കാൻസറിനെ തോൽപിച്ച് ഇവർ ഒന്നായിട്ട് ഒരു വർഷം; ഓർമക്കുറിപ്പുമായി നന്ദു
Mail This Article
കാൻസർ എന്നു കേൾക്കുമ്പോൾ എല്ലാം തകർന്നെന്നും ജീവിതം അവിടംകൊണ്ടു തീർന്നെന്നും വിശ്വസിക്കുന്നവർ അറിയണം നീതുവിനെയും വേദ്കിരണിനെയും. ഇന്ന് അവരുടെ ഒന്നാം വിവാഹവാർഷികമാണ്. കാൻസറിനെ അതിജീവിച്ച് വിവാഹിതയായ നീതുവിനും ഭർത്താവ് വേദ്കിരണിനും ആശംസകളുമായി എത്തിയിരിക്കുകയാണ് നന്ദു മഹാദേവ.
ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത്. ഇതൊരപൂർവ കഥയാണ്. കാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ.
ഇത് നീതു വേദ്കിരൺ. അതിജീവനം കുടുംബത്തിലെ രാജകുമാരി. യൗവനകാലത് പിടികൂടിയ കാൻസറിനെ കീമോ കൊണ്ടും റേഡിയേഷൻ കൊണ്ടും പൊരുതി തോല്പിച്ചവൾ
എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോഴാണ് കല്യാണം കഴിക്കാൻ മാട്രിമോണിയൽ കോളത്തിൽ റജിസ്റ്റർ ചെയ്തത്. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താൻ ഒരു കാൻസർ സർവൈവർ ആണെന്ന്. കള്ളം പറഞ്ഞ് ഒന്നും നേടരുത് എന്നു ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്.
അവളെപ്പോലും അദ്ഭുതപ്പെടുത്തി ഒരു പാട് ആലോചനകൾ വന്നു. അപ്പോഴും അവൾക്കൊരു നിർബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാൾ ആയിരിക്കരുത് തന്റെ കൂടെ എന്ന്.
അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്. സംസാരിച്ചപ്പോൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാൻ ആ കുടുംബത്തിലെ എല്ലാവർക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വർഷം.
ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം. സന്തോഷത്തോടെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ സത്യത്തിൽ കാൻസർ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.
ഒരായിരം പേർക്ക് ആത്മവിശ്വാസം നൽകാൻ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി. എല്ലാത്തിനെയും തോൽപിച്ച് ഇവളെ ചേർത്തു പിടിക്കാൻ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്.
മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേർത്ത് പിടിക്കലുകൾ. കൂട്ടിനു ഞാനുണ്ട് അല്ലേൽ ഞങ്ങളുണ്ട് എന്ന വാക്കുകൾ. ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം ഇങ്ങനെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
രണ്ടാൾക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകൾ. പ്രിയമുള്ളവരുടെ ആശംസകളും പ്രാർത്ഥനകളും ഒപ്പമുണ്ടാകണം.
English Summary: Cancer suviovor Neethu's wedding annivesary