ഇവൾ അൻവിതാ, വയസ്സ് ഒന്നര ; കാൻസറിന്റെ യഥാർത്ഥ പോരാളി
Mail This Article
കാൻസർ എന്ന വിപത്തിനോട് സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച പല വ്യക്തികളെയും സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും പ്രായത്തിന്റെയും തിരിച്ചറിവിന്റെയും പക്വതയെ മുൻനിർത്തിയാണ് കാൻസറിനെ പൊരുതി തോൽപ്പിച്ചിട്ടുള്ളത്. എന്നാൽ വിധിയുടെ മുന്നിൽ മുട്ടുമടക്കാൻ മനസ് കാണിക്കാത്ത ഈ പോരാളികൾക്ക് മുന്നിൽ വ്യത്യസ്തയാകുകയാണ് ചേർത്തല സ്വദേശിയായ അൻവിതാ. കേവലം ഒന്നര വയസ്സ് മാത്രമാണ് അൻവിതയുടെ പ്രായം. എന്നാൽ ഈ പ്രായത്തിനിടക്ക് കഴിഞ്ഞത് 12 കീമോ, 6 ലേസർ 6 ക്രയോ. അൻവിതാ എന്ന കുഞ്ഞു - വലിയ പോരാളിയുടെ കഥയിങ്ങനെ..
ചേർത്തല സ്വദേശിയായ വിനീതിന്റേയും ഗോപികയുടെയും രണ്ടു പെൺമക്കളിൽ രണ്ടാമത്തെയാളാണ് അൻവിതാ. ചേച്ചി അലംകൃതക്ക് സന്തോഷത്തിന്റെ പെരുമഴ സമ്മാനിച്ചുകൊണ്ട് ജനിച്ച കുഞ്ഞനുജത്തി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്റ്റോമ എന്ന വില്ലൻ അൻവിതയിൽ രൂപമെടുത്തിരുന്നു. കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ഒരു കാൻസറാണ് റെറ്റിനോ ബ്ലാസ്‌റ്റോമ. ഇതൊരു ജനിതക രോഗമാണ്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒന്ന് പാരമ്പര്യമായ പ്രശ്നങ്ങളും രണ്ടാമത്തേത് ക്രോമോസോം 13ൽ മ്യൂട്ടേഷൻ ഉണ്ടായി കണ്ണുകളെ ബാധിക്കുന്നതുമാണ്. RB1 ജീൻ മ്യൂട്ടേഷൻ കാരണമാണ് റെറ്റിനോ ബ്ലാസ്റ്റോമ വരുന്നത്. ഇത് രണ്ടു തരത്തിൽ വരാം. പാരമ്പര്യമായി പകർന്നു കിട്ടുന്നതും പാരമ്പര്യേതരവും.
പലപ്പോഴും ഈ രോഗം കണ്ടെത്താൻ വൈകുന്നു എന്നതാണ് അവാസ്തവം. എന്നാൽ അൻവിതയുടെ കാര്യത്തിൽ വിധി മറിച്ചായിരുന്നു. രണ്ടാം മാസത്തിൽ വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ കറുത്ത കുത്തുകളയായി കാൻസർ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഉടൻ തന്നെ വിദഗ്ധ ചികിത്സ ആരംഭിച്ചു. ഹൈദരാബാദിലെ എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു ചികിത്സ. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു. എന്നാൽ രോഗം മാറി എന്ന വാർത്തയല്ല, പൂർവാധികം ശ്കതമായി എന്ന വാർത്തയാണ് ചെക്കപ്പിൽ അറിയാൻ കഴിഞ്ഞത്.
എന്തുതന്നെ വന്നാലും ചികിത്സയുമായി മുന്നോട്ട് പോകാനായിരുന്നു അച്ഛൻ വിനീതിന്റേയും 'അമ്മ ഗോപികയുടെയും തീരുമാനം. മാനസികമായി ഏറെ തകർന്ന അവസ്ഥയിലും കുഞ്ഞു അൻവിയുടെ ചിരി മാതാപിതാക്കൾക്ക് പ്രതീക്ഷയേകി. ഏറെ പണച്ചെലവുള്ള ചികിത്സയായിരുന്നു നടത്തേണ്ടത്. കൈയിലെ പണം ഒന്നിനും തികയാതെ മാനസികമായി മാതാപിതാക്കൾ തകർന്നു.
എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ വിനീതിന് താങ്ങായത് ഒമാനിൽ ഉള്ള സുഹൃത്തുക്കളും കിങ്ങിണിക്കൂട്ടം, അതിജീവനം തുടങ്ങിയ സംഘടനകളുമാണ്. കാൻസർ അതിജീവനത്തിന്റെ മുഖമായി മാറിയ നന്ദു മഹാദേവ നൽകിയ പിന്തുണയും ഒരിക്കലും മറക്കാനാവില്ലെന്ന് അൻവിതയുടെ അച്ഛനായ വിനീത് പറയുന്നു.
''ഇപ്പോൾ ആകെക്കൂടി 12 കീമോ, 6 ലേസർ 6 ക്രയോ എന്നിവ കഴിഞ്ഞു. ഓരോ തവണ ചെയ്യുമ്പോഴും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുന്നുണ്ട്. പൂർണമായും ഭേദമായിട്ടില്ല. വീണ്ടും വീണ്ടും വരുന്നുണ്ട്. ചികിത്സ തുടങ്ങുമ്പോൾ മോളുടെ കണ്ണിൽ 27 സ്പോട്ട് ആണ് ഉണ്ടായിരുന്നത്. ആറ് കീമോ എടുത്തശേഷം ഒരുമാസത്തെ ഇടവേളയിട്ട് പരിശോധിച്ചപ്പോൾ 12 പുതിയ സ്പോട്ടുകൾ കൂടി കണ്ടെത്തി. പിന്നീട് ആറ് കീമോ കൂടി എടുത്തു. അപ്പോൾ സ്പോട്ട് 5 എണ്ണമായി ചുരുങ്ങി. അത്രയുമായപ്പോൾ ഡോക്റ്റർ ഇനി കീമോ വേണ്ട ലേസറും ക്രയോയും ചെയ്‌താൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ നിലവിൽ ഒന്ന്, രണ്ട് സ്പോട്ടുകൾ മാത്രമാണുള്ളത്. ചികിത്സ ഇപ്പോഴും തുടരുന്നു. ആറ് ആഴ്ച കൂടുമ്പോൾ ഹൈദരാബാദ് പോയിട്ടാണ് ലേസർ ചെയ്യുന്നത്. പൂർണമായും ഭേതദപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ട് പോകുന്നത്'' വിനീത് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ആദ്യ കാലങ്ങളിൽ കുഞ്ഞിന് കാൻസറാണ് എന്ന് പുറത്ത് പറയാൻ ഈ മാതാപിതാക്കൾക്ക് പേടി ആയിരുന്നു. പക്ഷേ ഇപ്പോൾ മനസിലായി അൻവിതയെ പോലുള്ള പോരാളികൾ വീടിനുള്ളിൽ ഒതുങ്ങി കൂടുകയല്ല ... സമൂഹത്തിൽ അവര് അറിയപ്പെടണം. മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും ആവണം. സിംപതി അല്ല വേണ്ടത് ധൈര്യം കൊടുക്കേണ്ട മനസുകളാണ്. അതിനാലാണ് വിനീത് അൻവിതയുടെ ചെറുത്ത് നിൽപ്പിന്റെ കഥ ചില സാമൂഹ്യമാധ്യമ കൂട്ടായ്മകളിൽ പങ്കുവച്ചത്.
റെറ്റിനോ ബ്ലാസ്റ്റോമ എന്ന ഭീകരനെ വേരോടെ പിഴുതെറിയാൻ ഈ മാസം 29 ന് വിനീതും ഗോപികയും അൻവിതക്കൊപ്പം ഹൈദരാബാദിലേക്ക് പോകും. പൂർണസൗഖ്യം പ്രാപിച്ച് ഈ കുഞ്ഞു പോരാളി തിരിച്ചെത്താൻ ഈ മാതാപിതാക്കൾ ആവശ്യപ്പെടുന്നത് എല്ലാവരുടെയും പ്രാർത്ഥന ഒന്നുമാത്രമാണ്.
English Summary: Retinoablastoma fighter Anvitha