ADVERTISEMENT

സിക ഒരു വൈറസ് രോഗമാണ്. കൊതുകുകളാണ് രോഗാണു വാഹകർ. കൊതുകുകളെ കൂടാതെ ലൈംഗികബന്ധത്തിൽ കൂടിയും ഈ വൈറസ് പകരാം. ഇത് മരണകാരണമാകുന്നില്ലെങ്കിലും കുട്ടികളിലും മുതിർന്നവരിലും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗൗരവമുള്ളവയാണ്. മാത്രവുമല്ല അമേരിക്ക ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇത് വ്യാപിക്കുകയും ചെയ്തു. കുറച്ചു വർഷത്തെ ചരിത്രമേ സികയ്ക്ക് ഉള്ളൂവെങ്കിലും അത് സംഭവബഹുലമാണ്. 

സിക വൈറസ് രോഗത്തിന് ഈ പേര് ലഭിച്ചതിനു പിന്നിലെ സംഭവത്തിൽ നിന്നു തുടങ്ങുന്നു ചരിത്രം. 1947 ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെ കുറിച്ച് ഗവേഷണം നടത്തിയിരുന്ന ശാസ്ത്രജ്ഞന്മാരാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത്. അവിടെയുള്ള സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. വനത്തിന്റെ  പേരാണ് ഈ വൈറസിന് നൽകിയത്. 1952–ൽ ആണ് ആദ്യമായി മനുഷ്യരിൽ സികരോഗം സ്ഥിരീകരിച്ചത്. അത് നൈജീരിയയിലായിരുന്നു. അതിനുമുമ്പും രോഗം ഉണ്ടായിരുന്നിരിക്കാം. മറ്റു പല രോഗങ്ങളോടും ലക്ഷണങ്ങൾക്ക് സാമ്യമുള്ളതിനാൽ രോഗനിർണയം നടന്നില്ലെന്നു മാത്രമേ ഉള്ളൂ. അതിനുശേഷം ആഫ്രിക്ക, തെക്കൻ ഏഷ്യ, ഭൂമധ്യരേഖയ്ക്ക് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം സിക റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷേ, അവിടെ ഒന്നും രോഗം പടർന്നു പിടിച്ചില്ല. 2007–ൽ മൈക്രോനേഷ്യയിലാണ് സിക ആദ്യമായി ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ വ്യാപിച്ചത്. 

ഏഴു വർഷങ്ങൾക്കു ശേഷം 2014–ൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി രോഗമെത്തിയത് ബ്രസീലിലാണ്. അവിടെ രോഗം വ്യാപകമായി പടർന്നു പിടിച്ചു. സിക വൈറസിന്റെ ഏറ്റവും ഗുരുതര ആരോഗ്യപ്രശ്നമായ മൈക്രോസെഫാലി (Microcephaly) തലച്ചോറിന് വളർച്ച കുറവുണ്ടായി ചുരുങ്ങിയ തലയോട്ടിയുമായി കുഞ്ഞ് ജനിക്കുന്ന അവസ്ഥയുമായി

4000– ൽ അധികം കുട്ടികളാണ് പിറന്നതത്രേ! ബ്രസീലിൽ രോഗമെ‌ത്തിയതിനെപ്പറ്റിയുള്ള രസകരമായ അറിവ് ഇങ്ങനെ 2014 ൽ അവിടെ നടന്ന ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാനെത്തിയ വിദേശികളിൽ നിന്നാണത്രേ രോഗം പകർന്നത്. അധികം താമസിയാതെതന്നെ തെക്കെ അമേരിക്ക, വടക്കെ അമേരിക്ക തുടങ്ങി 25–ഓളം രാജ്യങ്ങളിൽ രോഗം വ്യാപിച്ചു. 2016–ൽ സിക വൈറസ് അമേരിക്കയിലെങ്ങും ചരിത്രത്തിൽ ഇന്നേ വരെയുള്ള ഏറ്റവും വ്യാപകമായ രീതിയിൽ പടർന്നു പിടിക്കുന്നു. ഇതോടെ രോഗത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. 

അമേരിക്കൻ വന്‍കരയിൽ നിന്നും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും രോഗം വ്യാപിച്ചു. ബ്രിട്ടൺ. ഡെന്മാർക്ക്, നെതർലൻഡ് എന്നിവിടങ്ങളിലെല്ലാം സിക എത്തി. ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഏഷ്യൻ രാജ്യങ്ങളിൽ സിക പടരാൻ കൂടുതൽ സാധ്യതയുണ്ട്. ഇന്ത്യയിൽ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ, ഗുജറാത്തിലെ അഹമ്മദാബാദ് എന്നിവിടങ്ങളിൽ സിക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 നവംബറിൽ 157 പേർക്ക് സിക ബാധിച്ചവരിൽ 63 സ്ത്രീകൾ ഗർഭിണികളാണ്. 

സികയ്ക്ക് എതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ലോകരാഷ്ട്രങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ 2016 ഫെബ്രുവരി രണ്ടിന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com