻ ഇല്ല. 

ആദ്യമൊക്കെ ചെറിയ ചെറിയ ഓർമപ്പിശകുകൾ. ടെൻഷൻ, സ്ഥിരം ചെയ്തിരുന്ന കാര്യങ്ങൾ മറന്നു പോകുക, സാധനങ്ങൾ മറന്നു വയ്ക്കുക, രാത്രി ഉറക്കം കുറയുക, ശ്രദ്ധക്കുറവ്. ആദ്യം കേൾവിക്ക് എന്തെങ്കിലും തകരാർ ഉണ്ടോ എന്നാണ് നോക്കിയത്.. പക്ഷേ കുഴപ്പമുണ്ടായില്ല. പിന്നെ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു എംആർഐ എടുത്തു. വേറെ കുറച്ചു ടെസ്റ്റ്ുകൾ എടുത്ത ശേഷം ഡോക്ടർ വളരെ നിർവികാരമായാണ് എന്നോട് ഇതു പറഞ്ഞത്. അച്ഛന്റെ സഹോദരൻ ഡോ. സത്യൻ കൊച്ചച്ചനെ വിളിച്ചു. ‘സപ്പോർട്ടിങ് മെഡിസിൻ ഒക്കെ എടുത്തു കൊണ്ടിരിക്കണം, എന്നാലും പതുക്കെ ഇതു ഡെവലപ് ചെയ്തു വരും. മോള് വിഷമിക്കണ്ട’ എന്നു പറഞ്ഞു. അതൊരു ഞെട്ടൽ ആയിരുന്നു. അപ്പോഴത്തെ എന്റെ പ്രായം കൂടി ആലോചിക്കണം. ഡിസൈനർ ആയി നല്ല തിരക്കുള്ള സമയം. അമ്മയ്ക്ക് ഒറ്റക്ക് നോക്കാൻ കഴിയില്ല. അതുകൊണ്ട് അച്ഛനെ എറണാകുളത്തേക്കു കൊണ്ടുവന്നു. അസുഖവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം എടുത്തു. അച്ഛൻ എന്റെ അടുത്ത് വന്നപ്പോൾ വൈകാരികമായി സുരക്ഷിതനായെന്നുതോന്നി. തുടക്കത്തിൽ, ഇടയ്ക്ക് ഓർമ വരുമ്പോൾ പറയും ‘അച്ഛന് ഓർമപ്പിശക് ഉണ്ട്’. ഞാൻ പറയും, സാരമില്ല, അച്ഛന്റെ പുന്നാരമോൾ ഉണ്ടല്ലോ എന്ന്... 

എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുറച്ചു കുട്ടികൾ കുറച്ചുകാലം  ഞങ്ങളുടെ കൂടെ ആണ് താമസിച്ചിരുന്നത്. അവരുമായി പെട്ടെന്ന് ഇണങ്ങി. അവരും പൊന്നുപോലെ നോക്കുമായിരുന്നു. അച്ഛന്റെ അസുഖത്തിന്റെ ഭാഗമായി സിസ്‌റ്റം മാറ്റിക്കൊണ്ടേയിരിക്കേണ്ടി വന്നു. ഇത്രയും ആളുകൾ ഉണ്ടായിട്ടും കണ്ണ് തെറ്റിയാൽ പലപ്പോഴും ഇറങ്ങിപ്പോകും. ഓരോ സമയത്തും ഓരോ സ്വഭാവം. പതുക്കെ രണ്ടു വയസ്സുള്ള കുട്ടിയെപ്പോലെയായി. ചിലപ്പോൾ വല്ലാത്ത വാശി, ചിലപ്പോൾ കുസൃതി, ചിലപ്പോൾ കൊഞ്ചൽ, ചിലപ്പോൾ ദേഷ്യം, ചിലപ്പോൾ സങ്കടം. കൊച്ചുകുഞ്ഞിനെ നോക്കുന്നതുപോലെ പുറകെ നടന്നു നോക്കണം. കണ്ണ് തെറ്റിയാൽ തീർന്നു. രാത്രി ഉറക്കം ഇല്ല. രാത്രി സ്വപ്നത്തിൽ കാണുന്ന കാഴ്ചകളും ടിവി യിൽ കാണുന്നതും പഴയതും പുതിയതുമായുള്ള ഓർമകളും എല്ലാംകൂടി ഒന്നായി തീർന്നു. അച്ഛൻ വളരെ സ്വാതന്ത്ര്യത്തോടെ സന്തോഷമായിരുന്നു. 

ഭക്ഷണം കഴിപ്പിക്കണം, ഷേവ് ചെയ്യണം, കുളിപ്പിക്കണം, വാഷ് റൂമിൽ കൊണ്ടുപോണം, വസ്ത്രം മാറ്റണം, മരുന്ന് കഴിപ്പിക്കണം, ഉറക്കണം ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്തിരുന്നത്. ഓരോന്നിനും മണിക്കൂറുകൾ വേണ്ടി വന്നു. എന്റെ ഉറക്കവും ജോലിയുമടക്കം അവതാളത്തിൽ ആയി. എന്റെ ശാരീരികനിലയെയും മാനസികനിലയെയും ബാOf;d;g. ചിലപ്പോൾ അച്ഛൻ വല്ലാതെ ഹൈപ്പർ ആക്ടീവ് ആകും. തോന്നുന്ന സ്ഥലത്തു മൂത്രം ഒഴിക്കും. കണ്ണിൽ കണ്ടതൊക്കെ എടുക്കും. ശ്രദ്ധിച്ചില്ലെങ്കിൽ തീയും കത്തിയും കൊണ്ട് കളിക്കും. കൈകാര്യം ചെയ്യാൻ ഞാൻ ബുദ്ധിമുട്ടി.

വല്ലാതെ പ്രശ്നമായപ്പോൾ പലരുടെയും നിർദ്ദേശപ്രകാരം  ARDCI ൽ എത്തപ്പെട്ടു. ഇങ്ങനെയുള്ള ആളുകള്‍ക്ക് സിസ്റ്റമാറ്റിക് കെയർ കൊടുക്കുന്ന ഒരു ഡേ കെയർ ആണ്. പെയ്ഡ് സർവീസ് ആണ്. രാവിലെ വന്നു കൊണ്ടുപോകും വൈകിട്ട് തിരിച്ച് അയയ്ക്കും. ഒന്നര വർഷം അവരുടെ സർവീസ് കിട്ടി. വളരെ സപ്പോർട്ടീവ് ആയിരുന്നു ARDCI. അവിടെയുള്ള മറ്റു രോഗികളുടെ കുടുംബാംഗങ്ങളോടും ഡോക്ടർമാരോടുമൊക്കെ സംസാരിച്ചും ഇന്റർനെറ്റ് പരതിയും രോഗത്തെപ്പറ്റി കൂടുതൽ അറിഞ്ഞു

ADRCI ആണ് സൈക്യാട്രി മെഡിസിൻ നിർബന്ധപൂർവം എടുപ്പിച്ചത്. അതു വേണ്ടിയിരുന്നില്ലെന്ന് പിന്നീടു തോന്നിയിട്ടുണ്ട്. അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടായി. അവശതകൾ കൂടി വന്നു. ഹാർട്ട് അറ്റാക്കും ഫിറ്റ്സും വന്നു. ഇടയ്ക്ക് കിടപ്പിലായി. ഒരുപാട് പ്രാവശ്യം ഐസിയുവിൽ വരെ കിടന്നിട്ടുണ്ട്. ഡോക്ടർമാർക്കു പോലും ഒരു ഡിമെൻഷ്യ രോഗിയെ മറ്റൊരു രോഗം വന്നു കൊണ്ടുചെല്ലുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വലിയ ഐഡിയ ഇല്ല. ഡോക്ടർമാർ, കുടുംബാംഗങ്ങൾ, ഈ സമൂഹം മുഴുവനും ഡിമെൻഷ്യ സൗഹൃദം ആവണം. അതാണ് എന്റെ ആഗ്രഹം 

ഭക്ഷണം കണ്ടാലും കഴിക്കാനറിയില്ല, വാരിക്കൊടുക്കണം. പിന്നീട്, വായിൽ ഉള്ള ഭക്ഷണം ഇറക്കാൻ മറന്നു, നടക്കാൻ മറന്നു. അഡൽറ്റ് ഡയപ്പർ ആണ് ഉപയോഗിച്ചിരുന്നത്. എന്റെ മുഴുവൻ സമയവും അച്ഛനു വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നു. പക്ഷേ അച്ഛൻ നല്ല സന്തോഷത്തിൽ ആയിരുന്നു. എന്റെ പേരൊഴികെ എല്ലാം മറന്നു. കുഞ്ഞിനെപ്പോലെയായി. എന്റെ മടിയിൽ വന്നിരിക്കും, കൊഞ്ചും. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. ഒരുപാട് ഓമനപ്പേരുകൾ വിളിക്കും. കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കും. ഹെൽത്തി ഡയറ്റ് കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. ദിനചര്യ ശ്രദ്ധിച്ചു. അറ്റ്മോസ്ഫിയറിക് ടെംപറേച്ചർ ഉൾപ്പടെ അവർ കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം ഭംഗി ഉള്ളതായിരിക്കണം. ചെറിയ വ്യായാമങ്ങൾ ചെയ്യിച്ചു. ഗുരുവായൂർ, വൈക്കം മഹാദേവക്ഷേത്രമുൾപ്പടെ അടുത്തുള്ള ഒരുപാട് അമ്പലങ്ങളിൽ കൊണ്ടുപോയി. പാർക്കിലും ബീച്ചിലും നല്ല റസ്റ്ററന്റുകളിലും കൊണ്ടുപോയി. എപ്പോഴും നല്ല വൃത്തിയിൽ ശരീരം നോക്കണം. ഒരു ശാരീരിക ബുദ്ധിമുട്ടുകളും പറയാൻ അവർക്ക് അറിയില്ല. ബോഡി ലാംഗ്വേജിൽ നിന്നു നമ്മൾ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെ വയ്ക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മാത്രമേ നമുക്ക് അവരെ കൊണ്ടുനടക്കാനാവൂ. 

അവസാനത്തെ ഒന്നര മാസം അമ്മ ഉണ്ടായിരുന്നു കൂടെ. അവസാനം എന്റെ മടിയിൽ കിടന്നാണ് പ്രാണൻ പോയത്. കുറച്ചുകാലം അച്ഛന്റെ വിശപ്പും ദാഹവും പ്രാണനും ഒക്കെയായി ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ സുകൃതം. അക്ഷരാർഥത്തിൽ ഞങ്ങൾ വേഷങ്ങൾ വച്ചു മാറി. എന്റെ അച്ഛന് എല്ലാ സൗകര്യങ്ങളോടും കൂടി സന്തോഷമുള്ള ഒരു വാർധക്യം സമ്മാനിക്കാൻ കഴിഞ്ഞതാണ് ഞാൻ എന്ന വ്യക്തിയുടെ ഏറ്റവും വലിയ സംതൃപ്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com